മലയോരത്തിന്റെ ആശങ്ക

Posted on: August 29, 2014 6:00 am | Last updated: August 29, 2014 at 12:51 am

SIRAJ.......ഗാഡ്ഗില്‍ ശിപാര്‍ശകള്‍ ഉപേക്ഷിച്ചെങ്കിലും കസ്തൂരി രംഗന്‍ ശിപാര്‍ശകള്‍ നടപ്പാക്കുമെന്ന് ദേശീയ ഹരിത ട്രൈബ്യണല്‍ മുമ്പാകെ മോദി സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതോടെ സംസ്ഥാനത്തെ മലയോര നിവാസികളുടെ ചങ്കിടിപ്പ് വര്‍ധിച്ചിരിക്കയാണ്. ഗാഡ്ഗിലിനെ അപേക്ഷിച്ചു പരിസ്ഥിതി ലോല പ്രദേശങ്ങളുടെ വിസ്തീര്‍ണം കസ്തൂരിരംഗന്‍ സമതി വലിയ തോതില്‍ വെട്ടിക്കുറച്ചിട്ടുണ്ടെങ്കിലും, ഈ റിപ്പോര്‍ട്ട് പ്രകാരവും പരിസ്ഥിതിലോല മേഖലയായി (ഇ എസ് എ) കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പ്രഖ്യാപിച്ച കേരളത്തിലെ 123 വില്ലേജുകളില്‍ നല്ലൊരു ഭാഗം ജനവാസ കേന്ദ്രങ്ങളാണ്. മേല്‍ പ്രദേശങ്ങളെ അപ്പടി പരിസ്ഥിതി ലോല പ്രദേശങ്ങളായി നിജപ്പെടുത്തിയാല്‍ ഇവിടുത്തെ ജനജീവിതം ദുസ്സഹമാകും. ഇടുക്കി ജില്ലക്കാരെയാണ് ഇത് കൂടുതലായി ബാധിക്കുക. ഇടുക്കിയിലെ 11.06 ലക്ഷം വരുന്ന ജനസംഖ്യയില്‍ 75 ശതമാനവും കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ കാണിച്ച ഇ എസ് ഐ മേഖലയില്‍ ഉള്‍പ്പെട്ടവരാണ്. വിവിധ ഇനം വിളകള്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള റിപ്പോര്‍ട്ടിലെ നിര്‍ദേശം മേഖലയിലെ കര്‍ഷകരെയും പ്രതികൂലമായി ബാധിക്കും.
ജനവാസ കേന്ദ്രങ്ങളെ ഇ എസ് ഐ മേഖലയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ പ്രതിഷേധം രൂക്ഷമായപ്പോള്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ ഭേദഗതികള്‍ നിര്‍ദേശിക്കാനായി ജൈവ വൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ഉമ്മന്‍ വി ഉമ്മന്‍ അധ്യക്ഷനായി മൂന്നംഗ സമിതിയെ സംസ്ഥാന സര്‍ക്കാര്‍ നിയമിക്കുകയും 105 വില്ലേജുകളെ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പട്ടികയില്‍ നിന്നു ഒഴിവാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ട് സമിതി തയാറാക്കുകയും ചെയ്തിരുന്നു. സംസ്ഥാനത്ത് 18 വില്ലേജുകള്‍ മാത്രമേ അതീവ സംരക്ഷണം അര്‍ഹിക്കുന്ന പരിസ്ഥിതി ലോല പ്രദേശങ്ങളുള്ളൂവെന്നാണ് സമിതിയുടെ കണ്ടെത്തല്‍. ഉമ്മന്‍ വി ഉമ്മന്‍ സമിതി റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് സമര്‍പ്പിച്ചെങ്കിലും, ഇത് പരിഗണിക്കപ്പെടുമോ എന്ന കാര്യം ഇപ്പോഴും അവ്യക്തമാണ്. കേരളം നിര്‍ദേശിച്ച ഭേദഗതികള്‍ക്ക് അംഗീകാരം ലഭിച്ചുവെന്നും മലയോര മേഖലക്കാരുടെ ആശങ്കക്ക് പരിഹാരമായെന്നുമായിരുന്നു സംസ്ഥാന സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള കരട് വിജ്ഞാപനം മാര്‍ച്ച് 18ന് പ്രസിദ്ധീകരിച്ചിരുന്നവെന്നത് ശരിയാണ്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലാണ് കേരളം മുന്നോട്ടുെവച്ച എല്ലാ ആവശ്യങ്ങളും അംഗീകരിച്ചു കൊണ്ടുള്ള വിജ്ഞാപനം വന്നത്. പരിസ്ഥിതിലോല പ്രദേശങ്ങളും 123 വില്ലേജുകളുടെ അതിര്‍ത്തിയും പുനര്‍നിര്‍ണയിക്കുമെന്നും കരടിലുണ്ടായിരുന്നു. എന്നാല്‍ മാര്‍ച്ച് 24ന് കേന്ദ്ര സര്‍ക്കാര്‍ ടെബ്യൂണലില്‍ അറിയിച്ചത് 123 വില്ലജുകള്‍ പരിസ്ഥിതി ദുര്‍ബലപ്രദേശങ്ങളായി പ്രഖ്യാപിച്ച 2013 നവംബര്‍ 13ലെ ഉത്തരവ് നിലനില്‍ക്കുമെന്നാണ്. കേരളത്തിന് മാത്രമായി റിപ്പോര്‍ട്ടില്‍ ഇളവ് നല്‍കിയതിനെ െ്രെടബ്യൂണല്‍ വിമര്‍ശിക്കുകയും മുന്‍കൂര്‍ അനുമതി വാങ്ങാതെ കേരളത്തിന് കരട് വിജ്ഞാപനത്തില്‍ ഇളവുകള്‍ നല്‍കിയതിനെ ചോദ്യം ചെയ്യുകയുമുണ്ടായപ്പോഴാണ് കേന്ദ്രം പഴയ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായി വെളിപ്പെടുത്തിയത്. ഇതോടെ കരട് വിജ്ഞാപനത്തിലെ കേരളത്തിന് വേണ്ടിയുള്ള ഇളവുകള്‍ തട്ടിപ്പും പൊതു തിരഞ്ഞെടുപ്പിനെ ലാക്കാക്കിയുള്ള തന്ത്രവുമാണെന്ന ആക്ഷേപം ഉയരുകയുണ്ടായി. മാത്രമല്ല, കേരളത്തിന്റെ ആവശ്യങ്ങളോട് മുന്‍ സര്‍ക്കാര്‍ അനുഭാവം കാണിച്ചിരുന്നെങ്കില്‍ തന്നെയും പുതിയ സര്‍ക്കാര്‍ അതിന് സന്നദ്ധമാകണമെന്നില്ല. പൊതു തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ പാടേ തഴഞ്ഞ സംസ്ഥാനമെന്ന നിലയില്‍ കേരളത്തോട് ചിറ്റമ്മ നയമാണ് മോദി സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്.
ജൈവ വൈവിധ്യ മേഖലയെ സംരക്ഷിക്കേണ്ടത് മനുഷ്യന്റെ നിലനില്‍പിന് അനിവാര്യമാണ്. അതീവ പ്രാധാന്യമര്‍ഹിക്കുന്ന പശ്ചിമഘട്ടം പോലുള്ള പ്രദേശങ്ങളെ ഭൂ, ഖനന മാഫിയകളുടെ കൈയേറ്റങ്ങളില്‍ നിന്നു രക്ഷിക്കാന്‍ നിയമങ്ങള്‍ ആവിഷ്‌കരിക്കേണ്ടതുമുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളെയും കൂടിയ പ്രദേശങ്ങളെയും ഒരുപോലെ കാണരുത്. കേരളം പോലെ ജനസന്ദ്രത വര്‍ധിച്ച പ്രദേശങ്ങളില്‍ നിയമങ്ങളില്‍ ഇളവുകളും വിട്ടുവീഴ്ചകളും ആവശ്യമായി വരും. അതേസമയം ജനവികാരം മാനിച്ചു നല്‍കുന്ന ഇളവുകള്‍ മാഫിയകളും സാമൂഹിക ദ്രോഹികളും ചൂഷണം ചെയ്യാതിരിക്കാനുള്ള മുന്‍കരുതലുകളും ജാഗ്രതയും സ്വീകരിക്കുകയും വേണം. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് അപ്പടി നടപ്പാക്കാന്‍ കേരളത്തില്‍ സാധ്യമല്ലെന്നിരിക്കെ, അക്കാര്യം കോടതികളെയും പുതിയ കേന്ദ്ര സര്‍ക്കാറിനെയും ബോധ്യപ്പെടുത്താനും ജനങ്ങളുടെ ആശങ്കയകറ്റാനുമുള്ള മാര്‍ഗങ്ങള്‍ സംസ്ഥാന ഭരണകൂടം കണ്ടെത്തേണ്ടതുണ്ട്.