Connect with us

Eranakulam

പകുതി ചെലവ് കേരളം വഹിക്കണം: സദാനന്ദഗൗഡ

Published

|

Last Updated

കൊച്ചി: റെയില്‍വേ പദ്ധതി ചെലവുകള്‍ പങ്കിടുന്ന ഇതരസംസ്ഥാനങ്ങളുടെ മാതൃക പിന്തുടരാന്‍ കേരളവും തയ്യാറാകണമെന്ന് റെയില്‍വേ മന്ത്രി സദാനന്ദ ഗൗഡ. അയല്‍സംസ്ഥാനമായ കര്‍ണാടക, റെയില്‍വേ പദ്ധതികളുടെ 50 ശതമാനം ചെലവ് വഹിക്കുകയും ഭൂമി സൗജന്യമായി നല്‍കുകയും ചെയ്യുന്നുണ്ടെന്നും ത്സാര്‍ഖണ്ഡ് 60 ശതമാനം ചെലവ് വഹിച്ച് ഭൂമി സൗജന്യമായി നല്‍കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിലെ റെയില്‍വേ പദ്ധതികളുടെ ചെലവിന്റെ 50 ശതമാനവും ഭൂമിവിലയും സംസ്ഥാനം വഹിക്കുന്ന കാര്യം പരിഗണിക്കണമെന്നാണ് മുഖ്യമന്ത്രിയോടും സംസ്ഥാന സര്‍ക്കാറിനോടും തനിക്ക് അഭ്യര്‍ഥിക്കാനുള്ളതെന്ന് അദ്ദേഹം പറഞ്ഞു. എറണാകുളം സൗത്ത് റയില്‍വേ സ്റ്റേഷനിലെ സന്ദര്‍ശനത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രത്യേക റെയില്‍വേ സോണ്‍ അനുവദിക്കണമെന്ന കേരളത്തിന്റെ ദീര്‍ഘകാലമായുള്ള ആവശ്യം ഇപ്പോള്‍ പരിഗണിക്കാനാകില്ലെന്നും ഉചിതമായ സമയത്ത് ആലോചിക്കാവുന്ന കാര്യമാണെന്നും അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ആന്ധ്ര സംസ്ഥാന വിഭജനവുമായിബന്ധപ്പെട്ട് പല കാര്യങ്ങളും റെയില്‍വേക്ക് നടപ്പാക്കാനുള്ളതിനാലാണ് ഇക്കാര്യം ഇപ്പോള്‍ പരിഗണിക്കാന്‍ കഴിയാത്തതെന്ന് അദ്ദേഹം വിശദീകരിച്ചു.
റയില്‍വേ കേരളത്തെ അവഗണിക്കുന്നു എന്ന വാദം ശരിയല്ല. കഴിഞ്ഞ തവണ 275 കോടി രൂപ അനുവദിച്ച സ്ഥാനത്ത് ഇപ്പോള്‍ ബുദ്ധിമുട്ടുകള്‍ക്കിടയിലും 350 കോടി രൂപയാണ് കേരളത്തിന് അനുവദിച്ചത്. തിരക്കു മൂലം കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കുന്നത് അടക്കമുള്ള പ്രശ്‌നങ്ങള്‍ തന്നെ സന്ദര്‍ശിച്ച കേരളത്തിലെ എം പിമാരുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. ഓണക്കാല തിരക്ക് പരിഗണിച്ച് പൂനെയില്‍ നിന്ന് കേരളത്തിലേക്ക് ഒരു ട്രെയിന്‍ സര്‍വീസ് നടത്തും. പുനെ മലയാളികളുടെ ആവശ്യം പരിഗണിച്ചാണ് ഈ നടപടിയെന്നും ആവശ്യമുണ്ടായാല്‍ ബംഗളൂരുവില്‍ നിന്ന് കൂടുതല്‍ സര്‍വീസുകള്‍ നടത്തുമെന്നും സദാനന്ദ ഗൗഡ അറിയിച്ചു. ഓണക്കാലത്ത് കേരളത്തിലേക്ക് വിവിധ സ്ഥലങ്ങളില്‍ നിന്ന് ആവശ്യമുയരുന്ന മുറക്ക് ട്രെയിനുകള്‍ ഓടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചെന്നൈയില്‍ നിന്നു തിരുവനന്തപുരത്തേക്കുള്ള രണ്ടു ജോഡി ട്രെയിനുകള്‍ ഇന്നലെ ആരംഭിച്ചു. ഒരു ജോഡി കൂടി ആരംഭിക്കും. ബംഗളൂരുവിനും തിരുവനന്തപുരത്തിനുമിടക്ക് നാല് ജോഡി പ്രീമിയം സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഓടിക്കും. ചെന്നൈയില്‍ നിന്ന് എറണാകുളത്തേക്കും മംഗലാപുരത്തേക്കും രണ്ട് ജോഡി വീതവും മംഗലാപുരത്തു നിന്ന് നാഗര്‍കോവിലിലേക്കും തിരുച്ചിറപ്പള്ളിയിലേക്കും ഓരോ ജോഡി വീതവും ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുമെന്നും മന്ത്രി പറഞ്ഞു.
കഞ്ചിക്കോട് റെയില്‍വേ കോച്ച് ഫാക്ടറിയുമായി ബന്ധപ്പെട്ട് നടപടികള്‍ ആരംഭിച്ചെങ്കിലും പദ്ധതി ഏറ്റെടുക്കാന്‍ ആരും മുന്നോട്ടുവന്നില്ലെന്നും അതിനാല്‍ പദ്ധതിയുടെ ഘടന സംബന്ധിച്ച് വീണ്ടും പരിശോധന നടത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
റെയില്‍വേയുടെ വരുമാനത്തിന്റെ 95 ശതമാനവും നിലവില്‍ പ്രവര്‍ത്തന ചെലവുകള്‍ക്കാണ് മാറ്റിവെക്കുന്നത്. റെയില്‍വേയുടെ പ്രവര്‍ത്തന ചെലവ് കുറക്കുന്നതടക്കമുള്ള കാര്യങ്ങള്‍ പഠിക്കാനായി നാല് വിദഗ്ധ സമിതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ടെന്നും അവ മൂന്നു മാസം കൊണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന്‍ സന്ദര്‍ശനശേഷം മന്ത്രി കേരളത്തിലെ റെയില്‍വേ പദ്ധതികളെ സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.
സംസ്ഥാനത്ത് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള സബര്‍ബന്‍ റെയില്‍വേ സര്‍വീസ് പൂര്‍ണ്ണമായും സംസ്ഥാന സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ളതായിരിക്കുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആദ്യം വ്യക്തമാക്കിയിരുന്നതെന്നും എന്നാല്‍ 50 ശതമാനം ചെലവ് റയില്‍വേ വഹിക്കണമെന്നാവശ്യമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നതെന്നും പറഞ്ഞ സദാനന്ദഗൗഡ, പൂര്‍ണമായും സംസ്ഥാന സര്‍ക്കാരിന്റെതാകണമെന്നാണ് തന്റെ അഭിപ്രായമെന്നും സബര്‍ബന്‍ റയില്‍വേയുടെ ഓപറേഷന്‍ ഉത്തരവാദിത്വം മാത്രം റെയില്‍വേ വഹിക്കുന്നതായിരിക്കുമെന്നും പറഞ്ഞു.

Latest