Connect with us

Kerala

മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്ന് വിജിലന്‍സ് കോടതി

Published

|

Last Updated

തിരുവനന്തപുരം: ടൈറ്റാനിയം മാലിന്യനിര്‍മാര്‍ജന പദ്ധതിയില്‍ അഴിമതിയാരോപിച്ച് സമര്‍പ്പിച്ച കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പ്രതിചേര്‍ത്ത് അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവ്. മുഖ്യമന്ത്രിക്ക് പുറമെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, പൊതുമരാമത്ത് മന്ത്രി വി കെ ഇബ്‌റാഹിംകുഞ്ഞ്, വ്യവസായ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയായി വിരമിച്ച ടി ബാലകൃഷ്ണന്‍, ടൈറ്റാനിയം മാനേജിംഗ് ഡയറക്ടര്‍ ആയിരുന്ന ഈപ്പന്‍ ജോസഫ്, പദ്ധതിയുടെ കരാര്‍ ലഭിച്ച മെക്കോണ്‍ ഇന്ത്യാ ലിമിറ്റഡ് ജനറല്‍ മാനേജര്‍ ഡി കെ ബസു തുടങ്ങി പതിനൊന്ന് പേരെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് ഉത്തരവ്.
ഉമ്മന്‍ ചാണ്ടിയെ കുറ്റവിമുക്തനാക്കിയും ഇടപാടില്‍ അഴിമതി നടന്നില്ലെന്നും കാണിച്ച് വിജിലന്‍സ് പോലീസ് നല്‍കിയ റിപ്പോര്‍ട്ട് തള്ളിയാണ് തിരുവനന്തപുരം വിജിലന്‍സ് ജഡ്ജി ജോസ് കെ ഇല്ലിക്കാടന്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.
കേരളത്തിലെ പ്രധാന പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നായ ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ മലിനീകരണ പ്ലാന്റ് പദ്ധതിയുമായി ബന്ധപ്പെട്ടാണ് ആരോപണം. ഇതില്‍ അഴിമതിയുണ്ടെന്നും മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്കും അന്ന് വ്യവസായ വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന വി കെ ഇബ്‌റാഹിംകുഞ്ഞിനും ഇതില്‍ പങ്കുണ്ടെന്നുമാണ് പരാതി. അന്ന് കെ പി സി സി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തലയും പദ്ധതി നടപ്പാക്കാന്‍ സമ്മര്‍ദം ചെലുത്തി. വിദേശത്ത് നിന്ന് 86 കോടിയുടെ ഉപകരണങ്ങളാണ് ഇറക്കുമതി ചെയ്തത്. പദ്ധതിക്ക് പിന്നിലെ അഴിമതിയെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ടൈറ്റാനിയം മുന്‍ ജീവനക്കാരനായ മണക്കാട് യമുന നഗര്‍ സ്വദേശി എസ് ജയനാണ് ഹരജി നല്‍കിയത്. പദ്ധതി നടപ്പാക്കിയത് വഴി കമ്പനിക്ക് 127 കോടി രൂപ നഷ്ടം സംഭവിച്ചെന്ന് ഹരജിക്കാരന്‍ ആരോപിച്ചു. നടപ്പാക്കാത്ത പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി ഫീസായി മൂന്ന് കോടി രൂപ നല്‍കി.
2005-06ല്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയും വി കെ ഇബ്‌റാഹിംകുഞ്ഞ് വ്യവസായ മന്ത്രിയുമായിരിക്കെയാണ് മലിനീകരണ നിര്‍മാര്‍ജന പദ്ധതി തയ്യാറാക്കിയത്. സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന ടൈറ്റാനിയത്തില്‍ ഏതാണ്ട് 250 കോടിയിലേറെ രൂപ ചെലവ് വരുന്ന പദ്ധതി അനാവശ്യമാണെന്നും പദ്ധതി നടപ്പാക്കിയാല്‍ ടൈറ്റാനിയം തകരുമെന്നുമുള്ള റിപ്പോര്‍ട്ട് പരിഗണിക്കാതെ ഉന്നതങ്ങളില്‍ നിന്നുള്ള സമ്മര്‍ദത്തിന് വഴങ്ങി പദ്ധതി അംഗീകരിച്ചെന്നും ഉപകരണങ്ങള്‍ ധൃതിപിടിച്ച് ഇറക്കുമതി ചെയ്‌തെന്നുമാണ് ആക്ഷേപം. പദ്ധതി നടപ്പാക്കാന്‍ ഉടന്‍ ഉത്തരവിറക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയും കെ പി സിസി അധ്യക്ഷനായിരുന്ന രമേശ് ചെന്നിത്തലയും ഭീഷണിപ്പെടുത്തിയെന്ന്് മലിനീകരണ നിയന്ത്രണ വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന മന്ത്രി കെ കെ രാമചന്ദ്രന്‍ മാസ്റ്റര്‍ ആരോപിച്ചിരുന്നു.
പദ്ധതിക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി വേഗം ലഭ്യമാക്കണമെന്ന് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും തന്നോട് നേരിട്ട് ആവശ്യപ്പെട്ടുവെന്നും രാമചന്ദ്രന്‍ മാസ്റ്റര്‍ വെളിപ്പെടുത്തിയിരുന്നു.
2006ല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നടത്തിയ അന്വേഷണത്തില്‍ പദ്ധതിയില്‍ അഴിമതിയുണ്ടെന്ന് കണ്ടെത്തിയിരുന്നു. 2008ല്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി പദ്ധതികള്‍ ഒരിക്കലും നടപ്പാക്കാന്‍ കഴിയാത്തതാണെന്നും നടപ്പാക്കിയാല്‍ പ്രതിവര്‍ഷം എഴുപത് കോടിയുടെ നഷ്ടമുണ്ടാകുമെന്നും റിപ്പോര്‍ട്ട് നല്‍കിയതുമാണ്. തുടര്‍ന്നാണ് കേസ് വിജിലന്‍സിന് കൈമാറിയത്. യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ഉമ്മന്‍ ചാണ്ടിയെ വിജിലന്‍സ് കുറ്റവിമുക്തനാക്കുകയായിരുന്നു.