Connect with us

Palakkad

മീന്‍വല്ലം ചെറുകിട ജലസേചന പദ്ധതി നാളെ കമ്മീഷന്‍ ചെയ്യും

Published

|

Last Updated

പാലക്കാട്: “മീന്‍വല്ലം ചെറുകിട ജലസേചന പദ്ധതി” നാളെ വൈകിട്ട് നാലിന് മന്ത്രി ആര്യാടന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി എന്‍ കണ്ടമുത്തന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഉദ്ഘാടന സമ്മേളനത്തില്‍ തദ്ദേശസ്വയംഭരണ മന്ത്രി എം കെ മുനീര്‍ അധ്യക്ഷത വഹിക്കും. എം ബി രാജേഷ് എം.പി, പി കെ ബിജു എം.പി, എ കെ ബാലന്‍ എം.എല്‍.എ, കെ വി വിജയദാസ് എം.എല്‍.എ, മുന്‍ മന്ത്രി പാലൊളി മുഹമ്മദ്കുട്ടി, ജില്ലാ കളക്ടര്‍ കെ രാമചന്ദ്രന്‍ മുഖ്യാതിഥികളാകും. ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തില്‍ 22 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച പാലക്കാട് സ്‌മോള്‍ ഹൈഡ്രോ കമ്പനിയാണ് മീന്‍വല്ലം ജലവൈദ്യുതപദ്ധതി.
പ്രതിവര്‍ഷം 85 ലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയുടെ സ്ഥാപിതശേഷി മൂന്ന് മെഗാവാട്ടാണ്. ജില്ലാ പഞ്ചായത്ത് വിഹിതത്തിനു പുറമെ ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളുടെ വിഹിതവും നബാര്‍ഡില്‍ നിന്നും എടുത്ത വായ്പയും കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ബി.ആര്‍.ജി.എഫില്‍ നിന്നുളള ഷെയറുമുള്‍പ്പെടെയാണ് 22 കോടി ചെലവഴിച്ചത്. സംസ്ഥാനത്ത് ഒരു ജില്ലാ പഞ്ചായത്ത് ആദ്യമായി സ്വന്തം ജില്ലയിലെ ശാസ്ത്ര വിദഗ്ധരാല്‍ രൂപ കല്‍പ്പന ചെയ്ത പദ്ധതിയെന്ന പ്രത്യേകത കൂടിയുണ്ട് മീന്‍വല്ലത്തിന്. മുണ്ടൂര്‍ ഐ ആര്‍ ടി സിയാണ് പദ്ധതിയുടെ ശാസ്ത്രീയത മുന്നോട്ടുവെച്ചത്.
പദ്ധതിയുടെ സ്ഥാപിത ശേഷി മൂന്ന് മെഗാവോട്ടാണ്. തുപ്പനാട് പുഴയില്‍ 60 മീറ്റര്‍ നീളത്തിലും ആറര മീറ്റര്‍ ഉയരത്തിലുമുള്ള തടയണ നിര്‍മ്മിച്ച് 6060 ക്യൂബിക് മീറ്റര്‍ വെള്ളം സം”രിച്ചു നിര്‍ത്തി 538 മീറ്റര്‍ നീളത്തിലുള്ള പെന്‍സ്റ്റോക്ക് വഴി വെള്ളം താഴെ പവര്‍ ഹൗസിലെത്തിച്ച് രണ്ട് ഹൊറിസോണ്ടല്‍ പെല്‍റ്റന്‍ വീല്‍ ടര്‍ബനുകള്‍ കറക്കി ഇതിനോട് 1500 കിലോവോട്ട് ശക്തിയുള്ള രണ്ട് സിങ്ക്രണസ് ജനറേറ്ററുകള്‍ ഘടിപ്പിച്ചാണ് 3.3 കെ വി വോള്‍ട്ടേജില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നത്.
പിന്നീടതിനെ 11 കെ വിയാക്കി കെ എസ് ഇ ബിയുടെ കല്ലടിക്കോട്ടെ 110 കെ വി സബ് സ്‌റ്റേഷനിലേക്ക് എത്തിക്കുന്നതാണ് പദ്ധതി. പദ്ധതിക്ക് കെ.എസ്.ഇ.ബി യൂനിറ്റൊന്നിന് നാല് രൂപ 88 പൈസ നല്‍കണമെന്നാവശ്യപ്പെട്ട് ബോര്‍ഡിനെ സമീപിച്ചതായും കണ്ടമുത്തന്‍ പറഞ്ഞു.
ജൂണ്‍ 15 ന് ട്രയല്‍ നടത്തുകയും ട്രയല്‍ റണ്ണിലൂടെ 14 ലക്ഷം യൂനിറ്റ് വൈദ്യുതി ഉണ്ടാക്കുകയും അത് കെ എസ് ഇ ബിക്ക് നല്‍കുകയും ചെയ്തു. വടക്കഞ്ചേരിയിലെ പാലക്കുഴി പദ്ധതി കൂടി ഇത്തരത്തില്‍ ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത് നടപ്പാക്കുമെന്നും പ്രസിഡന്റ് ടി എന്‍ കണ്ടമുത്തന്‍ പറഞ്ഞു.
പത്രസമ്മേളത്തില്‍ സെക്രട്ടറി ടി എസ് മജീദ്, ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡണ്ട് സുബൈദ ഇസ്ഹാക്ക്, വികസനകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ ഇ ഹനീഫ, ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി സി അശോക് കുമാര്‍, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ ജി ജയന്തി, ക്ഷേമകാര്യ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ ശ്രീജ എന്നിവരും പങ്കെടുത്തു.

---- facebook comment plugin here -----

Latest