വെടിനിര്‍ത്തല്‍ ഗാസ ആഹ്ലാദത്തില്‍

Posted on: August 28, 2014 7:35 am | Last updated: August 28, 2014 at 7:36 am

hamasഗാസാ സിറ്റി: ഏഴ് ആഴ്ച നീണ്ട ക്രൂരമായ ആക്രമണങ്ങള്‍ക്കും ഒടുങ്ങാത്ത ഭീതിക്കുമൊടുവില്‍ ഗാസക്കാര്‍ ആശ്വാസംകൊള്ളുകയാണ്. ഇസ്‌റാഈലുമായി ദീര്‍ഘകാല വെടിനിര്‍ത്തല്‍ കരാറിലെത്തിയെന്ന വാര്‍ത്തയെ ആഹ്ലാദപൂര്‍വമാണ് ഫലസ്തീന്‍ ഒന്നാകെ എതിരേറ്റത്. പതിനായിരങ്ങള്‍ തെരുവില്‍ ആഹ്ലാദ പ്രകടനം നടത്തി. വിജയചിഹ്നമുയര്‍ത്തിയും ഹമാസിന്റെയും മറ്റ് പോരാട്ട ഗ്രൂപ്പുകളുടെയും പതാകയുയര്‍ത്തിയും ജനങ്ങള്‍ ആഹ്ലാദം പങ്കിട്ടു. ഫതഹ് പ്രവര്‍ത്തകരും ആഹ്ലാദത്തില്‍ പങ്കു ചേര്‍ന്നു. മിക്കയിടങ്ങളിലും ഫലസ്തീന്‍ ഐക്യം വിജയിച്ചുവെന്നാണ് ജനം മുദ്രാവാക്യം മുഴക്കിയത്.

വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചതുവഴി അധിനിവേശം അവസാനിപ്പിക്കാനും പുതിയ രാഷ്ട്രനിര്‍മാണത്തിനും സാധിക്കുമെന്ന് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് അറിയിച്ചു. കൈറോയിലെ ചര്‍ച്ചയില്‍ പങ്ക് വഹിച്ച ഈജിപ്ത്, ഖത്തര്‍, യു എസ് തുടങ്ങിയ രാജ്യങ്ങളെ നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. അതിര്‍ത്തികള്‍ ഭാഗികമായി തുറന്നുകൊടുക്കുക, ഗാസയില്‍ പുനര്‍നിര്‍മാണത്തിനും ദുരിതാശ്വാസത്തിനും സാധനങ്ങള്‍ എത്തിക്കുന്നതിനുമുള്ള സംവിധാനം ഒരുക്കുക, മത്സ്യബന്ധന മേഖലയുടെ വ്യാപ്തി വര്‍ധിപ്പിക്കുക തുടങ്ങി ഹമാസ് മുന്നോട്ടുവെച്ച ഏറെക്കുറെ നിബന്ധനകള്‍ ഇസ്‌റാഈല്‍ അംഗീകരിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ ഹമാസാണ് വെടിനിര്‍ത്തല്‍ വാര്‍ത്ത ആദ്യം പുറത്തുവിട്ടത്. പിന്നീട് ഇസ്‌റാഈലും ഇത് അംഗീകരിക്കുകയായിരുന്നു. ഗാസ വിമാനത്താവളം തുറക്കുക, തുറമുഖം പ്രവര്‍ത്തനം പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ തുടര്‍ ചര്‍ച്ചകളില്‍ അംഗീകരിക്കപ്പെടുമെന്ന പ്രതീക്ഷയിലാ#േണ് ഹമാസ്.
വെടിനിര്‍ത്തല്‍ കരാര്‍ ചെറുത്തുനില്‍പ്പിന്റെ വിജയമാണെന്ന് ഹമാസ് ഉപ മേധാവി മൂസാ അബൂ മര്‍സൂക് പറഞ്ഞു. ഉപരോധം അവസാനിക്കുന്നതോടെ ഗാസയുടെ അഞ്ച് അതിര്‍ത്തി പോസ്റ്റുകള്‍ വഴിയും അവശ്യ സാധനങ്ങള്‍ എത്തും. വിവിധ ഏജന്‍സികളുടെ ദുരിതാശ്വാസ സഹായങ്ങളുമെത്തും. ഈജിപ്ഷ്യന്‍ അതിര്‍ത്തിയായ റഫാ അതിര്‍ത്തി തുറക്കുന്നത് വലിയ ആശ്വാസമാകും. അതേസമയം, ഭാഗികമായി തകര്‍ന്ന വീടുകളിലേക്ക് തിരിച്ചു പോകരുതെന്ന് പ്രാദേശിക അധികൃതര്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.സ്‌കൂളുകള്‍ സെപ്തംബര്‍ ഒന്നിന് തുറന്ന് പ്രവര്‍ത്തിക്കില്ലെന്നും അവര്‍ വ്യക്തമാക്കി. മഹ്മൂദ് അല്‍ സഹര്‍ പോലുള്ള മുതിര്‍ന്ന ഹമാസ് നേതാക്കള്‍ ജനങ്ങള്‍ക്കിടയിലെത്തി അഭിസംബോധന ചെയ്തു.
ഗാസയിലെ ആക്രമണം വിജയകരമായിരുന്നുവെന്ന് ഇസ്‌റാഈലി പ്രധാനമന്ത്രിയുടെ വക്താവ് ഒഫിര്‍ ജന്റില്‍മാന്‍ അവകാശപ്പെട്ടു. ഈജിപ്ത് നേരത്തേ മുന്നോട്ടുവെച്ചതും അന്ന് ഹമാസ് തള്ളിയതുമായ വെടിനിര്‍ത്തല്‍ നിര്‍ദേശങ്ങള്‍ തന്നെയാണ് ഇപ്പോള്‍ അംഗീകരിച്ചിരിക്കുന്നത്. വ്യോമാക്രമണങ്ങളെ ഭയന്നുതന്നെയാണ് ഇത്- അദ്ദേഹം അവകാശപ്പെട്ടു.
ജൂലൈ എട്ട് മുതല്‍ ആരംഭിച്ച ഇസ്‌റാഈല്‍ ആക്രമണത്തില്‍ ഇതിനകം 2,142 പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. ഇതില്‍ 490 ലധികം കുട്ടികളാണ്. സ്‌കൂളുകളും ആശുപത്രികളും വീടുകളും തെരുവുകളും തകര്‍ന്ന് തരിപ്പണമായി. ഇസ്‌റാഈല്‍ ഭാഗത്ത് കൊല്ലപ്പെട്ടത് 69 പേരാണ്. ഇവരില്‍ ഭൂരിഭാഗവും സൈനികരാണ്.