വെട്ടേറ്റ ബി എം എസ് പ്രവര്‍ത്തകന്‍ മരിച്ചു

Posted on: August 28, 2014 12:36 am | Last updated: August 28, 2014 at 12:36 am

തലശ്ശേരി: പിണറായിക്കടുത്ത പൊട്ടന്‍പാറയില്‍ 17ന് ആക്രമിക്കപ്പെട്ട ബി എം എസ് പ്രവര്‍ത്തകന്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കിടെ ഇന്നലെ പുലര്‍ച്ചെ മരിച്ചു. എരുവട്ടി പൊട്ടന്‍പാറ സ്വദേശി നുച്ചോളി വീട്ടില്‍ സുരേഷ് (47) ആണ് മരിച്ചത്. തലശ്ശേരി പുതിയ ബസ് സ്റ്റാന്‍ഡിലെ ടാക്‌സി ഡ്രൈവറാണ്.
സുഹൃത്തുക്കളുമൊത്ത് പോകുന്നതിനിടയില്‍ പൊട്ടന്‍പാറ വെളിച്ചെണ്ണ മില്ലിനടുത്ത് വെച്ച് അഞ്ചോളം പേര്‍ വന്ന് ആക്രമിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്നവരെ ഭീഷണിപ്പെടുത്തി ഓടിച്ച ശേഷമാണ് സുരേഷിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചത്. വയറിന് വെട്ടിയും തലക്ക് ഇരുമ്പുവടികൊണ്ടടിച്ചും നടത്തിയ വധശ്രമത്തില്‍ മാരകമായി പരുക്കേറ്റ സുരേഷ് കഴിഞ്ഞ ദിവസങ്ങളത്രയും അബോധാവസ്ഥയിലായിരുന്നു.
ബി എം എസ് പ്രവര്‍ത്തകന്റെ മരണവാര്‍ത്തയറിഞ്ഞതോടെ തലശ്ശേരിയില്‍ സംഘര്‍ഷാവസ്ഥയുണ്ടായി. ധര്‍മടം, പിണറായി, തലശ്ശേരി മേഖലകളില്‍ ഇന്നലെ ഉച്ച മുതല്‍ സംഘപരിവാര്‍ സംഘടനകളുടെ ആഹ്വാനപ്രകാരം ഹര്‍ത്താല്‍ ആചരിച്ചു. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. എന്നാല്‍ വാഹന ഗതാഗതം തടഞ്ഞില്ല. പ്രവര്‍ത്തകനെ ആക്രമിച്ചു കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ബി എം എസ്, ബി ജെ പി, ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തി. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ തലശ്ശേരിയിലും പരിസരങ്ങളിലും സായുധ പോലീസിനെ വിന്യസിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം തലശ്ശേരിയിലെത്തിച്ച മൃതദേഹം പുതിയ ബസ് സ്റ്റാന്‍ഡിലും ടൂറിസ്റ്റ് ടാക്‌സി സ്റ്റാന്‍ഡിലും പൊതു ദര്‍ശനത്തിനു വെച്ചു. സഹപ്രവര്‍ത്തകരും സംഘപരിവാര്‍ സംഘടനാ നേതാക്കളും അന്ത്യോപചാരമര്‍പ്പിച്ചു. മൃതദേഹം വൈകീട്ടോടെ പൊട്ടന്‍പാറയിലെ വീട്ടിലെത്തിച്ച ശേഷം സംസ്‌കരിച്ചു. പൊട്ടന്‍പാറയിലെ നാണു- നളിനി ദമ്പതികളുടെ മകനാണ്. ഭാര്യ: നിഷ. മക്കള്‍: സിദ്ധാര്‍ഥ്, സായന്ത്. സഹോദരങ്ങള്‍: സുനില്‍കുമാര്‍, സുധര്‍മ.