എസ് എസ് എഫ് സാഹിത്യോത്സവ് പുരസ്‌കാരം തോപ്പില്‍ മുഹമ്മദ് മീരാന്

Posted on: August 28, 2014 12:28 am | Last updated: August 28, 2014 at 12:28 am

thoppil111കോഴിക്കോട്: മാപ്പിള സാഹിത്യം, ചരിത്രം എന്നീ മേഖലകളിലെ സമഗ്ര സംഭാവനകള്‍ക്ക് എസ് എസ്എഫ് സംസ്ഥാന കമ്മിറ്റി നല്‍കുന്ന ഈ വര്‍ഷത്തെ സാഹിത്യോത്സവ് പുരസ്‌കാരം പ്രമുഖ തമിഴ് എഴുത്തുകാരന്‍ തോപ്പില്‍ മുഹമ്മദ് മീരാന്. 33,333 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം സംസ്ഥാന സാഹിത്യോത്സവിനോട് അനുബന്ധിച്ചു സെപ്തംബര്‍ അഞ്ചിനു കാസര്‍കോട് മഞ്ചേശ്വരത്ത് നടക്കുന്ന ചടങ്ങില്‍ സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി ഓഫ് കേരള വൈസ് ചാന്‍സലര്‍ പ്രൊഫ.ജി ഗോപകുമാര്‍ സമ്മാനിക്കും.
ദക്ഷിണേന്ത്യയിലെ മുസ്‌ലിംകളുടെ സാമൂഹിക ജീവിതത്തെ മുഖ്യധാരാ സാഹിത്യത്തിലേക്ക് കൊണ്ടുവരുന്നതില്‍ വഹിച്ച പങ്കും മലയാളം, തമിഴ്, അറബി മലയാളം, അറബി തമിഴ് സാഹിത്യങ്ങളെ പരസ്പരം ബന്ധപ്പെടുത്തി പഠിക്കാനും അവക്കിടയിലെ ആശയ സംവാദങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാനും നടത്തിയ പരിശ്രമങ്ങളെയും മുന്‍നിര്‍ത്തിയാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തതെന്ന് ജഡ്ജിംഗ് കമ്മിറ്റി അംഗങ്ങളായ ഡോ. ഹുസൈന്‍ രണ്ടത്താണി, കാസിം ഇരിക്കൂര്‍, മാളിയേക്കല്‍ സുലൈമാന്‍ സഖാഫി, എസ് ശറഫുദ്ധീന്‍ എന്നിവര്‍ അറിയിച്ചു.
തമിഴ്‌നാട്ടിലെ കായല്‍പട്ടണത്തു ജനിച്ച മീരാന്‍ തമിഴ്, മലയാളം ഭാഷകളിലേക്ക് നിരവധി പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ഉള്‍പ്പടെ നിരവധി അവാര്‍ഡുകള്‍ നേടിയ അദ്ദേഹം നാഷനല്‍ ബുക്ക് ട്രസ്റ്റിന്റെ ഉപദേശക സമിതി, ദൂരദര്‍ശന്‍ പ്രോഗ്രാം കമ്മറ്റി, മാനവ വിഭവശേഷി വകുപ്പിന്റെ സി പി ഐ എല്‍ കൗണ്‍സില്‍ എന്നിവയില്‍ അംഗമായും പ്രവര്‍ത്തിക്കുന്നു. അദ്ദേഹത്തിന്റെ രചനകള്‍ മറ്റു നിരവധി ഇന്ത്യന്‍, വിദേശ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.