സെല്‍ഫി: മനോവൈകല്യത്തിന്റെ പുതിയ ചിത്രങ്ങള്‍

Posted on: August 28, 2014 5:30 am | Last updated: August 28, 2014 at 12:16 am

സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചു. സെല്‍ഫിയെടുക്കുന്നതിനിടെ ദമ്പതികള്‍ കടലില്‍ വീണുമരിച്ചു. സൈറ്റില്‍ അധ്യാപികയുടെ നഗ്ന സെല്‍ഫി….. വാര്‍ത്തകളുടെ തലക്കെട്ടുകളാണ് ഇവ. ആശയവിനിമയത്തിന് വേഗം കൂടുമ്പോള്‍ അപകടങ്ങള്‍ക്കും അശ്ലീലങ്ങള്‍ക്കും അതിനേക്കാള്‍ വേഗം ഉണ്ടാകുന്നു. പത്ത് വര്‍ഷം മുമ്പ് മാത്രം സ്ഥാപിച്ച ഫേസ് ബുക്ക് ജീവിതത്തിന്റെ അഭിവാജ്യഘടകമാക്കിയവരാണ് പലരും. മനുഷ്യന്റെ പ്രാഥമികാവശ്യങ്ങളായ ഭക്ഷണവും പാര്‍പ്പിടവും കഴിഞ്ഞാല്‍ പിന്നെ മനുഷ്യന്‍ തേടുന്നത് സ്‌നേഹം, സ്വയം മതിപ്പ്്, സാഫല്യബോധം തുടങ്ങിയവയുടെ പൂര്‍ത്തീകരണമാണ്. ഇത്തരം ആവശ്യങ്ങളെ തൃപ്തിപ്പെടുത്താന്‍ ഒരു പരിധി വരെ ഫേസ് ബുക്കിനാകുന്നുണ്ട്.
പഴയ കാലങ്ങളില്‍ കവലകളില്‍ ബഡായി ബെഞ്ചുകളുണ്ടായിരുന്നു. ഇന്നത് ഫേസ് ബുക്ക് ഏറ്റെടുത്തിരിക്കുന്നു. എഴുതുന്നതും പോസ്റ്റിടുന്നതും ഇന്നതു തന്നെ ആകണമെന്ന് നിര്‍ബന്ധമില്ലാത്തതുകൊണ്ട് എന്തും എഴുതാനും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനും സ്വാതന്ത്ര്യം ലഭിക്കുന്നു. തന്റെയും മറ്റുള്ളവരുടെയും സ്വകാര്യതകള്‍ ഫേസ്ബുക്കിലൂടെ ലോകത്തിനു മുമ്പില്‍ വെളിപ്പെടുത്തുമ്പോള്‍ അത് പലപ്പോഴും അപകടങ്ങള്‍ വിളിച്ചുവരുത്തുന്നു.
പഴയ കാലത്ത് മനോരോഗമെന്നതിന് ഭ്രാന്ത് എന്ന് സാമാന്യമായി പറഞ്ഞിരുന്നു. എന്നാല്‍ ചെറിയ തോതിലുള്ള മനോരാഗങ്ങള്‍ ടെക്‌നോളജി യുഗത്തില്‍ ഓരോരുത്തരിലും കണ്ടുവരുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. ജീവിതം സ്മാര്‍ട്ടാകുമ്പോള്‍ രോഗങ്ങളും സമാര്‍ട്ടാകുകയാണ്. ആധുനിക യുഗത്തിന് വഴി തുറന്ന് കമ്പ്യൂട്ടറുകളും സ്മാര്‍ട്ട് ഫോണുകളും രംഗത്തെത്തിയപ്പോള്‍ ഒപ്പം തന്നെ ന്യൂ ജനറേഷന്‍ ശാരീരിക, മാനസിക രോഗങ്ങള്‍. വാട്‌സാപ്പിറ്റിസ് എന്നത് ഒരു തരം ശാരീരിക രോഗമാണ്. മണിക്കൂറുകളോളം വാട്‌സ് ആപ്പ് ഉപയോഗിക്കുന്നവരുടെ കൈത്തണ്ടയിലും വിരലിന്റെ അറ്റങ്ങളിലും ഉണ്ടാകുന്ന വേദനയാണ് വാട്‌സാപ്പിറ്റിസ്. നോമോ ഫോബിയ എന്നത് ഒരു തരം മാനസികാവസ്ഥയാണ്. മൊബൈല്‍ ഫോണ്‍ ഇല്ലാതെ ജീവിക്കാന്‍ സാധിക്കാത്ത അവസ്ഥ. ലോകത്തെ മൊബൈല്‍ ഉപഭോക്താക്കളില്‍ 66 ശതമാനം പേര്‍ക്കും ഈ അസുഖമുണ്ടെന്നാണ് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഇങ്ങനെ നിരവധിയുണ്ട്. ഏറ്റവും പുതിയതാണ് സെല്‍ഫിയുമായി ബന്ധപ്പെട്ടുള്ള മനോവൈകല്യം . ഫേസ്ബുക്കിലും ട്വിറ്ററിലും ഇന്‍സ്റ്റാഗ്രാമിലുമൊക്കെ സെല്‍ഫി പ്രളയമാണ്. സെല്‍ഫി മത്സരങ്ങള്‍ വരെ പല മാസികളും നടത്തുന്നുണ്ട്. മുമ്പ് മറ്റുള്ളവരിലേക്കും പ്രകൃതിയിലേക്കു മൊക്കെ തിരിച്ചുവെച്ചിരുന്ന ക്യാമറ ഇന്ന് സ്വന്തം നേര്‍ക്ക് തിരിച്ചു പിടിക്കാനാണ് കൂടുതല്‍ പേര്‍ക്കും താത്പര്യം. പ്രത്യേകിച്ച് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളുടെ ഉപയോക്താക്കള്‍. സെല്‍ഫിക്ക് കൊടുക്കുന്ന നിര്‍വചനം, സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ പോസ്റ്റ് ചെയ്യാനായി ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ച് ഒരാള്‍ സ്വയമെടുക്കുന്ന സ്വന്തം ചിത്രം എന്നാണ്. ആത്മരതിയിലേക്ക് ചുരുങ്ങുന്ന ആധുനിക മനുഷ്യന്റെ പ്രതിരൂപമെന്ന് സെല്‍ഫിയെ വിശേഷിപ്പിക്കാം. ഇത് നാര്‍സിസത്തിന്റെ മറ്റൊരു രൂപമാണ്. തന്നോടു തന്നെയുള്ള കനത്ത അഭിനിവേശം, എങ്ങുമെവിടെയും തന്റെ ആധിപത്യം ഉറപ്പിക്കാനുള്ള ത്വര, സ്വന്തം ആഗ്രഹങ്ങള്‍ സഫലീകരിക്കാന്‍ നിഷ്‌കരുണമുള്ള ശ്രമങ്ങള്‍ തുടങ്ങിയ ശീലങ്ങള്‍ക്കുള്ള വ്യക്തി ശൈലി നാര്‍സിസ്‌സം എന്നറിയപ്പെടുന്നു. (നാര്‍സിസസ് എന്ന ഗ്രീക്ക് ദേവന്‍ തടാകത്തിനരികെ ദാഹജലം തേടിയെത്തിയെന്ന് കഥ. തടാകത്തില്‍ പ്രതിഫലിച്ചു കണ്ട തന്റെ പ്രതിച്ഛായയില്‍ അനുരക്തനായി. പൈദാഹങ്ങള്‍ മറന്ന് മരിച്ചുവീഴുന്നതു വരെ നാര്‍സിസസ് തന്റെ പ്രതിച്ഛായയില്‍ ഭ്രമിച്ചുനിന്നു എന്നതാണ് കഥ. തന്നോടു തന്നെ തോന്നുന്ന ഇത്തരം പ്രേമത്തെ നാര്‍സിസം എന്നു പറയുന്നു). നാര്‍സിസം ബാധിതര്‍ ഫേസ് ബുക്കില്‍ ഏറെ സമയം ചെലവഴിക്കുക, നിരന്തരം അപ്‌ഡേറ്റുകളിടുക, കൂടെക്കൂടെ സ്വന്തം ഫോട്ടോകള്‍ എടുത്ത് പോസ്റ്റ് ചെയ്യുക, ആവര്‍ത്തിച്ച് പ്രോഫൈല്‍ ചിത്രം മാറ്റുക, സ്വന്തം ജീവിതത്തെ പൊലിപ്പിച്ചു നിര്‍ത്തുക, രഹസ്യങ്ങള്‍ പോലും വിളിച്ചു പറയുക, വിമര്‍ശത്തോട് തീവ്രമായി പ്രതികരിക്കുക, ഇടക്കിടെ സ്വന്തം പ്രൊഫൈല്‍ പരിശോധിക്കുക തുടങ്ങിയവ പ്രകടിപ്പിക്കുന്നു.
നാര്‍സിസത്തിന്റെ ആധുനികരൂപമാണ് സെല്‍ഫി. 2013ലെ ഏറ്റവും ജനപ്രിയ പദമായി ഓക്‌സ് ഫോര്‍ഡ് ഡിക്ഷണറിയിലും മെറിയം വെബ് സറ്റാര്‍ ഡിക്ഷണറിയിലുമൊക്കെ സെല്‍ഫി എന്ന വാക്ക് ഇടം പിടിച്ചു കഴിഞ്ഞു. ഇന്ന് സെല്‍ഫി എല്ലാവരിലും പടര്‍ന്നു പിടിച്ച വൈറസാണ്. കല്യാണ വേദി, സമ്മേളനം, ക്യാമ്പസ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം സെല്‍ഫി പിടിത്തക്കാരുടെ മേളമാണ്. ബോഡി ഡിസ്‌മോര്‍ഫിക് ഡിസോര്‍ഡര്‍ എന്ന മാനസിക വൈകല്യത്തിന്റെ ലക്ഷണമാണ് സെല്‍ഫി. ഇത് അമിതമാകുമ്പോഴാണ് അപകടങ്ങള്‍ സംഭവിക്കുന്നത്. സെല്‍ഫിയെടുക്കാന്‍ സാഹസികത കാണിക്കുന്നതും ഇതുകൊണ്ടുതന്നെയാണ്. സെല്‍ഫിയെടുക്കുന്നതിലൂടെ ആത്മരതിയനുഭവപ്പെടുന്നു. അത് മറ്റുള്ളവര്‍ക്ക് സമര്‍പ്പിക്കുമ്പോള്‍ ലഭിക്കുന്ന ലൈക്കും കമന്റും ആത്മസുഖം വര്‍ധിപ്പിക്കുന്നു. പക്ഷേ ഇത് മനോവൈകല്യമായി മാറുമെന്ന് തിരിച്ചറിയുന്നില്ല. അതുകൊണ്ടല്ലേ നഗ്ന സെല്‍ഫി ലോകം കാണേണ്ടിവരുന്നത്? കൈത്തണ്ട മുറിച്ച് ഫോട്ടോ എടുത്ത് ഫെയ്‌സ് ബുക്കിലിടുന്ന, ആത്മഹത്യാശ്രമം പകര്‍ത്തി ഫോട്ടോ അപ്‌ഡേറ്റ് ചെയ്ത് കുറിപ്പെഴുതുന്ന മാനസികാവസ്ഥയിലേക്ക് വരെ മലയാളിയും എത്തിക്കൊണ്ടിരിക്കുന്നു. അവഗണിക്കപ്പെടുന്ന ചെറിയ മനോവൈകല്യങ്ങള്‍ വലുതായി ജീവിതമൊടുക്കുന്ന മാനസികാവസ്ഥയിലേക്ക് വരെ ഇത്തരക്കാര്‍ എത്തേണ്ടിവരുന്നു.