ഈജിയന്‍ തൊഴുത്തായി ഒരു ഭരണം

Posted on: August 28, 2014 6:00 am | Last updated: August 28, 2014 at 12:13 am

udfകഴിഞ്ഞ മൂന്ന് വര്‍ഷമായി ഒന്നിനു പിറകെ ഒന്ന് എന്ന മട്ടില്‍ ജനവിരുദ്ധ നടപടികളുമായി മുന്നോട്ടുപോകുന്ന യു ഡി എഫ് ഭരണം സംസ്ഥാനത്തെ ജനങ്ങള്‍ക്ക് തീരാക്കളങ്കവും ബാധ്യതയുമായി മാറുകയാണ്. ജനവിരുദ്ധ നയങ്ങളും നടപടികളും ഒരു ഉളുപ്പുമില്ലാതെ നടപ്പാക്കുന്നതിനിടയില്‍ തന്നെ ജനങ്ങളെയാകെ അവഹേളിക്കുകയും അപഹസിക്കുകയും ചെയ്യുന്ന വര്‍ത്തമാനങ്ങള്‍ പറഞ്ഞ് പിടിച്ചുനില്‍ക്കാനുള്ള ശ്രമങ്ങളും നടത്തുകയാണ്. തര്‍ക്ക വിഷയങ്ങള്‍ ഒന്നൊന്നായി വരുമ്പോഴൊക്കെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ യു ഡി എഫ് മാത്രമല്ല, കോണ്‍ഗ്രസിലെ വിവിധ ഗ്രൂപ്പുകളും ഒറ്റക്കെട്ടാണെന്ന് നേതാക്കളൊക്കെ പ്രസ്താവന നടത്തിക്കൊണ്ടിരിക്കയാണ്. ഇതിനിടയിലും ഒളിവെട്ടും പാരവെപ്പും കുതികാല്‍വെട്ടുമൊക്കെ തകൃതിയായി അരങ്ങേറുന്നുമുണ്ട്. യു ഡി എഫും കോണ്‍ഗ്രസും ഒറ്റക്കെട്ടായി നിലകൊള്ളുന്നത് ജനവിരുദ്ധനയങ്ങള്‍ നടപ്പാക്കുന്ന കാര്യത്തില്‍ മാത്രമാണ് എന്നതാണ് ജനങ്ങളുടെ അനുഭവം.
ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലേറിയ കാലം മുതല്‍ തുടങ്ങിയതാണ് ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുന്ന തരത്തിലുള്ള ഈ ചക്കളത്തിപ്പോരാട്ടം. നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധന സര്‍ക്കാറിന് ഒരു പ്രശ്‌നമല്ല. സര്‍ക്കാറിന്റെ പൊതുവിതരണ മേഖലയായ സപ്ലൈകോയിലും കണ്‍സ്യൂമര്‍ഫെഡിലുമടക്കം നിത്യോപയോഗ സാധനങ്ങളുടെ വില രണ്ടും മൂന്നും ഇരട്ടിയായി. പച്ചക്കറികള്‍ക്കും പൊള്ളുന്ന വിലയായി. വൈദ്യുതി ചാര്‍ജ് വര്‍ധന ഉപഭോക്താക്കളെ ഷോക്കടിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാറിന്റെ ഔദാര്യം കൊണ്ട് ഇന്ധനവിലയും റെയില്‍വേ ചാര്‍ജും കാര്യമായ തോതില്‍ പണ്ടേതന്നെ വര്‍ധിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ റോഡുകളാണെങ്കില്‍ കുളമായി എന്ന പ്രയോഗം പോലും മതിയാകാത്ത തരത്തില്‍ കുണ്ടും കുഴികളും നിറഞ്ഞ് നടുവൊടിച്ചുകൊണ്ടിരിക്കുകയാണ്. ഖജനാവ് കാലിയാക്കിക്കൊണ്ടിരിക്കുന്നതു മൂലം സര്‍ക്കാര്‍ കോണ്‍ട്രാക്ടര്‍മാര്‍ക്ക് ആയിരക്കണക്കിന് കോടി രൂപയുടെ കുടിശ്ശികയാണ്. കുടിശ്ശിക ലഭിക്കാത്തതു കൊണ്ട് അവര്‍ നിര്‍മാണപ്രവര്‍ത്തനങ്ങളോ അറ്റകുറ്റപ്പണികളോ ഒന്നും ചെയ്യുന്നുമില്ല. ഈ വിധത്തിലെല്ലാം ജനങ്ങളുടെ ദൈനംദിന ജീവിതം അത്യന്തം ദുരിതപൂര്‍ണമായി മാറിയിരിക്കുന്നു. ജനങ്ങളുടെ നിത്യജീവിതത്തെ ബാധിക്കുന്ന ഇത്തരത്തിലുള്ള ഒരു പ്രശ്‌നത്തെപ്പറ്റിയും ചിന്തിക്കാനോ ചര്‍ച്ച ചെയ്യാനോ നടപടിയെടുക്കാനോ സര്‍ക്കാറിന് ഒരു താത്പര്യവുമില്ല. ‘പുര കത്തുമ്പോള്‍ വാഴ വെട്ടുന്നു’ എന്നു പറയുന്നതു പോലെ ജനങ്ങള്‍ ജീവിത ദുരിതങ്ങളില്‍ നിന്ന് ദുരിതങ്ങളിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുമ്പോള്‍ കിട്ടുന്ന പഴുതുകള്‍ ഉപയോഗിച്ച് പരമാവധി സ്വന്തം കീശകള്‍ വീര്‍പ്പിക്കാനാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
പ്ലസ്ടു കോഴ്‌സുകളും ബാച്ചുകളും അനുവദിക്കുന്നതിന്റെ പേരില്‍ നാണം കെട്ട രീതിയില്‍ വകുപ്പ് മന്ത്രിയും മന്ത്രിയുടെ പാര്‍ട്ടിയും നടത്തിയ അഴിമതി സഹിക്കവയ്യാതെയാണ് കോണ്‍ഗ്രസിന്റെ മുഖപത്രമായ വീക്ഷണം വിദ്യാഭ്യാസ വകുപ്പിനെ ‘ഈജിയന്‍ തൊഴുത്തി’നോട് ഉപമിച്ചത്. പ്ലസ്ടുവില്‍ അരങ്ങേറിയത് നാണം കെട്ട അഴിമതിയാണെന്ന് ഹൈക്കോടതി തന്നെ സര്‍ക്കാറിനെതിരെ നടത്തിയ രൂക്ഷമായ വിമര്‍ശങ്ങളിലും നിരീക്ഷണങ്ങളിലും നിന്ന് വ്യക്തമാണ്. ഹയര്‍ സെക്കന്‍ഡറി ഡയറക്ടരുടെ ശിപാര്‍ശ കാറ്റില്‍പ്പറത്തി തോന്നിയതുപോലെ ഇഷ്ടക്കാര്‍ക്ക് പ്ലസ്ടു അനുവദിച്ചതിന്റെ പേരില്‍ ഇത് സംബന്ധിച്ച കാബിനറ്റ് സബ് കമ്മിറ്റിക്ക് ഹൈക്കോടതി നോട്ടീസ് അയക്കാന്‍ തീരുമാനിച്ചതാണ്. കാബിനറ്റ് സബ് കമ്മിറ്റിക്ക് നോട്ടീസ് അയക്കുക എന്നു പറഞ്ഞാല്‍ കാബിനറ്റിനു തന്നെ അയക്കുക എന്നാണര്‍ഥം. അതായത്, മന്ത്രിസഭയെക്കുറിച്ച് ഹൈക്കോടതിക്ക് സംശയമുണ്ട് എന്നാണിത് സൂചിപ്പിക്കുന്നത്. ഇതുണ്ടായപ്പോള്‍ തനിക്കാണ് നോട്ടീസ് നല്‍കേണ്ടത് എന്ന് ഇളിഭ്യനായി പ്രതികരിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്.
എന്ത് കൊള്ളുകില്ലായ്മയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും നടത്തിയാലും അതിന്റെയൊക്കെ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്തുകൊണ്ട് പ്രശ്‌നത്തെ ലാഘവത്തോടെ കാണുന്ന സമീപനമാണ് മുഖ്യമന്ത്രിയുടെത്. വിദ്യാഭ്യാസ വകുപ്പ് അഴിമതി കാട്ടുമ്പോള്‍ അത് മുഖ്യമന്ത്രി ഏറ്റെടുക്കുന്നു. റവന്യൂ വകുപ്പ് ഒത്താശ ചെയ്ത് കായലും കടലും കൈയേറി അനധികൃത നിര്‍മാണം നടത്തുമ്പോള്‍ അതിന്റെ ഉത്തരവാദിത്വവും മുഖ്യമന്ത്രി ഏറ്റെടുക്കുന്നു. നികുതി പിരിവ് നടത്താതെ ഖജനാവ് കാലിയാകുമ്പോള്‍ അതിന്റെ ഉത്തരവാദിത്വവും മുഖ്യമന്ത്രി ഏറ്റെടുക്കുന്നു. ഇങ്ങനെ എല്ലാ കൊള്ളരുതായ്മകളുടെയും ഉത്തരവാദിത്വം മുഖ്യമന്ത്രി ഏറ്റെടുക്കുന്നതോടെ അതൊക്കെ അവസാനിച്ചിരിക്കുന്നു എന്ന മട്ടിലാണ് ടിയാന്റെ ഇരിപ്പ്. ഉത്തരവാദിത്വം ഏറ്റെടുക്കുന്നതല്ലാതെ അത് സംബന്ധിച്ച് നടപടിയൊന്നും എടുക്കാന്‍ അദ്ദേഹം കൂട്ടാക്കുന്നില്ല. ജനങ്ങളുടെ മറവി ചൂഷണം ചെയ്ത് അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കുന്ന തന്ത്രമാണ് മുഖ്യമന്ത്രി പയറ്റിക്കൊണ്ടിരിക്കുന്നത്.
ഇപ്പോള്‍ വിദ്യാഭ്യാസ വകുപ്പ് മാത്രമല്ല, യു ഡി എഫ് സര്‍ക്കാറും ഭരണവും അപ്പാടെ തന്നെ ഈജിയന്‍ തൊഴുത്തായി മാറിയിരിക്കുകയാണ്. കൃത്രിമമായ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള ആസൂത്രിത നീക്കങ്ങളാണ് ഉമ്മന്‍ ചാണ്ടിയും കോണ്‍ഗ്രസും യു ഡി എഫും ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള തീരുമാനങ്ങളോ നടപടികളോ അല്ല ഭരണാധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. മറിച്ച് ഗ്രൂപ്പ്‌വ്യത്യാസമില്ലാതെ പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുകയും ആക്ഷേപശരങ്ങള്‍ തൊടുത്തുവിടുകയും അതിനു വേണ്ടി ചിന്തയും സമയവുമൊക്കെ നീക്കിവെക്കുകയുമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ചെയ്തുകൊണ്ടിരിക്കുന്നത്. ചാനലുകളിലും പത്രങ്ങളിലും തലക്കെട്ടുകള്‍ പിടിച്ചുപറ്റാന്‍ പറ്റിയ തരത്തിലുള്ള പ്രസംഗങ്ങളിലും പ്രസ്താവനകളിലും മാത്രമാണ് ഇപ്പോള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും അഭിരമിക്കുന്നത്.
കഴിഞ്ഞ ഏപ്രില്‍ ഒന്ന് മുതല്‍ തുടങ്ങിയതാണ് ബാര്‍-ഹോട്ടല്‍ പ്രശ്‌നം. ബാറുകള്‍ അടച്ചുപൂട്ടണമെന്ന് കുറച്ചു പേര്‍. തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്ന് മറ്റു ചിലര്‍. ഭാഗികമായി പ്രവര്‍ത്തിച്ചാല്‍ മതിയെന്ന് മൂന്നാമതൊരു കൂട്ടര്‍. ഇവരെല്ലാവരും യു ഡി എഫ് ഭരണത്തിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിന്റെ നേതാക്കള്‍ തന്നെയാണ് എന്നതാണ് വിരോധാഭാസം. എന്നിട്ടും പറയുന്നത് തങ്ങള്‍ ഒറ്റക്കെട്ടാണെന്നാണ്. ഇത് ജനങ്ങളോടുള്ള അവഹേളനമല്ലാതെ മറ്റെന്താണ്? കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഗ്രൂപ്പ് വൈരം തീര്‍ക്കാനും പരസ്പരം ജയം അവകാശപ്പെടാനും വേണ്ടിയുള്ളതാകരുത് മദ്യ നയവും അതുമായി ബന്ധപ്പെട്ട ഇടപെടലുകളും. വളരെ സൂക്ഷിച്ചും ഏറെ അവധാനതയോടും കൈകാര്യം ചെയ്യേണ്ട വിഷയമാണത്. ഇത്തരമൊരു വിഷയത്തില്‍ എത്ര നിരുത്തരവാദപരമായാണ് മുഖ്യമന്ത്രിയും മന്ത്രിമാരും കെ പി സി സി പ്രസിഡന്റും ഒക്കെ പോരടിച്ചുകൊണ്ടിരിക്കുന്നത്.
ബാറുകള്‍ നിര്‍ത്തലാക്കിയതിന്റെ ക്രെഡിറ്റ് അടിച്ചുകൊണ്ടുപോകാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ പി സി സി പ്രസിഡന്റിനെ കളരിമുറയില്‍ പറയുന്നതുപോലെ ഓതിരവും കടകവും കടകത്തിലൊഴിവും പറഞ്ഞ് ഒളിവെട്ടുവെട്ടി അസ്തപ്രജ്ഞനാക്കി. അതിന്റെ ജാള്യം തീര്‍ക്കാന്‍ മുഖ്യമന്ത്രിയെ തന്നെ ഭരണാലയത്തിന് മുന്നില്‍ വെച്ച് കെ പി സി സി പ്രസിഡന്റ് പരസ്യമായി ചീത്ത പറഞ്ഞു. അഡ്വക്കറ്റ് ജനറലിനെ ചാരിയാണ് മുഖ്യമന്ത്രിക്ക് നേരെ അസ്ത്രം പ്രയോഗിച്ചത് എന്നുമാത്രം. എ ജിയെ വിമര്‍ശിച്ചാല്‍ അതിന്റെ അര്‍ഥം മുഖ്യമന്ത്രിയെയും സര്‍ക്കാറിനെയുമാണെന്ന് ഏതു കൊച്ചുകുട്ടിക്കും അറിയാമെന്ന് മന്ത്രി കെ ബാബു. ബാബുവിനെപ്പോലെ ‘എ’ഗ്രൂപ്പുകാരനാണെങ്കിലും ടി എന്‍ പ്രതാപന്‍ ബാബുവിനെതിരെ വാളോങ്ങി. എ ജിയെ സംരക്ഷിക്കാന്‍ കെ ബാബു താത്പര്യം കാട്ടുന്നുവെന്നാണ് പ്രതാപന്റെ ആക്ഷേപം. കെ ബാബുവിന് എ ജിയാണോ സുധീരനാണോ വലുതെന്ന ഒരു ഭരണഘടനാ പ്രശ്‌നവും പ്രതാപന്‍ ബാബുവിനോട് ഉന്നയിച്ചു. സുധീരന്റെ പ്രസംഗത്തിന് ഔചിത്യമുണ്ടെന്നു കൂടി പ്രതാപന്റെ ടിപ്പണി.
കേരള രാഷ്ട്രീയത്തെയും സാംസ്‌കാരിക മണ്ഡലത്തെയും മലീമസമാക്കുന്നതരത്തിലാണ് കഴിഞ്ഞ ഒരാഴ്ചയിലേറെയായി ഈ കോണ്‍ഗ്രസ് നേതാക്കളുടെ ഇത്തരം വര്‍ത്തമാനങ്ങള്‍ ചാനലുകളിലും പത്രങ്ങളിലും ഇടം പിടിച്ചത്. ഈവക വര്‍ത്തമാനങ്ങള്‍ കൊണ്ട് ഒരു ഗുണവും ഉണ്ടായില്ല എന്നു പറയാനാകില്ല. മുഖ്യമന്ത്രിയും കെ പി സി സി പ്രസിഡന്റും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ നിലപാടുകളുടെയും പ്രസംഗങ്ങളുടെയും പ്രസ്താവനകളുടെയും നടപടികളുടെയും നെല്ലും പതിരും വേര്‍തിരിച്ചറിയാന്‍ കേരളീയര്‍ക്ക് കഴിയുന്നുണ്ട്.
യു ഡി എഫിലെ ഘടകകക്ഷികളൊക്കെ ഈ ഈജിയന്‍ തൊഴുത്തിലെ വൃത്തികേടുകള്‍ സഹിച്ച് ശ്വാസം മുട്ടി കഴിയുകയാണെന്നതാണ് ഏറെ വിചിത്രം. കര്‍ഷക താത്പര്യം ഉയര്‍ത്തിപ്പിടിക്കുന്നു എന്നു പറയുന്ന കേരള കോണ്‍ഗ്രസുകാരും സോഷ്യലിസത്തിനു വേണ്ടി നിലകൊള്ളുന്നു എന്നവകാശപ്പെടുന്ന സോഷ്യലിസ്റ്റ് ജനതയുമൊക്കെ ഈ അസംബന്ധഭരണത്തിന് ഇനിയും കുടപിടിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല.