മകനെതിരായ ആരോപണം തെളിഞ്ഞാല്‍ രാഷ്ട്രീയം വിടുമെന്ന് രാജ്‌നാഥ് സിംഗ്

Posted on: August 28, 2014 6:00 am | Last updated: August 28, 2014 at 12:11 am

RAJNATH SINGHന്യൂഡല്‍ഹി: ബി ജെ പിയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ക്ക് പുതിയ മാനം നല്‍കി ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന്റെ മകനെതിരെ ആരോപണം. ഉത്തര്‍പ്രദേശില്‍ സെപ്തംബറില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ രാജ്‌നാഥ് സിംഗിന്റെ മകന്‍ പങ്കജ് സിംഗിന് സീറ്റ് നിഷേധിച്ചത് ‘സ്വഭാവ ദൂഷ്യ’ത്തിന്റെ പേരിലാണെന്ന ആരോപണം ഉയര്‍ന്നത് പാര്‍ട്ടിക്കകത്തു നിന്ന് തന്നെയാണെന്ന് ആര്‍ എസ് എസ് നേതൃത്വത്തെ രാജ്‌നാഥ് സിംഗ് അറിയിച്ചുവെന്നാണ് വിവരം.
അതിനിടെ, തന്റെ മകന്റെ ഭാഗത്ത് നിന്നോ കുടുംബത്തിന്റെ ഭാഗത്ത് നിന്നോ വഴിവിട്ട പ്രവൃത്തി നടന്നുവെന്ന് തെളിഞ്ഞാല്‍ രാഷ്ട്രീയം വിടുമെന്ന രൂക്ഷമായ പ്രതികരണവുമായി രാജ്‌നാഥ് സിംഗ് രംഗത്തെത്തി. കഴിഞ്ഞ ഏതാനും ദിവസമായി തന്റെ കുടുംബാംഗങ്ങളുടെ പേരില്‍ ആരൊക്കെയോ അഭ്യൂഹങ്ങള്‍ പരത്തുകയാണ്. 15-20 ദിവസങ്ങളായി ഇത് തുടരുകയാണ്. തുടക്കത്തില്‍ കരുതി, ഏതാനും ദിവസത്തിനകം അത് അടങ്ങുമെന്ന്. എന്നാല്‍ അഭ്യൂഹങ്ങള്‍ ദിനം പ്രതി ശക്തിയാര്‍ജിക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രതികരിക്കാതെ തരമില്ല. മകന്റെയോ കുടുംബാംഗങ്ങളുടെയോ പേരില്‍ ഉയര്‍ന്ന ആരോപണത്തില്‍ സത്യത്തിന്റെ നേരിയ കണികയെങ്കിലും ഉണ്ടെന്ന് തെളിഞ്ഞാല്‍ പൊതു പ്രവര്‍ത്തനം മതിയാക്കി വീട്ടിലിരിക്കുമെന്ന് നോര്‍ത്ത് ബ്ലോക്കിലെ തന്റെ ഓഫീസിന് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ രാജ്‌നാഥ് സിംഗ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ബി ജെ പി പ്രസിഡന്റ് അമിത് ഷായോടും ഇക്കാര്യം വിശദമായി സംസാരിച്ചിട്ടുണ്ടെന്നും അവരെല്ലാം അഭ്യൂഹങ്ങള്‍ അടിസ്ഥാനരഹിതമെന്ന് പ്രതികരിച്ചുവെന്നും സിംഗ് പറഞ്ഞു. ആരാണ് അഭ്യൂഹം പരത്തുന്നതെന്ന ചോദ്യത്തിന് അത് കണ്ടുപിടിക്കേണ്ടത് അന്വേഷണാത്മക പത്രപ്രവര്‍ത്തകരാണെന്ന് അദ്ദേഹം പ്രതികരിച്ചു. മന്ത്രിസഭയിലെ ഒരംഗം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അറിവോടെയാണ് ഈ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നതെന്ന് ആര്‍ എസ് എസ് നേതൃത്വത്തോട് പരാതിപ്പെട്ടിട്ടുണ്ടോ എന്ന് പത്രക്കാര്‍ ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു ആഭ്യന്തര മന്ത്രിയുടെ മറുപടി. അതിനിടെ പ്രധാനമന്ത്രിയുടെ ഓഫീസും നിഷേധക്കുറിപ്പുമായി രംഗത്തെത്തി. പങ്കജ് സിംഗിനെതിരായ ആരോപണം പച്ചക്കള്ളമാണെന്നും സര്‍ക്കാറിന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ഹീനമായ നീക്കമാണെന്നും ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
പ്രധാനമന്ത്രിയെയും ചില കേന്ദ്ര മന്ത്രിമാരെയും ഉള്‍പ്പെടുത്തി ആഭ്യന്തര മന്ത്രിയുടെ മകനെതിരെ ഏതാനും ആഴ്ചകളായി ചില കാര്യങ്ങള്‍ പ്രചരിക്കുകയാണ്. ഈ റിപ്പോര്‍ട്ടുകള്‍ ദേശീയവിരുദ്ധവും അപലപനീയവുമാണെന്ന് പ്രസ്താവനയില്‍ പറയുന്നു.
ഉത്തര്‍പ്രദേശില്‍ പോലീസ് ഉദ്യോഗസ്ഥരുടെ നിയമനത്തിലും സ്ഥലം മാറ്റത്തിലും പങ്കജ് സിംഗിന്റെ നേതൃത്വത്തില്‍ വന്‍ തോതില്‍ കൈക്കൂലി വാങ്ങിയെന്നാണ് പ്രധാന ആരോപണം. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്‌നാഥിനോട് നേരിട്ട് വിശദീകരണം തേടിയെന്നാണ് റിപ്പോര്‍ട്ട്. ഈ വിഷയം കത്തിക്കുന്നത് മന്ത്രിസഭയിലെ ഒരു അംഗമാണത്രേ.
രാജ്‌നാഥ് സിംഗിന്റെ മകന്‍ പങ്കജ് സിംഗിന് ഉത്തര്‍പ്രദേശില്‍ നടക്കാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ടിക്കറ്റ് നിഷേധിച്ചിരുന്നു. ഉത്തര്‍പ്രദേശ് ബി ജെ പി ജനറല്‍ സെക്രട്ടറിയായ പങ്കജ് സിംഗിനു പകരം ബിസിനസുകാരിയായ വിമല ബത്തമിനെയാണ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്.