വ്യാജ വാടകക്കരാര്‍: അഞ്ച് വര്‍ഷം തടവ് ശിക്ഷ ലഭിച്ചേക്കും

Posted on: August 27, 2014 9:36 pm | Last updated: August 27, 2014 at 9:36 pm

ദുബൈ: കുടുംബ വിസ നേടുന്നതിന് വ്യാജ വാടകക്കരാര്‍ ഉപയോഗിക്കുന്നവര്‍ക്ക് അഞ്ചുവര്‍ഷം വരെ തടവും ശിക്ഷ ലഭിക്കുമെന്ന് അധികൃതര്‍. കുടുംബ വിസ ലഭിക്കുന്നതിന് വ്യാജ രേഖ ചമച്ചതിന് ദുബൈ താമസ-കുടിയേറ്റ വകുപ്പ് ഒരു ഏഷ്യന്‍ വംശജനെ പിടികൂടിയ പശ്ചാത്തലത്തിലാണ് ഇതു സംബന്ധമായ വിശദീകരണവുമായി അധികൃതര്‍ രംഗത്തെത്തിയത്.
ദുബൈയില്‍ കുടുംബ വിസ അനുവദിക്കുന്നതിന് ലാന്റ് ഡിപ്പാര്‍ട്‌മെന്റില്‍ രജിസ്റ്റര്‍ ചെയ്ത വാടകക്കരാര്‍ നിര്‍ബന്ധമാണ്. കുടുംബത്തിന്റെ അംഗ സംഖ്യക്കനുസരിച്ച് വിസ്തൃതമായ താമസ സൗകര്യം ഉണ്ടായാലേ വിസ അനുവദിക്കുന്നുള്ളു.
എന്നാല്‍ ഈ രേഖ വ്യാജമായി നിര്‍മിച്ചാണ് ഏഷ്യന്‍ വംശജന്‍ വിസ അപേക്ഷയുമായി ദുബൈ താമസ-കുടിയേറ്റ വകുപ്പില്‍ എത്തിയത്. സംശയം തോന്നിയ ഉദ്യോഗസ്ഥന്‍ നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ രേഖ വ്യാജമായി നിര്‍മിച്ചതാണെന്നും ഓണ്‍ലൈനിലൂടെ ഒരു ഏജന്റാണ് രേഖ നല്‍കിയതെന്നും ഇയാള്‍ സമ്മതിച്ചു. 1,300 ദിര്‍ഹം നല്‍കിയാണ് രേഖ ഒപ്പിച്ചത്. ഇയാള്‍ക്കെതിരെയും അധികൃതര്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.
1987ലെ മൂന്നാം നിയമാവലിയിലെ അനുച്ഛേദം 217 പ്രകാരം ഇത്തരം കേസുകളില്‍ അഞ്ച് വര്‍ഷം വരെ തടവും നാടുകടത്തലും ലഭിച്ചേക്കാമെന്ന് അധികൃതര്‍ ഓര്‍മിപ്പിച്ചു. ഇത്തരത്തിലുള്ള ഏതാനും കേസുകള്‍ നേരത്തേയും പിടിക്കപ്പെട്ടിട്ടുണ്ട്. കോടതിയുടെ പരിഗണനയിലാണവ.