Connect with us

Gulf

കൂടുതല്‍ സന്ദര്‍ശകര്‍ ഇന്ത്യ, ചൈന, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളില്‍ നിന്ന്

Published

|

Last Updated

അബുദാബി: യു എ ഇയിലെ ഏറ്റവും വലിയ വിദേശ തൊഴിലാളി സമൂഹം ഇപ്പോഴും ഇന്ത്യക്കാരെന്ന് പഠനം. ഏതാണ്ട് 23 ലക്ഷത്തിലധികം ഇന്ത്യക്കാരില്‍ ഭൂരിപക്ഷവും തൊഴിലാളികളാണ്. നേരത്തെ പാകിസ്ഥാനികളും ബംഗ്ലാദേശികളും ആയിരുന്നു തൊട്ടുപിന്നില്‍. എന്നാല്‍, പാകിസ്ഥാനികളെയും ബംഗ്ലാദേശികളെയും മറികടന്ന് ഫിലിപ്പൈന്‍, ചൈനീസ് സമൂഹമാണ് യു എ ഇയില്‍ ഇപ്പോള്‍ സജീവസാന്നിധ്യമായി വളരുന്നത്. 2007 ല്‍ പ്രസിദ്ധപ്പെടുത്തിയ കണക്ക് പ്രകാരം യു എ ഇയിലെ ഫിലിപ്പൈന്‍കാരുടെ ജനസംഖ്യ ഏഴ് ലക്ഷമായിരുന്നു. പക്ഷേ, വര്‍ഷംതോറും യു എ ഇ യിലെത്തുന്ന ഫിലിപ്പീന്‍സില്‍ നിന്നുള്ള യുവതീ യുവാക്കളുടെ സംഖ്യ ക്രമാനുഗതമായി വര്‍ധിച്ചു.
നഗരങ്ങളിലെ ഏത് ഷോപ്പിംഗ് സെന്ററുകളിലും ഫിലിപ്പൈന്‍സുകാരുടെ ബാഹുല്യം അതിശയിപ്പിക്കുന്ന രീതിയില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഷോപ്പിങ് മാളുകളിലും മറ്റ് തൊഴിലിടങ്ങളിലും എറ്റവും അനുയോജ്യരായ തൊഴില്‍ സമൂഹമായി ഫിലിപ്പൈന്‍സുകാരെ യു എ ഇ ബിസിനസ് സമൂഹം പരിഗണിക്കുന്നു. യു എ ഇയിലെ വന്‍കിട സൂപ്പര്‍ മാര്‍ക്കറ്റുകളിലും ചെറിയ കടകളിലും ആശുപത്രികളിലും ഫാക്ടറികളിലും ഓഫീസുകളിലും ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഏറ്റവും സജീവമായ സാന്നിധ്യമാണ് ഫിലിപ്പൈന്‍ യുവതീ യുവാക്കള്‍.
ഇംഗ്ലീഷ് ഭാഷ സംസാരിക്കാനുള്ള കഴിവും തുറന്ന സമീപനവും വാണിജ്യരംഗത്ത് ഫിലിപ്പൈന്‍സുകാരെ പ്രിയപ്പെട്ടവരാക്കുന്നു. ഒരുകാലത്ത് മലയാളികള്‍ നിറഞ്ഞാടിയ മേഖലകളില്‍ എല്ലാം ഇപ്പോള്‍ ഫിലിപ്പൈന്‍സുകാരാണ് ആധിപത്യം നേടുന്നത്. കണ്ണടവ്യാപാര രംഗത്തെ ടെക്‌നീഷ്യന്മാര്‍ ആയാലും സെയില്‍സ് ഗേളായാലും നഴ്‌സിങ് മേഖലയിലായാലും റിസപ്ഷനിസ്റ്റ് ആയാലും അറബിവീടുകളിലെ ആയമാര്‍ പോലും ഫിലിപ്പൈന്‍ സ്വദേശികള്‍ക്കാണ് ഇന്ന് മുന്‍ഗണന. യു എ ഇയില്‍ തൊഴില്‍ തേടിയെത്തുന്ന സ്വദേശികള്‍ക്ക് എല്ലാ സഹായങ്ങളും സൗകര്യങ്ങളും ചെയ്ത് കൊടുക്കാന്‍ ഫിലിപ്പൈന്‍സ് എംബസി കാണിക്കുന്ന താത്പര്യവും എടുത്തു പറയേണ്ടതാണ്. ഗള്‍ഫില്‍ ഏതൊക്കെ മേഖലകളിലാണ് തൊഴില്‍സാധ്യത ഉള്ളതെന്ന് വെബ്‌സൈറ്റ് വഴി വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുകയും പരമാവധി യുവാക്കള്‍ക്ക് തൊഴില്‍ നേടിക്കൊടുക്കാനും ഫിലിപ്പൈന്‍സ് വിദേശകാര്യ മന്ത്രാലയം വിവിധ നയതന്ത്ര കാര്യാലയങ്ങള്‍ വഴി ശ്രമിക്കുന്നുണ്ട്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വഴി ഫിലിപ്പൈന്‍സ് തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം അവര്‍ ഒരുക്കിയിരുന്നു.
ഒരു ദിര്‍ഹത്തിനു 11.95 പെസ്സൊ ആണ് ഫിലിപ്പീന്‍ നാണയ വിനിമയ നിരക്ക്. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നായി ഫിലിപ്പൈന്‍സില്‍ എത്തുന്ന വിദേശനാണ്യം ആണ് അവരുടെ സാമ്പത്തിക സ്ഥിതിയെ താങ്ങി നിര്‍ത്തുന്നത്.
ഈ വര്‍ഷം ആദ്യ ആറുമാസം അബുദാബിയിലെ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലുമത്തെിയ ചൈനീസ് വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ട്. 59,518 ചൈനക്കാരാണ് ഈ വര്‍ഷമത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തേക്കാള്‍ 189 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയതെന്ന് അബുദാബി ടൂറിസം ആന്‍ഡ് കള്‍ച്ചര്‍ അതോറിറ്റി അറിയിച്ചു.
ചൈനയിലെ 75 പ്രമുഖ ട്രാവല്‍ ഏജന്റുമാരെ പങ്കെടുപ്പിച്ച് അബുദാബി റോസ്‌വുഡ് ഹോട്ടലില്‍ മൂന്നാമത് ചൈനീസ് സന്ദര്‍ശക ഉച്ചകോടിക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ചൈനീസ് വിനോദസഞ്ചാരികളുടെ എണ്ണം ഇനിയും വര്‍ധിക്കേണ്ടതുണ്ടെന്ന് ചടങ്ങില്‍ സംസാരിച്ച അബുദാബി കണ്‍വെന്‍ഷന്‍ ബ്യൂറോ ഡയറക്ടര്‍ മുബാറക് അല്‍ ശംസി പറഞ്ഞു. മൂന്ന് വര്‍ഷം മുമ്പ് ഉച്ചകോടിക്ക് തുടക്കം കുറിക്കുമ്പോള്‍ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 20ാം സ്ഥാനത്തായിരുന്നു ചൈന. എന്നാല്‍ ഇപ്പോള്‍ എട്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. എന്നാല്‍ ചൈനീസ് സഞ്ചാരികള്‍ വളരെ കുറച്ച് ദിവസം മാത്രമേ രാജ്യത്ത് തങ്ങുന്നുള്ളൂവെന്നതാണ് ഇവരിലുള്ള പ്രവണത. കൂടുതല്‍ ദിവസം ഇവരെ താമസിപ്പിക്കാന്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. യാസ് ഐലന്റിലെ യാസ് മാള്‍ നവംബറില്‍ തുറക്കുന്നതോടെ കൂടുതല്‍ സഞ്ചാരികള്‍ അബുദാബിയിലെത്തുമെന്നാണ് കരുതുന്നത്. അല്‍ മരിയ ഐലന്റിലെ ഗലേറിയ മാളില്‍ ചൈനീസ് സഞ്ചാരികളെ ലക്ഷ്യമിട്ട് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ഫെബ്രുവരിയില്‍ സംഘടിപ്പിച്ച ചൈനീസ് പുതുവത്സരാഘോഷത്തിന് നിരവധി പേരെത്തിയിരുന്നു.

 

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി