Connect with us

Kerala

പ്ലസ്ടു സര്‍ക്കാര്‍ അപ്പീല്‍ അനാവശ്യമെന്ന് ഹൈക്കോടതി

Published

|

Last Updated

കൊച്ചി: പ്ലസ് ടു കേസില്‍ സര്‍ക്കാറിന്റെ അപ്പീല്‍ അനാവശ്യമെന്ന് ഹൈക്കോടതി. വിദ്യാര്‍ഥികളുടെ ഭാവിയെ കരുതിയാണെങ്കില്‍ പ്ലസ് ടു കേസില്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പാലിക്കുകയാണ് വേണ്ടിയിരുന്നതെന്ന് ജസ്റ്റിസുമാരായ ആന്റണി ഡൊമനിക്, ഡി ശേഷാദ്രി നായിഡു എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ച് അഭിപ്രായപ്പെട്ടു. മാനദണ്ഡങ്ങളില്‍ നിന്ന് സര്‍ക്കാര്‍ വ്യതിചലിച്ചുവെന്നും മാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങുന്ന മുന്‍ കോടതി ഉത്തരവില്‍ സര്‍ക്കാര്‍ വെള്ളം ചേര്‍ത്തുവെന്നും ഡിവിഷന്‍ ബഞ്ച് കടുത്ത ഭാഷയില്‍ കുറ്റപ്പെടുത്തി. മന്ത്രിസഭാ ഉപസമിതിയുടെ രൂപവത്കരണം തന്നെ അനാവശ്യമാണെന്ന് കേസ് വാദത്തിനിടെ കോടതി നിരീക്ഷിച്ചു. വിദ്യാര്‍ഥികളുടെ ഭാവിയെ കരുതിയാണ് സര്‍ക്കാറിന്റെ അപ്പീലെന്ന് കരുതാനാകില്ലെന്നും കോടതി പറഞ്ഞു.

ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ നേതൃത്വത്തില്‍ വിദഗ്ധര്‍ ഉള്‍പ്പെടുന്ന സമിതിയുടെ ശിപാര്‍ശകള്‍ എന്തിന് മറികടന്നുവെന്നുവെന്ന് വ്യക്തമല്ല. ജനപ്രതിനിധികള്‍ നല്‍കിയ ശിപാര്‍ശകള്‍ ഉള്‍ക്കൊള്ളുന്ന ഫയലുകള്‍ സര്‍ക്കാര്‍ സിംഗിള്‍ ബഞ്ചിന്റെ പരിശോധനക്കായി ഹാജരാക്കിയില്ല. പുതിയ സ്‌കൂളുകള്‍ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ച നടപടിക്ക് ന്യായീകരണം നല്‍കാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ടെന്നും ഡിവിഷന്‍ ബഞ്ച് ഓര്‍മിപ്പിച്ചു.
ബന്ധപ്പെട്ട ഫയലുകള്‍ ഹാജരാക്കാന്‍ സിംഗിള്‍ ബഞ്ച് സര്‍ക്കാറിന് സാവകാശം നല്‍കിയില്ലെന്ന് അഡ്വക്കറ്റ് ജനറല്‍ വാദിച്ചെങ്കിലും ഈ വാദം കോടതി തള്ളി. സ്‌കൂള്‍ പി ടി എകള്‍ക്ക് ഹരജി ഫയല്‍ ചെയ്യാന്‍ അവകാശമില്ലെന്നും സമീപ പ്രദേശങ്ങളില്‍ സ്‌കൂളുകള്‍ അനുവദിച്ചതിനെ ചോദ്യം ചെയ്യുന്ന മാനേജ്‌മെന്റുകള്‍ ബന്ധപ്പെട്ട സ്‌കൂളുകളെ കക്ഷി ചേര്‍ത്തില്ലെന്നും എ ജി തടസ്സവാദം ഉന്നയിച്ചു. വിദ്യാര്‍ഥികളാരും കേസില്‍ കക്ഷിയല്ലെന്നും എ ജി ചൂണ്ടിക്കാട്ടി. എന്നാല്‍ സ്‌കൂളുകള്‍ അനുവദിക്കുന്നതിലെ മാനദണ്ഡങ്ങളും സര്‍ക്കാര്‍ നടപടികളുമാണ് കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടിട്ടുള്ളതെന്നും അതിനാല്‍ ഈ വാദത്തിന് പ്രസക്തിയില്ലെന്നും ഡിവിഷന്‍ ബഞ്ച് പറഞ്ഞു.
ഹൈക്കോടതിയുടെ മുന്‍ ഉത്തരവുകള്‍ക്ക് വിരുദ്ധമായാണ് പ്ലസ് ടു അനുവദിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പൊടുന്നനെ നയം മാറ്റിയതെന്നും കോടതി വിലയിരുത്തി. സര്‍ക്കാറിനെ അനുകൂലിച്ച് കേസില്‍ കക്ഷി ചേരാന്‍ അനുവദിക്കണമെന്ന വെള്ളാപ്പള്ളി നടേശന്റെ ആവശ്യം കോടതി നിരസിച്ചു. കക്ഷി ചേരാന്‍ അനുമതി തേടുന്ന ഹരജികളൊന്നും തത്കാലം പരിഗണിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ ശിപാര്‍ശ മറികടന്ന് അനുവദിച്ച സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കരുതെന്ന സിംഗിള്‍ ബഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലാണ് ഡിവിഷന്‍ ബഞ്ച് പരിഗണിച്ചത്. മാനേജ്‌മെന്റുകളുടെ വാദം പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന് കേസ് വ്യാഴാഴ്ചത്തേക്ക് മാറ്റി.

Latest