ഡി വൈ എസ് പിമാര്‍ക്ക് സ്വന്തം ജില്ലയില്‍ നിയമനമുണ്ടാകില്ല

Posted on: August 27, 2014 12:46 am | Last updated: August 27, 2014 at 12:46 am

തിരുവനന്തപുരം: ഡി വൈ എസ് പിമാരുടെ സ്ഥലമാറ്റം സംബന്ധിച്ച് പുതിയ മാനദണ്ഡങ്ങള്‍ക്ക് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അംഗീകാരം നല്‍കി. പോലീസ് സേനയുടെ കാര്യക്ഷമതയും ആത്മവിശ്വാസവും വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് സ്ഥലം മാറ്റത്തിനായി പ്രത്യേക മാനദണ്ഡത്തിന് രൂപം നല്‍കിയത്. ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശ പ്രകാരം സംസ്ഥാനപോലീസ് മേധാവി കെ എസ് ബാലസുബ്രഹ്മണ്യമാണ് മാനദണ്ഡം തയ്യാറാക്കിയത്.
പുതിയ മാനദണ്ഡം അനുസരിച്ച് ഓഫീസര്‍മാര്‍ക്ക് അവരുടെ സ്വന്തം ജില്ലയിലോ ഭാര്യയുടെ ജില്ലയിലോ ലോക്കല്‍ പോലീസിലേക്ക് നിയമനം ലഭിക്കാന്‍ യോഗ്യതയുണ്ടായിരിക്കുന്നതല്ല. സബ്ഡിവിഷനിലോ ട്രാഫിക്കിലോ ഓരോ വര്‍ഷവും മെയ് 31ന് മുമ്പായി രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുന്നവരെ സ്‌പെഷ്യല്‍ യൂനിറ്റിലേക്ക് നിര്‍ബന്ധമായും സ്ഥലമാറ്റും.
സ്‌പെഷ്യല്‍ യൂനിറ്റില്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ലോക്കല്‍ നിയമനങ്ങള്‍ക്ക് യോഗ്യതയുണ്ടായിരിക്കുന്നതാണ്. ഒരു പോസ്റ്റില്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റത്തിന് യോഗ്യതയുണ്ടായിരിക്കുന്നതല്ല. ഒരു ജില്ലയില്‍ അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ തുടരാന്‍ ആരെയും അനുവദിക്കില്ല. രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രമേ അതേ ജില്ലയില്‍ വീണ്ടും നിയനം ലഭിക്കുകയുള്ളൂ.
എന്നാല്‍ വിരമിക്കലിന് ഒരു വര്‍ഷം മാത്രം ബാക്കിയുള്ള ഉദ്യോഗസ്ഥര്‍ക്ക് ഈ മാനദണ്ഡം ബാധകമല്ല. വിരമിക്കലിന് രണ്ടു വര്‍ഷം മാത്രം ബാക്കിയുള്ള ഉദ്യോഗസ്ഥര്‍ക്ക് അവര്‍ ആവശ്യപ്പെടുന്ന ജില്ലയിലേക്ക് നിയമനം നല്‍കാന്‍ ശ്രമിക്കും.
അധ്യയനവര്‍ഷത്തിന്റെ ഇടയിലുള്ള സ്ഥലം മാറ്റങ്ങള്‍ പരമാവധി ഒഴിവാക്കാനും പുതിയ മാനദണ്ഡത്തില്‍ ശിപാര്‍ശയുണ്ട്. കൂടാതെ വിരമിക്കല്‍, സാങ്കേതിക വൈദഗ്ധ്യം, പൊതു താത്പര്യം എന്നിവയുടെ അടിസ്ഥാനത്തിലുള്ള നിയമനങ്ങള്‍ക്ക് മാനദണ്ഡം ബാധകമല്ല.
ലോക്കല്‍ പോലീസിലും സ്‌പെഷ്യല്‍ യൂനിറ്റിലും ഓരോ വര്‍ഷത്തെയെങ്കിലും സര്‍വീസുള്ള ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ സ്ഥാനക്കയറ്റത്തിന് യോഗ്യതയുണ്ടായിരിക്കുകയുള്ളുവെന്നും മാനദണ്ഡം നിഷ്‌കര്‍ഷിക്കുന്നു. നേരത്തെ എസ് ഐ മാരുടെയും സി ഐ മാരുടെയും സ്ഥലമാറ്റവുമായി ബന്ധപ്പെട്ടും മാനദണ്ഡം പുറത്തിറക്കിയിരുന്നു.