വാട്ടര്‍ ടാക്‌സി നിര്‍ത്തിവെക്കില്ലെന്ന് ആര്‍ ടി എ

Posted on: August 26, 2014 8:32 pm | Last updated: August 26, 2014 at 8:32 pm

taxi2408ദുബൈ: വാട്ടര്‍ ടാക്‌സി നിര്‍ത്തിവെക്കില്ലെന്ന് ആര്‍ ടി എ വ്യക്തമാക്കി. ദുബൈയില്‍ എത്തുന്ന സ്വദേശികളും വിദേശികളുമായ ആയിരക്കണക്കിന് ആളുകളെ ഏറെ ആകര്‍ഷിച്ച വാട്ടര്‍ ടാക്‌സി നിര്‍ത്തുന്നതായി ഊഹാപോഹങ്ങള്‍ പ്രചരിക്കവേയാണ് ഇക്കാര്യത്തില്‍ വിശദീകരണവുമായി ആര്‍ ടി എ രംഗത്തെത്തിയിരിക്കുന്നത്.
ജലമാര്‍ഗത്തിലെ ആഡംബര സര്‍വീസായ വാട്ടര്‍ ടാക്‌സി ദുബൈയുടെ അഭിമാനമായ സേവനങ്ങളില്‍ ഒന്നാണെന്നും ആവശ്യക്കാര്‍ക്ക് വാട്ടര്‍ ടാക്‌സി ഓണ്‍ലൈനായി ബുക്ക് ചെയ്യാമെന്നും മറൈന്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ വകുപ്പ് ഡയറക്ടര്‍ ഹുസൈന്‍ ഹസ്സന്‍ ഖാന്‍സാഹിബ് വ്യക്തമാക്കി. ബുക്ക് ചെയ്യുന്നവരുടെ ഏറ്റവും അടുത്തുള്ള ദുബൈ ക്രീക്കിന്റെ ഭാഗത്തോ അല്ലെങ്കില്‍ എത്തിച്ചേരാന്‍ സാധിക്കുന്ന ജല മാര്‍ഗത്തിലോ വാട്ടര്‍ ടാക്‌സി എത്തും. ഓണ്‍ലൈനിനൊപ്പം ടോള്‍ ഫ്രീ നമ്പറായ 8009090 എന്ന നമ്പറിലും വാട്ടര്‍ ടാക്‌സി ബുക്ക് ചെയ്യാവുന്നതാണ്. രാവിലെ 10 മുതല്‍ രാത്രി 10 വരെയാണ് ബുക്കിംഗ് സമയം. പണമായോ വിസ കാര്‍ഡ് ഉപയോഗിച്ചോ വാട്ടര്‍ ടാക്‌സിയുടെ വാടക നല്‍കാവുന്നതാണ്.
2014 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലത്ത് 20,000 പേരാണ് വാട്ടര്‍ ടാക്‌സിയുടെ സേവനം ഉപയോഗപ്പെടുത്തിയത്. ഇത് ഈ സേവനത്തിന്റെ ജനസമ്മതിയാണ് വ്യക്തമാക്കുന്നത്. കൂടുതല്‍ ശക്തമായ സാന്നിധ്യമായി വാട്ടര്‍ ടാക്‌സി മാറുന്നുവെന്നാണ് ഇത് ബോധ്യപ്പെടുത്തുന്നത്. തുടക്കത്തില്‍ 17 സ്റ്റേഷനുകളില്‍ നിന്നായിരുന്നു വാട്ടര്‍ ടാക്‌സിയുടെ സേവനം നല്‍കിയിരുന്നതെങ്കില്‍ ഇപ്പോഴിത് 38 സ്‌റ്റേഷനുകളായി വര്‍ധിച്ചിരിക്കയാണ്. ദുബൈയുടെ തീരങ്ങളുമായി ബന്ധിപ്പിച്ചാണ് സര്‍വീസ് നടത്തുന്നത്. അഞ്ച് വാട്ടര്‍ സര്‍വീസുകളാണുള്ളത്. ഇതില്‍ ഓരോന്നിലും 10 പേര്‍ക്ക് വീതം യാത്ര ചെയ്യാം. മണിക്കൂറിന് 400 ദിര്‍ഹമാണ് ഈടാക്കുന്നത്. വിനോദ സഞ്ചാരികള്‍ക്കോ കുടുംബങ്ങള്‍ക്കോ ഇതിന്റെ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. അര മണിക്കൂറിന് 200 ദിര്‍ഹമാണ് ഈടാക്കുന്നത്.
ബര്‍ദുബൈ, ദുബൈ മറീന, അല്‍ മംസാര്‍, ദെയ്‌റ ഓള്‍ഡ് സൂഖ്, അല്‍ സബ്ഖ, ബനിയാസ്, ദുബൈ ഫെസ്റ്റിവെല്‍ സിറ്റി, ദുബൈ ക്രീക്ക് ഗോള്‍ഫ് ആന്‍ഡ് യാച്ചറ്റ് ക്ലബ്ബ്, ഷിന്ദഗ, അല്‍ ഫഹീദി, സഫൂഹ്, അല്‍ സീഫ്, ക്രീക്ക് പാര്‍ക്ക് എ, ക്രീക്ക് പാര്‍ക്ക് ബി, അല്‍ ബൂം ടൂറിസ്റ്റ് വില്ലേജ്, അല്‍ ഗുബൈബ, ജുമൈറ ഓപ്പണ്‍ ബീച്ച്, ജുമൈറ ബീച്ച് ഹോട്ടല്‍, സോഫിടെല്‍ റിസോര്‍ട്ട്, ദ പാം, ജബല്‍ അലി ഗോള്‍ഫ് റിസോര്‍ട്ട്, അറ്റ്‌ലാന്റിസ്, മിന സിയാദി, വണ്‍ ആന്‍ഡ് ഓണ്‍ലി റോയല്‍ മിറാജ്, വണ്‍ ആന്‍ഡ്് ഓണ്‍ലി ദ പാം, റിക്‌സോസ് ഹോട്ടല്‍, ദുബൈ മറീന മാള്‍, മിന റാശിദ് സ്‌റ്റേഷന്‍, പോര്‍ട്ട് റാശിദ് എന്നിവിടങ്ങളിലാണ് വാട്ടര്‍ ടാക്‌സിയുടെ സ്റ്റേഷനുകളുള്ളത്.