മൃഗങ്ങള്‍ക്കൊപ്പം കളിച്ചുവളരാന്‍ കൊച്ചുകുട്ടികള്‍ക്ക് നഴ്‌സറി

Posted on: August 26, 2014 7:59 pm | Last updated: August 26, 2014 at 7:59 pm

അബുദാബി: കൊച്ചുകുട്ടികള്‍ക്ക് മൃഗങ്ങള്‍ക്കൊപ്പം കളിച്ചുവളരാന്‍ സാഹചര്യമൊരുക്കി നഴ്‌സറി. അബുദാബി ഷഹാമയിലെ എമിറേറ്റ്‌സ് പാര്‍ക്ക് മൃഗശാലയിലാണ് ബാണീ ഹോം നഴ്‌സറി സ്ഥാപിച്ചത്. നഴ്‌സറിയുടെ ഉദ്ഘാടനം മൃഗശാലാ ചെയര്‍മാന്‍ മേജര്‍ ജനറല്‍ നാസര്‍ ലക്രെയ്ബാനി അല്‍ നുഐമി നിര്‍വഹിച്ചു.
സമൂഹത്തെ അറിയുന്നതിനൊപ്പം തന്നെ മൃഗങ്ങളെ അറിഞ്ഞുകൊണ്ട് ബാലപാഠങ്ങള്‍ സ്വായത്തമാക്കാന്‍ അവസരമൊരുക്കുന്നതാണിത്. കുട്ടികള്‍ക്ക് മൃഗങ്ങളുമായി അടുത്ത് ഇടപെഴുകാനും സൂക്ഷ്മമായി നിരീക്ഷിക്കാനും കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാനുമെല്ലാം പുതിയ നഴ്‌സറി അവസരം നല്‍കുന്നു.
പാഠപുസ്തകങ്ങള്‍ക്കും ഇന്റര്‍നെറ്റിനുമെല്ലാം അപ്പുറം ഇത്തരത്തില്‍ പക്ഷിമൃഗാദികളുടെ ജീവിതം നിരീക്ഷിക്കാനും മനസ്സിലാക്കാനും സാധിക്കുന്നത് കുട്ടികളുടെ വ്യക്തിത്വ വികാസത്തില്‍ ഏറെ ഗുണം ചെയ്യുമെന്ന് ആല്‍ നുഐമി പറഞ്ഞു. മൃഗങ്ങളെ പരിചരിക്കുന്നതും തീറ്റനല്‍കുന്നതും കുട്ടികളില്‍ ഉത്തരവാദിത്വബോധവും സഹാനുഭൂതിയും വളര്‍ത്താന്‍ സഹായകമാകും. ഭിന്നശേഷിയുള്ള കുട്ടികള്‍ക്കും വിധവകളുടെ മക്കള്‍ക്കും നഴ്‌സറിയില്‍ പ്രത്യേക സീറ്റ് സംവരണം അനുവദിച്ചതായും അദ്ദേഹം അറിയിച്ചു.