ഡിഎസ്എസ്: മാളുകളിലെ വില്‍പനയില്‍ 10 ശതമാനം വര്‍ധന

Posted on: August 26, 2014 7:34 pm | Last updated: August 26, 2014 at 7:34 pm

ദുബൈ: ദുബൈ വേനല്‍ വിസ്മയോത്സവത്തിന്റെ (ഡി എസ് എസ്) ഭാഗമായി മാളുകളില്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ 10 ശതമാനം വര്‍ധനവുണ്ടെന്ന് ദുബൈ ഫെസ്റ്റിവല്‍സ് ആന്റ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്‌മെന്റ് സി ഇ ഒ ലൈലാ മുഹമ്മദ് സുഹൈല്‍ അറിയിച്ചു.
വ്യാപാരത്തിലും വന്‍ വര്‍ധനവുണ്ട്. 27 മാളുകളാണ് ഡി എസ് എസുമായി സഹകരിക്കുന്നത്. അല്‍ റൊസ്തമാനി ഗ്രൂപ്പിന് വിറ്റുവരവില്‍ 37 ശതമാനം വര്‍ധനവുണ്ടെന്നും കണക്കാക്കിയിട്ടുണ്ട്.
വേനല്‍ക്കാലത്തും ദുബൈയിലേക്ക് ധാരാളം സന്ദര്‍ശകര്‍ എത്തുന്നുണ്ടെന്നാണ് ഇത് കാണിക്കുന്നത്. മാളുകളിലെ വിനോദ പരിപാടികള്‍ ആകര്‍ഷകങ്ങളാണ്. ഇതിനിടയില്‍ വ്യാപാരവും നടക്കുന്നു. ദുബൈ ഡ്യൂട്ടി ഫ്രീയില്‍ നിന്ന് സുഗന്ധ ദ്രവ്യങ്ങളാണ് ഏറ്റവുമധികം വിറ്റുപോകുന്നത്. പാരിസ് ഗാലറി ഷോറൂമില്‍ 20 ശതമാനം വ്യാപാര വര്‍ധനവുണ്ട്.
ദേര സിറ്റി സെന്റര്‍, മാള്‍ ഓഫ് ദി എമിറേറ്റ്‌സ്, സിറ്റി സെന്റര്‍ മിര്‍ദിഫ് എന്നിവിടങ്ങളില്‍ 10 ലക്ഷം ദിര്‍ഹമിന്റെ സമ്മാന പദ്ധതികളുണ്ടെന്ന് മാജിദ് അല്‍ ഫുത്തൈം അസോ. ഡയറക്ടര്‍ ഹുസൈന്‍ മൂസ അറിയിച്ചു. ഇലക്‌ട്രോണിക്‌സില്‍ സ്മാര്‍ട്ട് ഫോണുകള്‍ക്ക് കനത്ത വില്‍പനയാണ്. ആഗസ്റ്റ് രണ്ടിനാണ് ഡി എസ് എസ് തുടങ്ങിയത്. സെപ്തംബര്‍ അഞ്ചുവരെ നീണ്ടു നില്‍ക്കും.