സംസ്ഥാന സര്‍ക്കാറിന്റെ ഭൂരഹിത കേരളം പദ്ധതിയില്‍ വന്‍ തട്ടിപ്പ്

Posted on: August 26, 2014 10:55 am | Last updated: August 26, 2014 at 10:55 am

kerala governmentവടക്കഞ്ചേരി: സംസ്ഥാന സര്‍ക്കാറിന്റെ ഭൂരഹിത കേരളം പദ്ധതിയില്‍ വന്‍തട്ടിപ്പ, പാറക്കൂട്ടങ്ങള്‍ അളന്ന് നല്‍കിയ നൂറോളം പേര്‍ ഭൂമി വേണ്ടെന്ന് വെക്കുന്നു. ഭൂമിയില്ലാത്തവര്‍ക്ക് ഭൂമി നല്‍കുന്നതിന് വേണ്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ ഭൂരഹിത കേളം പദ്ധതിക്ക് തുടക്കം കുറിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ കിഴക്കഞ്ചേരി,ഒന്ന്, വണ്ടാഴി ഒന്ന് വില്ലേജുകളില്‍ ലഭിച്ച നൂറോളം പേരാണ് ഭൂമി വേണ്ടെന്ന് വെക്കാനൊരുങ്ങുന്നത്. ജനവാസ യോഗ്യമല്ലാത്ത വെറും പാറയാണ് അധികൃതര്‍ അളന്ന് തിട്ടപ്പെടുത്തി കൊടുക്കുന്നത്.
കിഴക്കഞ്ചേരി രണ്ട് വില്ലേജിലെ വേളാമ്പുഴ ്അഴകംപാറയില്‍ ബ്ലോക്ക് നമ്പര്‍ 40ല്‍ 230, 5, 216.4 സര്‍വേ നമ്പറില്‍പ്പെട്ടഭൂമിയാണ് അളന്ന് തിട്ടപ്പെടുത്തി കൊടുക്കുന്നതിന് വേണ്ടി റവന്യൂ വകുപ്പ് അധികൃതരും മറ്റും എത്തിയിരുന്നു.
എന്നാല്‍ ഉപയോഗശൂന്യമായ പാറക്കെട്ടുകള്‍ തങ്ങള്‍ക്ക് വേണ്ടെന്ന നിലപാടിലായിരുന്നു ഇവിടെ ഭൂമി ല’ിച്ച 47 കുടുംബങ്ങള്‍, മാത്രമല്ല തങ്ങള്‍ക്ക് ഭൂമി വേണ്ടെന്ന് ചൂണ്ടിക്കാട്ടി ഈ കുടുംബങ്ങള്‍ വില്ലേജ് ഓഫീസിലെത്തി എഴുതി കൊടുക്കുകയും ചെയ്തു. തുടര്‍ന്ന് വകുപ്പ് മന്ത്രി,. ജില്ലാ കലക്ടര്‍, തഹസില്‍ദാര്‍ എന്നിവര്‍ക്ക് പരാതി കൊടുക്കാനും തീരുമാനിച്ചിട്ടുണ്ട്.
വണ്ടാഴി ഒന്ന് വില്ലേജില്‍പ്പെട്ട ബ്ലോക്ക് നമ്പര്‍ 48ലെ 573 സര്‍വേനമ്പറിലുള്ള ഭൂമിയാണ് 38 ഓളം കുടുംബങ്ങള്‍ക്കായി കൊടുക്കാന്‍ തീരുമാനിച്ചത്. ഇതും പാറയായതിനാല്‍ ഇവര്‍ ഭൂമി വേണ്ടെന്ന് വെക്കുകയായിരുന്നു. വണ്ടാഴി വില്ലേജിലെ മാപ്പിള പൊറ്റയിലാണ് ഇത്തരത്തില്‍ പാറകള്‍മാത്രം നിറഞ്ഞ ഭൂമി കണ്ടെത്തിയത്. ലാന്റ് റവന്യൂ അസിസ്റ്റന്റ് കമ്മീഷണറാണ് ഭൂരഹിതര്‍ക്കുള്ള ഭൂമി കണ്ടെത്തിയത്രെ.
ഇവര്‍ക്ക് നല്‍കിയ മൂന്ന് സെന്റ് വീതം ഭൂമിയുടെ പട്ടയം പാലക്കാട് വെച്ച് നടന്ന പട്ടയമേളയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കിയിരുന്നു.
ഈ പട്ടയമുള്‍പ്പെടെ തങ്ങള്‍ക്ക് വേണ്ടെന്നാണ് ജനങ്ങള്‍ പറയുന്നത്.