Connect with us

Malappuram

വണ്ടൂരില്‍ അരങ്ങേറിയത് ഡസനിലേറെ മോഷണങ്ങള്‍

Published

|

Last Updated

വണ്ടൂര്‍: പോലീസ് സ്റ്റേഷന്‍ പരിധിയിലെ വീടുകള്‍ കേന്ദ്രീകരിച്ച് മോഷണങ്ങള്‍ വ്യാപകമാകുന്നു. വീട്ടുകാര്‍ പുറത്തേക്ക് പോകുന്ന സാഹചര്യങ്ങളിലാണ് മിക്ക മോഷണങ്ങളും നടന്നത്. പ്രാദേശിക സംഘങ്ങളാണ് ഈ മോഷണങ്ങള്‍ക്ക് പിന്നിലെന്ന സംശയവും വ്യാപകമാണ്. മഞ്ചേരി പോലീസ് സ്റ്റേഷന്‍ പരിധിയിലെ ചെറുകുളം കൊയിലാണ്ടിയില്‍ വീടുകള്‍ കേന്ദ്രീകരിച്ച് നടന്ന കേസില്‍ വീട്ടുകാരുടെ ബന്ധുവായിരുന്നു മോഷണത്തിന് പിന്നില്‍.
സമാനമായ രീതിയിലാണ് കഴിഞ്ഞ ദിവസം വണ്ടൂരിലെ പള്ളിക്കുന്നില്‍ മോഷണം നടന്നത്. പാറശ്ശേരി യഹ്‌യയുടെ വീട്ടില്‍ നടന്നതാണ് ഇതില്‍ ഏറ്റവും ഒടുവിലെത്തേത്. കുടുംബവുമായി പോത്തുകല്ലിലുള്ള ബന്ധു വീട്ടില്‍ പോയി മണിക്കൂറുകള്‍ക്കകം മടങ്ങിയെത്തിയപ്പോഴേക്കും മോഷണം നടന്നിരുന്നു. 27 പവന്‍ സ്വര്‍ണവും 38,000 രൂപയുമാണ് നഷ്ടപ്പെട്ടത്. ഈ മാസം പതിനാലിന് കളപ്പാട്ടുകുന്ന് കൊമ്പന്‍ മനോജിന്റെ വീട്ടിലും സമാന രീതിയില്‍ മോഷണം നടന്നു. അഞ്ചരപ്പവന്‍ സ്വര്‍ണവും 16,500 രൂപയുമാണ് മോഷ്ടിക്കപ്പെട്ടത്.
കഴിഞ്ഞ മാസം കോഴിപറമ്പ് നീലാമ്പ്ര ഉമര്‍ കോയയുടെ വീട്ടിലും , പുളിക്കല്‍ ഏലാട്ടുപറമ്പന്‍ അബ്ദുലത്വീഫിന്റെ മോഷണം നടന്നിരുന്നു. ഇരു വീടുകളില്‍ നിന്നുമായി 26 പവന്‍ സ്വര്‍ണവും 4000 രൂപയും നഷ്ടപ്പെട്ടത്. സമാനരീതിയില്‍ ചെറുകോട്, അയനിക്കോട്, ഇരുപത്തെട്ട്, ആശാരിപ്പടി തുടങ്ങിയ പ്രദേശങ്ങളില്‍ നടന്ന ഡസനിലധികം മോഷണങ്ങള്‍ നടന്നെങ്കിലും പ്രതികളെ പിടികൂടാനായിട്ടില്ല. ആശാരിപ്പടിയിലെ കറുത്തേടത്ത് അബ്ദുര്‍റസാഖിന്റെ വീട് കുത്തിതുറന്ന് നടന്ന മോഷണത്തില്‍ വീട്ടിനകത്തെ അലമാരയിലുണ്ടായിരുന്ന 15,000 രൂപയാണ് നഷ്ടപ്പെട്ടത്. വീട് പൂട്ടി ചെറുകോട് അങ്ങാടിവരെ പോയ അബ്ദുര്‍റസാഖ് ഒരു മണിക്കൂറിനകം തിരിച്ചുവന്നപ്പോഴേക്കും മോഷണം നടന്നിരുന്നു. വീടിന്റെ മുന്‍വശത്തെ വാതില്‍ കുത്തിതുറന്ന ശേഷം അകത്ത് നിന്ന് പൂട്ടിയാണ് മോഷ്ടാക്കള്‍ മോഷണം നടത്തിയത്. വീട്ടിലേക്ക് ആള്‍ വരുന്നതറിഞ്ഞ് വീടിന്റെ പിറകിലൂടെയാണ് മോഷ്ടാവ് രക്ഷപ്പെട്ടത്.
വടപുറം-പട്ടിക്കാട് സംസ്ഥാന പാതയോരത്ത് ചെറുകോട് ഇരുപത്തെട്ടിലെ പൂവത്തി ഹക്കീം മാസ്റ്ററുടെ വീടിന്റെ മുന്‍വാതില്‍ കുത്തിതുറന്ന ശേഷം അകത്തുനിന്നും പൂട്ടിയാണ് മോഷണം നടന്നത്. വീട്ടിലെ അലമാരയിലുണ്ടായിരുന്ന പതിമൂന്നര പവന്‍ സ്വര്‍ണവും 18,500 രൂപയുമാണ് അന്ന് മോഷ്ടിക്കപ്പെട്ടത്. വീട്ടിലുണ്ടായിരുന്ന ഭാര്യയും മക്കളും വിരുന്ന്‌പോയ നേരത്തായിരുന്നു സംഭവം.
വൈകീട്ട് വീട് പൂട്ടി അരക്കിലോമീറ്റര്‍ അകെലുള്ള ചെറുകോട് അങ്ങാടിയിലേക്ക് പോയ ഹക്കീം മാസ്റ്റര്‍ രാത്രി 9.30 ഓടെ തിരിച്ചെത്തിയപ്പോള്‍ മുന്‍വാതില്‍ അകത്തുനിന്നും പൂട്ടിയിട്ട നിലയിലായിരുന്നു. ഈ സമയം മോഷ്ടാക്കള്‍ അകത്തുണ്ടായിരുന്നു . മുന്‍വാതില്‍ താക്കോലിട്ട് തിരിക്കുന്ന ശബ്ദവും കേട്ട് ഓടിരക്ഷപ്പെടുകയായിരുന്നു.
പ്രദേശത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപമുള്ള വീട്ടിലും മോഷണം നടന്നിരുന്നു. കുപ്പനത്ത് പൊന്നുമുണ്ടശ്ശേരി ഹൈദ്രൂവിന്റെ വീട്ടില്‍ അര്‍ധരാത്രി നടന്ന മോഷണത്തില്‍ മരുമകളുടെ രണ്ട് പവന്‍ കനമുള്ള പാദസരമാണ് മോഷ്ടിക്കപ്പെട്ടത്. മോഷ്ടാവ് അടുത്തുള്ള വീട്ടില്‍ കോണികൊണ്ടുവന്നാണ് ഇരുനില വീടിന്റെ മുകളിലേക്ക് കയറിയത്.തുടര്‍ന്ന് വീടിന്റെ ജനലിന്റെ വിടവിലൂടെയാണ് മോഷണം നടത്തിയത്.
നോമ്പുതുറക്കാന്‍ പോയ സമയം അയനിക്കോട് കാക്കാത്തോട് പാലത്തിന് സമീപം ചുണ്ടിയന്‍മൂച്ചി മുഹമ്മദ് അന്‍വറിന്റെ വീട്ടില്‍ നടന്ന മോഷണത്തില്‍ 29 പവനും 56,000 രൂപയുമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. വന്‍മോഷണങ്ങള്‍ നടക്കുമ്പോള്‍ അന്തര്‍സംസ്ഥാന സംഘങ്ങളാണ് പിന്നിലെന്ന് പറഞ്ഞ് ജാഗ്രത നിര്‍ദേശങ്ങള്‍ നല്‍കുകയാണ് പോലീസ് ചെയ്യാറുള്ളത്.

 

Latest