Connect with us

Sports

കനത്ത മഴ ; ആദ്യ ഏകദിനം ഉപേക്ഷിച്ചു

Published

|

Last Updated

ബ്രിസ്റ്റള്‍: ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചു. കനത്ത മഴ കാരണം ഒരു പന്ത് പോലും എറിയാതെയാണ് മത്സരം റദ്ദാക്കിയത്. രണ്ടാം മത്സരം നാളെ കാര്‍ഡിഫില്‍.
മഴ ശമിച്ചാല്‍ മത്സരം ഇരുപതോവറാക്കിയെങ്കിലും നടത്താമെന്നായിരുന്നു ഒഫിഷ്യലുകള്‍ തീരുമാനിച്ചത്. എന്നാല്‍, ഒന്നര മണിക്കൂറിന് ശേഷവും മഴ ശക്തമായി തുടര്‍ന്നതോടെ മത്സരം ഉപേക്ഷിക്കുകയല്ലാതെ വഴിയില്ലായിരുന്നു. ഇംഗ്ലണ്ടിന് വേണ്ടി ഏകദിന അരങ്ങേറ്റം കുറിക്കാന്‍ കാത്തിരുന്ന ബാറ്റ്‌സ്മാന്‍ അലക്‌സ് ഹാല്‍സിന് മഴ നിരാശ സമ്മാനിച്ചു. കാര്‍ഡിഫില്‍ അരങ്ങേറ്റം കുറിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അലക്‌സ്.
2013 ല്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇംഗ്ലണ്ടിനെ ഇന്ത്യ തോല്‍പ്പിച്ചത് മഴ തടസ്സപ്പെടുത്തിയ വേളയിലായിരുന്നു. ഇരുപതോവറാക്കി ചുരുക്കിയ പോരാട്ടം ഇന്ത്യ പിടിച്ചെടുത്തു.
ഫ്‌ളെച്ചറിന് പിന്തുണയുമായി ധോണി
ബ്രിസ്റ്റള്‍: പരിശീലകന്‍ ഡങ്കന്‍ ഫ്‌ളെച്ചര്‍ക്ക് പിന്തുണയുമായി ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി രംഗത്ത്. ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ബോസ് ഡങ്കന്‍ ഫ്‌ളെച്ചര്‍ തന്നെയായിരിക്കുമെന്ന് ധോണി പറഞ്ഞു. ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പരയിലേറ്റ നാണക്കേടിനെ തുടര്‍ന്ന് ബി സി സി ഐ നടത്തിയ പുതിയ നിയമനങ്ങള്‍ ഫ്‌ളെച്ചറുടെ അധികാരങ്ങള്‍ വെട്ടിമാറ്റുന്നതായിരുന്നു. രവി ശാസ്ത്രിയെ ടീം ഡയറക്ടറായി നിയമിച്ചപ്പോള്‍ ഫീല്‍ഡിംഗ്, ബൗളിംഗ് പരിശീലകരായി പുതിയ മുഖങ്ങള്‍ എത്തി. ഇതൊന്നും ഫ്‌ളെച്ചറോട് വിശദീകരണം ചോദിക്കാതെ എടുത്ത നടപടിയായിരുന്നു. ഇതേ തുടര്‍ന്ന് ഫ്‌ളെച്ചര്‍ക്ക് ടീം ഇന്ത്യയില്‍ കാര്യമായ റോളില്ലെന്ന രീതിയില്‍ റിപ്പോര്‍ട്ടുകള്‍ വന്നു.
ബ്രിസ്റ്റള്‍ ഏകദിനത്തിന് മുന്നോടിയായിട്ടുള്ള വാര്‍ത്താ സമ്മേളനത്തില്‍ പുതിയ മാറ്റങ്ങളെ കുറിച്ച് ചോദ്യങ്ങളുയര്‍ന്നു. രവി ശാസ്ത്രിക്ക് മാനേജറുടെ ദൗത്യമാണെന്നും പുറമെ നിന്നുള്ള ഇടപെടല്‍ മാത്രമാണ് അദ്ദേഹം നടത്തുകയെന്നും ധോണി പറഞ്ഞു. രവി ശാസ്ത്രിയുടെ പരിചയ സമ്പത്തും കളിക്കാരില്‍ അദ്ദേഹത്തിന് ചെലുത്താന്‍ സാധിക്കുന്ന പ്രചോദനവും വലുതാണ്.
പുറത്താക്കപ്പെട്ട ബൗളിംഗ്, ഫീല്‍ഡിംഗ് പരിശീലകര്‍ ടീമിന് വേണ്ടി ഏറെ ചെയ്തവരാണ്. കളിക്കാര്‍ ക്യാച്ച് വിട്ടപ്പോള്‍ പരിശീലകര്‍ക്ക് നഷ്ടമായത് അവരുടെ സ്ഥാനം തന്നെ – ധോണി പറഞ്ഞു.

Latest