ഇന്ത്യന്‍ പുരാണങ്ങളുടെ അകവും പുറവും

Posted on: August 26, 2014 6:00 am | Last updated: August 26, 2014 at 11:19 am

puranamതാനൊരു ഏകാധിപതിയായിരുന്നെങ്കില്‍ എന്തൊക്കെയോ ചിലതൊക്കെ അങ്ങ് ചെയ്തുകളയും എന്നു വീരവാദം പറയുന്ന പല ശുംഭന്മാരെയും നമ്മള്‍ മുമ്പും കണ്ടിട്ടുണ്ട്. ഇത്തരം വിടുവായിത്തങ്ങള്‍ പരസ്യമായി പറയുന്നതു പോലും നിയമവിരുദ്ധമാണ്. സാധാരണക്കാരുടെ കൊച്ചു വര്‍ത്തമാനങ്ങളില്‍ പെടുത്തി ഇത്തരം വീമ്പു പറച്ചിലുകളെ നമ്മളൊക്കെ തള്ളിക്കളയാറാണ് പതിവ്. ഇവിടെ ഇപ്പോള്‍ ഇതാ, രാജ്യത്തെ പരമോന്നത നീതിപീഠത്തില്‍ ഉപവിഷ്ഠനായിരിക്കുന്ന ജസ്റ്റിസ് ആര്‍ ദാവെ ഇതുപോലൊരു ഭോഷത്വം പറഞ്ഞു ശ്രദ്ധ നേടിയിരിക്കുന്നു. താന്‍ ഏകാധിപതി ആയിരുന്നെങ്കില്‍ ഒന്നാം ക്ലാസ് മുതല്‍ ഭഗവത് ഗീതയും രാമായണവും പഠിപ്പിക്കുമായിരുന്നു എന്നാണ് പറഞ്ഞത്. അഹമ്മദാബാദില്‍ ലോ സൊസൈറ്റി സംഘടിപ്പിച്ച സെമിനാറിലാണ് ഈ ന്യായാധിപന്‍ ഇന്ത്യക്കാര്‍ പഴയ പാരമ്പര്യങ്ങളിലേക്കു മടങ്ങണമെന്ന ആഹ്വാനത്തിന്റെ ഭാഗമായി മണ്ടത്തരം വിളിച്ചു പറഞ്ഞ് ആളാകാന്‍ നോക്കിയത്. യുവര്‍ ഓണര്‍, ഒന്നാം ക്ലാസ് മുതലല്ല പത്താം ക്ലാസ്സിന് ശേഷമെങ്കിലും നമ്മുടെ കുട്ടികള്‍ ഹൈന്ദവ പുരാണേതിഹാസങ്ങളൊക്കെ ഒന്നു മനസ്സിരുത്തി പഠിക്കുന്നത് നല്ലതായിരിക്കും. ബഹുമാനപ്പെട്ട ന്യായാധിപന്‍ അതിനു മിനക്കെടാത്തതു കൊണ്ടായിരിക്കും നമ്മുടെ പുരാണേതിഹാസങ്ങളൊക്കെ എന്തോ മുന്തിയ സാധനങ്ങളാണെന്ന് ഒരു തരം ഗൃഹാതുരത്വചിന്ത അദ്ദേഹത്തിലുണര്‍ന്നതെന്നു തോന്നുന്നു.
ഇന്ത്യന്‍ പുരാണേതിഹാസങ്ങള്‍ നന്നായി പഠിച്ച ഒരു കവി നമുക്കുണ്ടായിരുന്നു. മഹാകവി ചങ്ങമ്പുഴ. അദ്ദേഹം തന്റെ അതി മനോഹരമായ കാവ്യ ഭാഷയില്‍ ഇതേക്കുറിച്ചൊക്കെ എഴുതിയിട്ടുണ്ട്. രണ്ടുവരികള്‍ ഉദ്ധരിക്കട്ടെ:
ജടയുടെ സംസ്‌കാര പനയോലക്കെട്ടൊക്കെ
പ്പൊടികെട്ടിപ്പുഴുകുത്തി ചിതലുമുറ്റി
ചികയുന്നോ-ചിരിവരും ചിലതിനിയുമുണ്ടെ
ന്നോ?
ചിതയിലേക്കവയെടുത്തെറിയൂ വേഗം!
കവി അവിടംകൊണ്ടും നില്‍ക്കുന്നില്ല; വീണ്ടും പാടുന്നു:
ഒളിയമ്പിനു വിരുതനാം ശരവീരന്‍ ശ്രീരാമനു
വിളയാടാനുള്ളതല്ലിനിയീ ലോകം’
ഇന്ത്യന്‍ പുരാണങ്ങളുടെ അകവും പുറവും സൂക്ഷ്മ പരിശോധന നടത്തുന്നവര്‍ക്കും അസുഖകരമായ പലതും കാണാന്‍ കഴിയും. ദൈവങ്ങള്‍ മനുഷ്യാവതാരം എടുത്തു എന്ന പൊതു സങ്കല്‍പ്പത്തിലെ യുക്തിശൂന്യതയെ ചൂണ്ടിക്കാണിക്കുക എളുപ്പമാണ്. ഭാരതീയ ദര്‍ശനത്തിലെ ദൈവങ്ങള്‍ ബ്രഹ്മാവും വിഷ്ണുവും ശിവനും ഉള്‍പ്പെടെയുള്ള ത്രിമൂര്‍ത്തികളും അവരുടെ ഭാര്യമാരും മക്കളും സേവകരും ആയി ഏറെ പ്രകീര്‍ത്തിക്കപ്പെട്ട ചെറുതും വലുതുമായ എല്ലാ ചെറുകിട ദൈവങ്ങളും ഒരു കാലത്ത് ഈ മണ്ണില്‍ മനുഷ്യരായി ജീവിച്ചിരുന്നു. അവരുള്‍ക്കൊണ്ടിരുന്ന ഗോത്രവര്‍ഗ സംസ്‌കാരത്തിന്റെ അപ്രമാദിത്തം അംഗീകരിച്ചു കിട്ടുവാന്‍ പരിശ്രമിച്ചു പോരാട്ടം നയിച്ചവരായിരുന്നു അവര്‍.
പൗരാണിക സംസ്‌കൃതികളില്‍ നാലും അഞ്ചും ശിരസ്സുകളുള്ള ഈശ്വരന്മാരെ അവതരിപ്പിക്കുകയും സൃഷ്ടി സ്ഥിതി സംഹാര കര്‍മങ്ങള്‍ക്ക് കാരണഭൂതന്മാരായി സങ്കല്‍പ്പിച്ച് ആരാധിക്കുകയും ചെയ്തിരുന്നു. മറ്റു മതങ്ങളില്‍ നിന്നു വ്യത്യസ്തമായി ഹിന്ദു ദൈവങ്ങള്‍ മിക്കവരും ആയുധധാരികളാണ്. ജനങ്ങളെ തങ്ങള്‍ക്കു വിധേയപ്പെടുത്താന്‍ ഒന്നുകില്‍ അവരുടെ നിരുപാധിക സമ്മതി നേടുക അല്ലെങ്കില്‍ ഹിംസയും ആക്രമണ ഭീഷണിയും ഉയര്‍ത്തി വിധേയരാക്കുക. ഇതായിരുന്നു ലോകത്തിലെ ഏറെക്കുറെ എല്ലാ ‘ദൈവങ്ങളും’ അവലംബിച്ചു പോന്ന ശൈലി തന്ത്രം. ദേവലോകവും അവിടുത്തെ മുഖ്യ ഭരണാധികാരിയായ ദേവേന്ദ്രനും സവിശേഷമായ ഒരു ഹിന്ദു സങ്കല്‍പ്പമാണ്. അപ്‌സര ഗന്ധര്‍വ കിന്നര സമുച്ചയത്തിന്റെ സേവനങ്ങളും ശുശ്രൂഷയും പ്രയോജനപ്പെടുത്തി നിത്യ യൗവനാസക്തിയും അമര്‍ത്യ വാഞ്ഛയും കലശലായി ബാധിച്ച ചെറിയ മനുഷ്യരെയാണ് മിക്ക ദേവന്മാരും അനുസ്മരിപ്പിക്കുന്നത്. ദേവലോകം, യഥാര്‍ത്ഥത്തില്‍ അങ്ങനെ ഒന്നുണ്ടെങ്കില്‍, ആരെയും കൊതിപിടിപ്പിക്കുന്നതാണ്.
ദേവാധി ദേവന്‍ എന്നറിയപ്പെട്ടിരുന്ന ഇന്ദ്രന്‍ സിന്ധു തടത്തില്‍ വസിച്ചിരുന്ന ആദിദ്രാവിഡരെ അതായത് ഇന്നു നമ്മള്‍ ദളിതു ബഹുജനങ്ങള്‍ എന്നു വിളിച്ചു വരുന്നവരെ കൂട്ടത്തോടെ കൊന്നൊടുക്കിയ വ്യക്തിയായിരുന്നു എന്നു വേണം കരുതാന്‍. ഇദ്ദേഹം ഭരണം നടത്തിയിരുന്ന ഇന്ദ്രപ്രസ്ഥം എന്ന ഭൂവിഭാഗം തന്നെ ആയിരിക്കാം പില്‍ക്കാലത്തു ദേവലോകമായി കവികള്‍ പരാവര്‍ത്തനം ചെയ്തത്. ഇന്ദ്രനെക്കുറിച്ചു പ്രാചീന കവികളും ചിന്തകന്മാരും രൂപപ്പെടുത്തിയ സങ്കല്‍പ്പത്തിനു ബദലായ മറ്റൊരു സങ്കല്‍പ്പം രൂപപ്പെടുത്താനുള്ള കാഞ്ച ഐലയെപ്പോലുള്ള ദളിത് ചിന്തകന്മാരുടെ അവകാശവാദത്തെ ആദരിച്ചേ മതിയാകൂ. അദ്ദേഹം എഴുതുന്നു.’നമ്മുടെ നാട്ടിലെ ദളിത് ബഹുജനങ്ങളെ കീഴടക്കിയിട്ട് ഈ ആര്യന്‍ അധിനിവേശ നായകന്‍, ഇവിടെ ഒരു ഇടയവര്‍ഗ ആര്യന്‍ രാജ്യം സ്ഥാപിച്ചു. ജനങ്ങളില്‍ നൈസര്‍ഗികമായ ഉത്പാദനശേഷിയെ മയക്കിക്കിടത്തിയിട്ട്, സ്വന്തം ഉപഭോഗത്തിനായി ഒരു കൂറ്റന്‍ അന്തഃപുരം സ്ഥാപിച്ചു കുടിച്ചു മദിച്ച് ആടിപ്പാടി അന്തഃപുര ജീവിതത്തിന്റെ ആനന്ദങ്ങളില്‍ മുഴുകി. സൗന്ദര്യത്തിന്റെയും മൈഥുന ലീലകളുടെയും ഉദാത്ത മാതൃകകളായി കൊണ്ടാടപ്പെടുന്ന രംഭ, തിലോത്തമ, ഉര്‍വശിമാരായിരുന്നല്ലോ ഇന്ദ്രന്റെ അന്തഃപുരത്തിലെ മഹിളാമണികളില്‍ പ്രമുഖര്‍.
ദേവന്മാരുടെ എതിരാളികളായി ചിത്രീകരിക്കപ്പെടുന്ന അസുരന്മാര്‍ ഈ മണ്ണിലെ ആദിവാസികളായിരുന്നു. ദേവന്മാരുടെ ‘സുര’ എന്ന മദ്യത്തോട് അനിഷ്ടം പ്രകടിപ്പിച്ചവരെന്ന നിലയിലാണ് അവര്‍ ‘സുര’ ശബ്ദത്തിന്റെ വിപരീത പദമായ ‘അസുര’ന്മാരായി മുദ്രയടിക്കപ്പെട്ടത്. ദേവഗുരുവായ ബ്രഹസ്പതിയും അസുരഗുരുവായ ശുക്രാചാര്യരും ജീവിതത്തിന്റെ രണ്ട് ധ്രുവങ്ങളെയാണ് പ്രതിനിധാനം ചെയ്തത്. ആദ്യത്തെയാള്‍ വിധിവിശ്വാസത്തില്‍ ഊന്നിക്കൊണ്ടുള്ള ഭാഗ്യാന്വേഷണം എന്ന നിലയില്‍ ജീവിതത്തെ കാണുകയും അലസ ജീവിതത്തിന്റെ അപ്പോസ്തലനായി പ്രത്യക്ഷപ്പെട്ടു ജീവിതത്തിന്റെ മുഖ്യധാരയെ സ്വാധീനിക്കുകയും ചെയ്യുമ്പോള്‍ രണ്ടാമത്തെയാള്‍, കര്‍മകുശലതയെയും സര്‍ഗാത്മകമായ അദ്ധ്വാനശേഷിയെയും കെട്ടഴിച്ചു വിട്ട് പ്രതികൂലശക്തികളോടു പോരാടാനുള്ള സന്ദേശമാണ് നല്‍കിക്കാണുന്നത്. നിര്‍ഭാഗ്യവശാല്‍ നമ്മുടെ പില്‍ക്കാല സംസ്‌കൃതിയില്‍ ബ്രഹസ്പതി കൊണ്ടാടപ്പെടുകയും ശുക്രാചാര്യന്‍ പുറംപോക്കു നിവാസിയാകുകയും ആയിരുന്നു.
ദൈവങ്ങളുടെ പേരില്‍ ഈ മണ്ണില്‍ നടന്ന ചോര ചിന്തലിന്റെ മറ്റൊരു രൂപം തന്നെയല്ലേ ഇന്ന് നമ്മള്‍ കാണുന്ന വര്‍ഗീയ ലഹള, ഇതറിയാവുന്ന അധ്യാത്മിക ജ്ഞാനികള്‍ പണ്ടേ ഈ ഭാരതത്തിലുണ്ടായിരുന്നു. വിഷ്ണുപുരാണത്തില്‍ നിന്നൊരു ശ്ലോകം ഉദ്ധരിച്ചു കൊണ്ട് വാഗ്ഭടാനന്ദ ഗുരു തന്റെ ആത്മവിദ്യ എന്ന ഗ്രന്ഥത്തില്‍ ഇങ്ങനെ പറയുന്നു: ‘പണ്ട് ബ്രഹ്മാവ്, വിഷ്ണു, ശിവന്‍ എന്നും മറ്റും ചില മനുഷ്യര്‍ ഉണ്ടായിരുന്നു. അവരെല്ലാം അവരുടെ കാലത്തെ മതതീവ്രവാദികളും ബുദ്ധമത പ്രചാരത്തോടുകൂടി ഉടഞ്ഞുപോയ പഴയ പൗരോഹിത്യ പ്രഭാവകോട്ടയുടെ പുനരുദ്ധാരണത്തിനായി ചാടിപ്പുറപ്പെട്ട വീരന്മാരും ആയിരുന്നു.’ (പേജ് 144)
ഇവരില്‍ ബ്രഹ്മാവ് മാത്രമാണ് ആയുധവിമുക്തനായിരുന്നത്. വിഷ്ണുവും ശിവനും തങ്ങളുടെ വിജയത്തിനായി കരവാള്‍, ഗദ, ശൂലം, മുതലായവയെ നിഷ്‌കരുണം ഉപയോഗിച്ചു. ആയുധ ബലം ഒന്നു കൊണ്ടുമാത്രമാണ് അവരുടെ മതം ഇന്ത്യയില്‍ പ്രബലപ്പെട്ടത്. വിഷ്ണു, വികമ്പു എന്ന സ്ത്രീയുടെ മകനും വൈകുണ്ഠനെന്ന പേരില്‍ പ്രസിദ്ധനുമായിരുന്നു. ആര്യന്‍ കടന്നാക്രമണകാരികളുടെ നേതൃനിരയിലെ പ്രമുഖ വ്യക്തിയായിരുന്നിരിക്കാം. പിന്നീട് ഇന്ത്യയാകെ ദൈവമായി ആരാധിക്കുന്ന ഈ മഹാ വിഷ്ണു അതേ സമയം ശിവന്‍ ആര്യനാക്രമണത്തെ പ്രതിരോധിച്ച ഒരു ദ്രാവിഡ നേതാവായിരുന്നു. ശിവനെക്കുറിച്ച് വാഗ്ഭടാനന്ദന്‍ ഇതൊക്കെ കൂടി പറയുന്നു. ഭിക്ഷ യാചിച്ച് സഞ്ചരിച്ചിരുന്നു. നങ്ങ എന്ന കുറവ സ്ത്രീയുടെ പിതാവായിരുന്നു. മദ്യപാനത്തില്‍ ആസക്തനായിരുന്നു. ഹിന്ദു ജാതി ഘടനയില്‍ കീഴ്ജാതികളുടെ കൂട്ടത്തിലേക്കു തള്ളപ്പെട്ട കുറവ സമുദായത്തിന്റെ ഗോത്ര പിതാവായിരുന്നു. ഇതു കൊണ്ടൊക്കെയാണ് ഹിന്ദു ഏകത്വത്തെക്കുറിച്ചു ദീര്‍ഘദീര്‍ഘം പ്രസംഗിക്കുന്ന ഇന്നത്തെ ബ്രാഹ്മണ ജാതിക്കാര്‍ പോലും ശിവ ക്ഷേത്രങ്ങളിലെ നൈവേദ്യം ഭക്ഷിക്കാറില്ലത്രേ. അതിനവര്‍ പറയുന്ന ന്യായീകരണം ശിവന്‍ പണ്ട് ബ്രഹ്മാവിന്റെ കഴുത്തറുത്തു എന്നാണ്. അങ്ങനെയെങ്കില്‍ അനേകായിരം ജനങ്ങളുടെ ഗളനാളം മുറിച്ച് ജനാര്‍ദനന്‍ എന്നു പേരു നേടിയതിനു പുറമെ മാതൃഹത്യാപാപം കൂടി ആരോപിക്കപ്പെട്ട വിഷ്ണുവിന്റെ നൈവേദ്യം അഹിംസാവാദികളായ ഈ ബ്രാഹമണര്‍ക്ക് എങ്ങനെ ഭക്ഷിക്കാന്‍ കഴിയുന്നു എന്ന ചോദ്യവും വാഗ്ഭടാനന്ദന്‍ ഉയര്‍ത്തുന്നു.
ബ്രാഹ്മണരുടെ ദൈവമായിരുന്ന ബ്രഹ്മാവിന്റെ ഒരു ശിരസ്സറുത്തദ്ദേഹത്തെ നിര്‍വീര്യനാക്കിയതിന്റെ തെളിവാണ് ത്രിമൂര്‍ത്തി സങ്കല്‍പത്തിലെ പ്രഥമസ്ഥാനിയായ ബ്രഹ്മാവിന്റെ പേരില്‍ ഇന്ത്യയിലൊരിടത്തും ക്ഷേത്രങ്ങള്‍ നിലവിലില്ലാത്തതും ആരും ബ്രഹ്മാവിനെ സ്തുതിക്കുകയോ ബ്രഹ്മാമാവിനോടു പ്രാര്‍ഥിക്കുകയോ ചെയ്യാത്തതും എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. വൈഷ്ണവ ശൈവ സംഘര്‍ഷത്തിന്റെ സുദീര്‍ഘമായ ഒരു കാലഘട്ടം തന്നെ ഇന്ത്യാ ചരിത്രത്തില്‍ ഉണ്ടായി. സത്യത്തില്‍ ഇവയെല്ലാം ദൈവങ്ങളെ മുന്‍നിര്‍ത്തിക്കൊണ്ടുള്ള വ്യത്യസ്ത വംശങ്ങളുടെ ഏറ്റുമുട്ടലായിരുന്നു. ശാക്തേയ പൂജയുടെ ഭാഗമായി വളര്‍ന്നുവന്ന വാമ തന്ത്രം പോലുളള ഗ്രന്ഥങ്ങളില്‍ ബീഭത്സവും ഭയജനകവുമായ ഒട്ടേറെ ആചാരാനുഷ്ഠാനങ്ങളെക്കുറിച്ചു സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. ഒരുപക്ഷേ ഇതത്രയും ശത്രുവിന്റെ ശക്തിയെ നേരിട്ടെതിര്‍ത്തു തോല്‍പ്പിക്കാന്‍ കൈകൊണ്ട നടപടികള്‍ പരാജയപ്പെട്ടപ്പോള്‍ ആവിഷ്‌കരിച്ച ചില ദുര്‍ബല തന്ത്രങ്ങളാകും. ഇവയത്രയും ഇന്ത്യയുടെ മിക്ക ഭാഗങ്ങളില്‍ ഒളിഞ്ഞു തെളിഞ്ഞും ഇന്നും നിലനില്‍ക്കുന്നു എന്നതാണ് വിചിത്രം.
വൈഷ്ണവ മതത്തെ പ്രബലപ്പെടുത്താന്‍ വേണ്ടി ബ്രഹ്മാവിന്റെ മതത്തെയും ഉന്മൂലനം ചെയ്തു. ശിവന്റെ മതത്തെ തോല്‍പ്പിക്കാന്‍ നേതൃത്വം നല്‍കിയ വീരപുരുഷന്മാരെ വിവിധ കാലഘട്ടങ്ങളിലായി വിഷ്ണുവിന്റെ പൂര്‍ണാവതാരങ്ങളും അംശാവതാരങ്ങളുമൊക്കെയായി പുരോഹിത മതം അവരോധിക്കുകയായിരുന്നു. ശൈവ മതത്തെ പ്രതിരോധിച്ചവര്‍ ശിവപുത്രന്മാരായിട്ട് പ്രകീര്‍ത്തിക്കപ്പെട്ടു. അങ്ങനെയാണ് ശ്രീരാമനും ശ്രീകൃഷ്ണനും വിഷ്ണുവിന്റെ പൂര്‍ണാവതാരങ്ങളാകുന്നതും ഗണപതിയും സുബ്രഹ്മണ്യനും ശിവസുതന്മാരാകുന്നതും. വിശ്വാമിത്രന്‍ എന്ന ബ്രാഹ്മണ ഗുരുവിനോടൊപ്പം യാഗരക്ഷ ചെയ്യാനെന്ന പേരില്‍ രാമലക്ഷ്മണന്മാര്‍ യാത്ര ചെയ്ത് യാഗം മുടക്കികളായ അസുരന്മാരെ കൊന്നൊടുക്കിയെന്നും രാമായണത്തില്‍ വായിക്കുന്നു.
ആരായിരുന്നു രാമനാല്‍ നിഗ്രഹിക്കപ്പെട്ട ഈ യാഗം മുടക്കികള്‍? ആട്, മാട് തുടങ്ങിയ സാധു ജീവികളെ നിഷ്‌കരുണം കൊന്നൊടുക്കി യാഗം ചെയ്ത് ഈശ്വരപ്രീതി നേടിയെടുക്കാമെന്ന അസംബന്ധാശയം പ്രചരിപ്പിച്ച ഈ മതഭ്രാന്തന്മാരില്‍ നിന്നും സാധു മൃഗങ്ങളെ രക്ഷിക്കാനും സാധാരണ മനുഷ്യരില്‍ വറ്റിവരണ്ടു പോയിരുന്ന മനുഷ്യത്വത്തിന്റെ വെളിച്ചം തെളിക്കാനും ഇറങ്ങിത്തിരിച്ച ബൂദ്ധമതാനുയായികളായ ധര്‍മ സംരക്ഷകന്മാരായിരുന്നു എന്നു ചരിത്രം തെളിവ് തരുന്നു. ഇത്തരം പുണ്യാത്മക്കളെയാണ് വൈദിക ഗ്രന്ഥങ്ങള്‍, മലിനവൃത്തികളെന്നും രാക്ഷസന്മാരെന്നും ആക്ഷേപിച്ചത്. വിശ്വാമിത്രനെ പോലുള്ള മോക്ഷകാംക്ഷികളായ മനുഷ്യത്വവിരോധികളുടെ സ്വാധീനത്തില്‍പ്പെട്ട ശ്രീരാമന്‍ ചില അതിക്രമങ്ങളൊക്കെ പ്രവര്‍ത്തിച്ചെങ്കിലും ബുദ്ധ ധര്‍മപ്രചാരകന്മാരില്‍ നിന്നും രാമന്‍ പല മികച്ച പാഠങ്ങളും പഠിക്കുകയും ചെയ്തുവെന്നതിന്റെ ദൃഷ്ടാന്തമാണ് വാല്‍മീകി അദ്ദേഹത്തിനു കല്‍പ്പിച്ചു നല്‍കിയ മര്യാദാപുരുഷോത്തമന്‍ എന്ന ബഹുമതി.
ജനക മഹാരാജാവിന്റെ കൊട്ടാരത്തിലേക്കു വിശ്വാമിത്രന്‍ ശ്രീരാമനെ ആനയിക്കുന്നത്, ആ മണ്ണില്‍ വേരോടിയിരുന്ന ശൈവ മതദര്‍ശനങ്ങളെ ഉഴുതു മറിക്കുന്നതിനായിരുന്നു. ഈ ഉഴുതുമറിക്കലിന്റെ ഫലമായിരുന്നു ഭൂമിപുത്രിയായ സീതാദേവി. ആ സീതാ ദേവിയെ ധര്‍മപത്‌നിയായി രാമന്‍ അയോധ്യയിലേക്കാനയിക്കുന്നത് ജനകന്‍ പൂജിച്ചിരുന്ന ശൈവചാപം എന്ന അസാധരണ യുദ്ധയന്ത്രം തകര്‍ത്തിട്ടായിരുന്നല്ലോ. ശ്രീരാമന്‍ ലങ്കയില്‍ എത്തിയതും രാവണവധം നടത്തിയതുമൊക്കെ, ലങ്കയില്‍ വ്യാപൃതമായിരുന്ന ശൈവ ബുദ്ധമത ധര്‍മ സംഹിതകളെ തകര്‍ത്തെറിഞ്ഞു ആര്യന്‍ വൈഷ്ണവത ലങ്കയില്‍ സ്ഥാപിക്കാന്‍ വേണ്ടിയായിരുന്നു. യാഗ ഭൂമി ഉഴുതപ്പോള്‍ കിട്ടിയ സീത നിമിത്തം രാമരാവണ യുദ്ധവും പാഞ്ചാല രാജാവിന്റെ ഹോമകുണ്ഡത്തില്‍ നിന്നാവിര്‍ഭവിച്ച പാഞ്ചാലി നിമിത്തം മഹാഭാരത യുദ്ധവും സംഭവിച്ചു. രണ്ടിന്റെയും പിന്നില്‍ യാഗ സംസ്‌കൃതിയുമായി ബന്ധപ്പെട്ട ചില അന്തര്‍ധാരകള്‍ ദൃശ്യമാണ്. യാഗ സംസ്‌കാരത്തെ പുനഃസ്ഥാപിക്കാന്‍ ശ്രമിച്ച ശൈവ വൈഷ്ണവ മതങ്ങളും അതിനെ എതിര്‍ത്ത ബൗദ്ധന്മാരും തമ്മില്‍ നടത്തിയ സമരകഥകളും ഒളിപ്പോര്‍ തന്ത്രങ്ങളുമാണ് ഭാരതീയ പുരാണങ്ങളിലെ കഥകളിലധികവും. ക്രമേണ ബുദ്ധ വൈഷ്ണവ മതങ്ങള്‍ തമ്മില്‍ നേരിയ തോതിലുള്ള സമന്വയം നടക്കുകയും ബുദ്ധനെപ്പോലും വിഷ്ണുവിന്റെ അവതാര പുരുഷനായി ചിത്രീകരിക്കുകയും ചെയ്തു. എത്രയൊക്കെ സമന്വയം നടന്നാലും മറ്റൊരു പൊതു ശത്രുവിനെ കിട്ടുന്നതു വരെയും തമ്മിലടിച്ചു കൊണ്ടിരിക്കുമെന്നതാണ് വംശീയതയുടെ ഒരു സ്വഭാവം. സ്വന്തം സ്വത്വത്തെ ഉയര്‍ത്തിപ്പിടിക്കുന്ന വേറിട്ടുള്ള വേഷവിധാനങ്ങളും പ്രത്യേക അടയാളങ്ങളും അത്ര പെട്ടെന്നൊന്നും ആര്‍ക്കും ഉപേക്ഷിക്കാന്‍ കഴിയില്ല. അന്യരുടെ ദൃഷ്ടിയില്‍ പരിഹാസ്യമായി തോന്നുന്ന പ്രത്യേക ജാത്യാടയാളങ്ങളെ ഓരോ ജാതിക്കാരും അവരുടെ അന്തസ്സിന്റെയും ആഭിജാത്യത്തിന്റെയും പ്രതീകങ്ങളായി കരുതി അന്യര്‍ക്കു മുമ്പില്‍ പ്രദര്‍ശിപ്പിക്കുന്നു. പരസ്പരമുള്ള ലഹളകളില്‍ അന്യോന്യം തെറ്റിപ്പോകാതിരിക്കാനാണ് ശൈവന്മാര്‍ ഭസ്മക്കുറി അലങ്കാരമാക്കിയത്. വൈഷ്ണവര്‍ ചന്ദനക്കുറിയും അണിഞ്ഞു. ക്രമേണ ഇതത്രയും മതാചാരമായി തീര്‍ന്നു. വെണ്ണീര്‍ ദേഹത്തു പൂശി അതിനെ മോക്ഷദായകമായി കരുതിയ ശൈവരെ ആക്ഷേപിച്ചു കൊണ്ടു ബുദ്ധമതക്കാര്‍ ചോദിച്ചു. ‘ശുനകന്‍ വെണ്ണീറില്‍ തന്നെ കിടക്കുന്നു. അതിന്റെ ശരീരമാസകലം വെണ്ണീര്‍ പുരളുന്നു. അതുകൊണ്ട് ആ ജന്തു മോക്ഷം പ്രാപിക്കുമോ?’ ഇതായിരുന്നു ബൗദ്ധരുടെ ആക്ഷേപം. സെമറ്റിക്ക് മതങ്ങള്‍ ഇവിടെ സ്വാധീനം ചെലുത്തുന്നതു വരെയും ഭാരത ഭൂമിയില്‍ സ്വമതത്തിനുള്ളില്‍ നിന്നു തന്നെയുള്ള സംഘര്‍ഷം മൂര്‍ച്ഛിപ്പിച്ചു കൊണ്ട് ഓരോ വിഭാഗങ്ങളും അവരുടെ തായ്‌വേരുകളന്വേഷിക്കുകയും പ്രതിയോഗികളെ ഉന്മൂലനം ചെയ്യാനുള്ള ഹീന തന്ത്രങ്ങള്‍ അവലംബിക്കുകയും ചെയ്തു പോന്നു.
നരേന്ദ്ര മോദിയുടെ ഇന്ത്യയിലും ഇതൊക്കെതന്നെയാണല്ലോ ഇന്ന് നടന്നുവരുന്നത്. അതു തടയേണ്ട കര്‍ത്തവ്യം നമ്മുടെ ഭരണഘടനയെ മുന്‍നിര്‍ത്തി സത്യസന്ധമായി ജോലി ചെയ്യുന്ന ന്യായാധിപന്മാര്‍ പോലും ഉപേക്ഷിക്കുകയും സംഘപരിവാര്‍ ആശയങ്ങളുടെ കുഴലൂത്തുകാരായി മാറുകയും ചെയ്താല്‍ നമ്മുടെ ജനാധിപത്യവും മതേതരത്വവും ഒക്കെ അറബിക്കടലില്‍ തള്ളപ്പെടുമെന്ന സത്യം ഗ്രഹിക്കാന്‍ ഒന്നാം ക്ലാസ് മുതലേ ഗീതയും രാമായണവും ഒന്നും പഠിക്കേണ്ടതില്ല. അല്‍പ്പം സാമാന്യ ബുദ്ധി കൈവശം സൂക്ഷിച്ചാല്‍ മതി.
(കെ സി വര്‍ഗീസ്, ഫോണ്‍-9446268581)