പാസ്‌പോര്‍ട്ട് കളഞ്ഞുകിട്ടിയാല്‍ നയതന്ത്ര കാര്യാലയത്തില്‍ അറിയിക്കണം

Posted on: August 25, 2014 6:44 pm | Last updated: August 25, 2014 at 6:44 pm

passportഅബുദാബി: പാസ്‌പോര്‍ട്ട് കളഞ്ഞ് കിട്ടിയാല്‍ ഉടനെ നയതന്ത്രകാര്യാലയത്തില്‍ വിവരമറിയിക്കണമെന്ന് ഇന്ത്യന്‍ എംബസി അധികൃതര്‍. എംബസിയിലോ, കോണ്‍സിലേറ്റിലോ എത്തിച്ചേരുവാന്‍ കഴിയുന്നവര്‍ നേരിട്ട് അധികൃതരുടെ കയ്യിലും ദുരെയുള്ളവര്‍ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലേല്‍പ്പിക്കണം.

കൂടാതെ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവരും വിവരം എംബസിയെ അറിയിക്കണം. എംബസിയിലോ കോണ്‍സിലേറ്റി ലോ വിവരമറിയിച്ചാല്‍ മാത്രമേ വിവരം അവകാശികളെ അറിയിക്കുവാന്‍ കഴിയുകയുള്ളു.
അടുത്ത കാലത്തായി പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടത് സംബന്ധിച്ച് നിരവധി പരാതികളാണ് ഉയര്‍ന്നു വരുന്നത്. പകരം പാസ്‌പോര്‍ട്ടിന് എങ്ങിനെ അപേക്ഷിക്കണമെന്ന് പലര്‍ക്കും അറിയില്ല. യു എ ഇയിലാണെങ്കില്‍ നയതന്ത്ര കാര്യാലയത്തില്‍ അറിയിക്കുന്നതിന് പുറമെ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കേണ്ടതുമുണ്ട്. പത്ര പരസ്യം വഴി ഇത് പൊതുജനങ്ങളെയും അറിയിക്കണം.
അതിന് ശേഷമാണ് പകരം പാസ്‌പോര്‍ട്ടിന് നയതന്ത്ര കാര്യാലയത്തില്‍ അപേക്ഷിക്കേണ്ടത്. ചിലര്‍ കളഞ്ഞ് കിട്ടിയ പാസ്‌പോര്‍ട്ട് ദുരുപയോഗം ചെയ്യുന്നതായി അധികൃതര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇതിനെതിരെയുള്ള ബോധവത്കരണം ശക്തിപ്പെടുത്തുമെന്നും എംബസി അധികൃതര്‍ അറിയിച്ചു.