Connect with us

National

കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ബയോ മെട്രിക് അറ്റന്‍ഡന്‍സ് സംവിധാനം വരുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ച ബയോമെട്രിക് അറ്റന്‍ഡന്‍സ് സിസ്റ്റം(എ ഇ ബി എ എസ്) എല്ലാ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലും നടപ്പാക്കാന്‍ എന്‍ ഡി എ സര്‍ക്കാര്‍ ഒരുങ്ങുന്നു. ഉദ്യോഗസ്ഥര്‍ ജോലിയില്‍ ഹാജരാകാത്ത ദിവസങ്ങളുടെ എണ്ണവും ഓഫീസില്‍ ജീവനക്കാര്‍ ചെലവഴിക്കുന്ന സമയവും ഓഫീസിലേക്ക് ജോലിക്കാര്‍ എത്തുന്ന സമയവും പോകുന്ന സമയവും കണ്ടുപിടിക്കുന്നത് ലക്ഷ്യമിട്ടാണ് ഇങ്ങനെയൊരു പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കുന്നത്. രാജ്യതലസ്ഥാനത്തെ എല്ലാ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഒക്‌ടോബര്‍ മാസത്തോടെ ഈ സംവിധാനം നടപ്പില്‍ വരുത്തണമെന്ന് സര്‍ക്കാര്‍ ഉത്തരവിടുകയും ചെയ്തു. ഈ വര്‍ഷം അവസാനിക്കുന്നതോടെ രാജ്യത്തെ എല്ലാ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ആധാറുമായി ബന്ധപ്പെടുത്തിയുള്ള ബയോ മെട്രിക് അറ്റന്‍ഡന്‍സ് സിസ്റ്റം നടപ്പില്‍ വരുമെന്നും 30.98 ലക്ഷം ജീവനക്കാര്‍ ഇതിന്റെ പരിധിയില്‍ വരുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
സേവനം ചെയ്യുന്ന ജോലിക്കാരുടെ എണ്ണം, അവരുടെ റാങ്ക്, ഇമെയില്‍ വിലാസം, മേല്‍വിലാസം, ടെലഫോണ്‍, മൊബൈല്‍ നമ്പറുകള്‍ ഉള്‍പ്പെടെയുള്ള അവരുടെ വിശദ വിവരങ്ങളും ശേഖരിക്കാന്‍ ഡിപാര്‍ട്ട്‌മെന്റ് ഓഫ് പേഴ്‌സണല്‍ ആന്‍ഡ് ട്രെയിനിംഗ് വിഭാഗം എല്ലാ മന്ത്രാലയങ്ങളോടും ആവശ്യപ്പെടുകയും ചെയ്തു. കരസേനയില്‍ സേവനം ചെയ്യുന്നവര്‍ വരെ ഈ നിയമത്തിന്റെ പരിധിയില്‍ വരും.
ഈ സിസ്റ്റം നടപ്പില്‍ വരുത്തുന്നതിന് വൈഫൈ ഇന്റര്‍നെറ്റ് കണക്ഷനോടൊപ്പം ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ കൂടി എല്ലാ ഓഫീസുകളിലും സജ്ജീകരിക്കേണ്ടി വരും. ലോധി റോഡിലുള്ള ഇലക്‌ട്രോണിക് ആന്‍ഡ് ഇന്‍ഫര്‍മോഷന്‍ ടെക്‌നോളജിയുടെ ആസ്ഥാനമന്ദിരത്തില്‍ ഈ സംവിധാനം നടപ്പിലാക്കിക്കഴിഞ്ഞു. നഗര വികസന മന്ത്രാലയമുള്‍പ്പെടെയുള്ള ഓഫീസുകളില്‍ ഇതിന്റെ സംസ്ഥാപനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. നഗര വികസന മന്ത്രാലയം നില്‍ക്കുന്ന നിര്‍മാണ്‍ ഭവനിന്റെ ആറ് ഗേറ്റുകളിലും നിലവില്‍ എ ഇ ബി എ എസ് സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്. യുനീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയാണ് ഇതിനാവശ്യമായ യന്ത്രങ്ങളും സോഫ്റ്റ്‌വെയറുകളും നല്‍കുന്നതെന്ന് നഗര വികസന മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി.
വിരല്‍ത്തുമ്പിന് പുറമെ ആധാര്‍ കാര്‍ഡിലെ അവസാനത്തെ നാല് അക്കങ്ങളാണ് വെരിഫിക്കേഷന് വേണ്ടി ഉപയോഗിക്കേണ്ടത്.