തൊഴിലിടങ്ങള്‍ പുകവലി മുക്തമാക്കണം; സ്ഥാപന മേധാവികള്‍ക്ക് കലക്ടര്‍ കത്തയച്ചു

Posted on: August 24, 2014 10:02 am | Last updated: August 24, 2014 at 10:02 am

smokeകോഴിക്കോട്: ജില്ലയിലെ എല്ലാ പൊതു- സ്വകാര്യ തൊഴില്‍ സ്ഥാപന മേധാവികള്‍ക്കും തൊഴിലിടങ്ങള്‍ പുകയില രഹിതമാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ സി എ ലത കത്തയച്ചു.
2013 ലെ കോപ്ട നിയമപ്രകാരം തൊഴിലിടങ്ങളെല്ലാം പൊതുസ്ഥലങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണിത്. ഇതുള്‍പ്പെടെ കോപ്ട നടപ്പാക്കുന്നതിനുള്ള കര്‍മപരിപാടികളും ആരംഭിച്ചിട്ടുണ്ട്.
കോപ്ട നാലാം വകുപ്പിലെ പൊതുസ്ഥലങ്ങളിലെ പുകവലി നിരോധന നിയമവ്യവസ്ഥ പ്രകാരം ഉടമകള്‍, മാനേജര്‍മാര്‍, മേലധികാരികള്‍ തുടങ്ങിയവര്‍ അവരുടെ അധികാര പരിധിയിലുള്ള പൊതുസ്ഥലങ്ങളെ പുകവലി രഹിതമാക്കണം. കുറഞ്ഞത് അറുപത് സെന്റീമീറ്റര്‍ വീതിയിലും മുപ്പത് സെന്റീമീറ്റര്‍ നീളത്തിലും ‘പുകവലിക്കുന്നത് ശിക്ഷാര്‍ഹം’ എന്ന ജാഗ്രതാ നിര്‍ദേശം നല്‍കുന്ന ബോര്‍ഡുകള്‍ പൊതു സ്ഥലങ്ങളിലും പ്രവേശന കവാടങ്ങളിലും പ്രദര്‍ശിപ്പിക്കണമെന്നും വ്യവസ്ഥയുണ്ട്.
തൊഴിലിടങ്ങളിലെ പുകവലി സന്ദര്‍ശകരുടെയും ജീവനക്കാരുടെയും ആരോഗ്യത്തെ ഹാനികരമായി ബാധിക്കുമെന്ന് കലക്ടര്‍ പറഞ്ഞു. മറ്റൊരാളുടെ പുകവലിയില്‍ നിന്നുള്ള പുക ശ്വസിക്കേണ്ടിവരുന്ന പരോക്ഷ പുകവലി ക്യാന്‍സര്‍ പോലുളള മാരക രോഗങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. പുകവലിക്കെതിരായ ഈ സന്ദേശം ജനങ്ങളിലെത്തിക്കാന്‍ മാധ്യമങ്ങളും വ്യവസായ വാണിജ്യ സ്ഥാപനങ്ങളിലെ ജീവനക്കാരും സംഘടനകളും മുന്‍കൈയ്യെടുക്കണമെന്നും കലക്ടര്‍ അഭ്യര്‍ഥിച്ചു.
മേധാവികള്‍ക്ക് അയച്ച കത്തിനോടൊപ്പം രണ്ട് ഭാഷകളിലുള്ള ലഘു റിപ്പോര്‍ട്ടിംഗ് മാതൃകയും ചേര്‍ത്തിട്ടുണ്ട്. ഇവ സെപ്റ്റംബര്‍ 25ന് മുമ്പ് ീേയമരരീളൃലലസ്വസ@ഴാമശഹ.രീാ എന്ന ഇമെയില്‍ വിലാസത്തിലേക്ക് തിരികെ അയക്കണം. കോപ്ട നടപ്പാക്കല്‍ മനസ്സിലാക്കുന്നതിനായി മുന്‍നിയോഗിച്ച സംഘങ്ങളുടെ സന്ദര്‍ശനവും ഉദ്ദേശിക്കുന്നുണ്ട്.
ആഗസ്റ്റ് ഏഴിന് ജില്ലാ ഭരണകൂടം സംഘടിപ്പിച്ച യോഗത്തിലാണ് കോഴിക്കോടിനെ പുകയില രഹിതവും കോട്പ നടപ്പിലാക്കുന്ന മാതൃകാ ജില്ലയുമാക്കുന്നതിനുളള തീരുമാനം കൈക്കൊണ്ടത്. ഇതുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളും ഏജന്‍സികളും യോഗത്തില്‍ പങ്കെടുത്തിരുന്നു.