അജ്മാനില്‍ കൂടുതല്‍ മസ്ജിദുകള്‍ക്കായി ആവശ്യമുയരുന്നു

Posted on: August 23, 2014 7:03 pm | Last updated: August 23, 2014 at 7:03 pm

masjidഅജ്മാന്‍: എമിറേറ്റില്‍ കൂടുതല്‍ മസ്ജിദുകള്‍ നിര്‍മിക്കണമെന്ന് ആവശ്യം ഉയരുന്നു. വിശ്വാസികള്‍ നിസ്‌കാരത്തിന് സ്ഥല പരിമിതി അനുഭവിക്കുന്ന സാഹചര്യത്തിലാണ് നഗരത്തിലും പരിസരങ്ങളിലും കൂടുതല്‍ മസ്ജിദുകള്‍ നിര്‍മിക്കണമെന്ന ആവശ്യം ഉയരുന്നത്.
പ്രാര്‍ഥന നടത്താന്‍ പലപ്പോഴും സ്ഥലം മതിയാവാത്ത സ്ഥിതിയാണെന്നാണ് താമസക്കാര്‍ പറയുന്നത്. പ്രത്യേകിച്ചും വെള്ളിയാഴ്ചകളില്‍ പ്രശ്‌നം രൂക്ഷമാവുകയാണ്. മിക്ക മസ്ജിദുകളിലും പുറത്താണ് പലര്‍ക്കും നിസ്‌കരിക്കാന്‍ അവസരം ലഭിക്കുന്നത്. അതികഠിനമായ ചൂടില്‍ നിസ്‌കാരം നിര്‍വഹിക്കേണ്ട സാഹചര്യമുണ്ടാവുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഇടയാക്കുന്നുണ്ട്. ഈ സാഹചര്യമാണ് താമസക്കാരെ കൂടുതല്‍ മസ്ജിദുകള്‍ നിര്‍മിക്കാന്‍ അധികൃതരോട് ആവശ്യപ്പെടാന്‍ ഇടയാക്കിയിരിക്കുന്നത്. അടുത്ത കാലത്തായി എമിറേറ്റിലെ ജനസംഖ്യ വര്‍ധിച്ചതും ആവശ്യത്തിന് കാരണമായ ഘടകമാണ്.
ദുബൈയിലും ഷാര്‍ജയിലുമെല്ലാം താമസ കെട്ടിടങ്ങളുടെ വാടക കൂടിയതിനെ തുടര്‍ന്ന് പലരും അജ്മാനിലേക്ക് താമസം മാറ്റിയതാണ് ജനസംഖ്യ വര്‍ധിക്കാന്‍ ഇടയാക്കിയത്. കെട്ടിട വാടക മറ്റിടങ്ങളില്‍ കൂടുന്നത് മുന്നില്‍ കണ്ട് പലരും കൂടുതല്‍ കെട്ടിടങ്ങള്‍ അജ്മാനില്‍ നിര്‍മിച്ചിരുന്നു. ഇവയിലെല്ലാം ദിനേന എന്ന വണ്ണമാണ് പുതിയ താമസക്കാര്‍ വന്നു നിറയുന്നത്. ഈ സാഹചര്യവും മസ്ജിദുകള്‍ മതിയാവാതെ വരാന്‍ ഇടയാക്കിയ ഘടകമാണ്. ഇതുപോലെ ആളുകള്‍ കൂടുതലായി ഇനിയും എത്തുന്ന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ പ്രശ്‌നം കൂടുതല്‍ രൂക്ഷമാവും. നിലവിലെ മസ്ജിദുകളില്‍ കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തുകയും കൂടുതല്‍ വിശാലമായ പള്ളികള്‍ നിര്‍മിക്കാന്‍ അധികൃതര്‍ തയ്യാറാവുകയും ചെയ്താലെ പ്രശ്‌നത്തിന് ശാശ്വതമായ പരിഹരം ഉണ്ടാവൂ.
താമസ സ്ഥലത്തിന് സമീപത്തെ മസ്ജിദില്‍ വെള്ളിയാഴ്ച ജുമഅക്ക് കയറിപറ്റാന്‍ ആളുകള്‍ മത്സരിക്കുന്ന സ്ഥിതിയാണുള്ളതെന്ന് മിര്‍സ ഖുര്‍ഷിദ് വ്യക്തമാക്കി. അബു ഹുറൈറ ഭാഗത്താണ് വയര്‍ലെസ് എഞ്ചിനിയറായ ഖുര്‍ഷിദ് താമസിക്കുന്നത്. ഇവിടെ അടുത്ത കാലത്തായി വന്‍തോതില്‍ ജനസംഖ്യയും വര്‍ധിച്ചിട്ടുണ്ട്. സൗകര്യം കുറഞ്ഞ മസ്ജിദാണ് ഇവിടെയുള്ളതെന്നത് പ്രശ്‌നം സങ്കീര്‍ണമാക്കുകയാണ്. കത്തുന്ന സൂര്യന് കീഴില്‍ ജുമഅ നിസ്‌കാരം നിര്‍വഹിക്കേണ്ട അവസ്ഥയിലാണ് വിശ്വസികള്‍. മസ്ജിദ് പണിത കാലത്ത് ആവശ്യത്തിന് പര്യാപ്തമായിരുന്നു. പിന്നീടാണ് മേഖലയില്‍ ആളും തിരക്കും വര്‍ധിച്ചത്. തിരക്ക് വര്‍ധിച്ചതിനാല്‍ പെരുന്നാള്‍ നിസ്‌കാരത്തിനും ജുമഅക്കുമെല്ലാം ദൂരേയുള്ള പള്ളികളെയാണ് ഇവിടെ താമസിക്കുന്നവരില്‍ പലരും ആശ്രയിക്കുന്നതെന്നും 65 കാരനായ മിര്‍സ ഖുര്‍ഷിദ് വ്യക്തമാക്കി.
പലപ്പോഴും മസ്ജിദിന് പുറത്ത് നിസ്‌കരിക്കാന്‍ നിര്‍ബന്ധിതമാവുന്ന സ്ഥിതിയാണെന്ന് മേഖലയിലെ താമസക്കാരനും അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയിലെ ടീച്ചിംഗ് അസിസ്റ്റന്റുമായ ഫിറാസ് കിഫ്താറോ വെളിപ്പെടുത്തി. കടുത്ത ചൂടിലാണ് ഇപ്പോള്‍ നിസ്‌കാരം നിര്‍വഹിക്കേണ്ടി വരുന്നതെന്നും സിറിയന്‍ സ്വദേശിയും 24 കാരുനുമായ ഈ യുവാവ് പറഞ്ഞു. പള്ളിയുടെ ചുറ്റും കല്ലും മണ്ണും കൂടിക്കിടക്കുകയാണ്. ഇത് വൃത്തിയാക്കി സംരക്ഷിക്കാന്‍ യാതൊരു നടപടിയും അധികൃതര്‍ സ്വീകരിക്കുന്നതായി അറിയാന്‍ സാധിച്ചിട്ടില്ല. ഇതിനാല്‍ പളളിയില്‍ ഇടം കിട്ടാത്തവര്‍ ഇവക്കു മേല്‍ മുസല്ല വിരിക്കേണ്ട സ്ഥിതിയാണ്.
കഴിഞ്ഞ വര്‍ഷം 12 മസ്ജിദുകളാണ് ജനറല്‍ അതോറിറ്റി ഓഫ് ഇസ്‌ലാമിക് അഫയേഴ്‌സ് ആന്‍ഡ് എന്‍ഡോവ്‌മെന്റ് അജ്മാനില്‍ വിശ്വാസികള്‍ക്കായി തുറന്നുകൊടുത്തത്. 700 പേര്‍ക്ക് പ്രാര്‍ഥനക്ക് സൗകര്യമുള്ള സുല്‍ത്താന്‍ അല്‍ സുവൈദി മസജിദും ഇതില്‍ ഉള്‍പ്പെടും.