Connect with us

Kozhikode

തൊഴില്‍ വകുപ്പിനെതിരെ ലീഗ് തൊഴിലാളി സംഘടന രംഗത്ത്

Published

|

Last Updated

കോഴിക്കോട്: തൊഴില്‍ വകുപ്പിനെതിരെ മുസ്‌ലിം ലീഗ് അനുകൂല തൊഴിലാളി സംഘടന എസ് ടി യു രംഗത്ത്. ക്ഷേമനിധി ബോര്‍ഡുകള്‍ ഒന്നൊന്നായി തകര്‍ക്കുന്ന തൊഴില്‍ വകുപ്പിന്റെ അനാസ്ഥയില്‍ പ്രതിഷേധിച്ച് ഈ മാസം 28 ന് എസ് ടി യുവിന്റെ നേതൃത്വത്തില്‍ ജില്ലാ തൊഴില്‍ വകുപ്പ് ആസ്ഥാനങ്ങളിലേക്ക് മാര്‍ച്ച് നടത്താന്‍ കോഴിക്കോട് ചേര്‍ന്ന എസ് ടി യു സംസ്ഥാന കൗണ്‍സില്‍ തീരുമാനിച്ചു.
തൊഴിലവകാശവും അസംഘടിത തൊഴില്‍ മേഖലയും തൊഴിലാളി ക്ഷേമബോര്‍ഡുകളും സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
ക്ഷേമനിധി ബോര്‍ഡുകള്‍ ഒന്നൊന്നായി തകരുന്നത് മൂലം 75 ലക്ഷത്തോളം തൊഴിലാളികള്‍ ആശങ്കയിലാണ്. ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡില്‍ അറ്റാച്ച്ഡ് വിഭാഗക്കാര്‍ നോക്കുകുത്തിയായി. സ്‌കാറ്റേഡ് വിഭാഗത്തിന്റെ പെന്‍ഷന്‍ കഴിഞ്ഞ മാസം നിര്‍ത്തി. മൂന്ന് കൊല്ലം സര്‍വീസുള്ള അണ്‍ അറ്റാച്ഡ് വിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍ ലോണ്‍ ഒഴിവാക്കി. അക്ഷയ രജിസ്‌ട്രേഷന്‍ അടക്കം പുതിയ നിബന്ധനകള്‍ അടിച്ചേല്‍പ്പിച്ച് സ്‌കാറ്റേഡിനെത്തന്നെ ഇല്ലാതാക്കുകയാണ്. നിര്‍മാണ രംഗത്ത് മുപ്പത് ശതമാനം വരെ അംഗത്വമൊഴിവാക്കാന്‍ ഗൂഡശ്രമം നടക്കുന്നുണ്ട്.
ഇത്തരമൊരു സ്ഥതി വിശേഷം തുടരുന്ന സാഹചര്യത്തിലാണ് മാര്‍ച്ച് ഉള്‍പ്പെടെ പ്രതിഷേധപരിപാടികളുമായി രംഗത്തുവരാന്‍ തീരുമാനിച്ചതെന്ന് എസ് ടി യു നേതാക്കള്‍ അറിയിച്ചു.