കനത്ത മഴയില്‍ വെള്ളപ്പൊക്കവും കൃഷിനാശവും; ചുരത്തില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു

Posted on: August 23, 2014 10:31 am | Last updated: August 23, 2014 at 10:31 am

കല്‍പ്പറ്റ: കനത്ത മഴയില്‍ വെള്ളപ്പൊക്കവും കൃഷിനാശവും. ചുരത്തില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. ജില്ലയില്‍ എല്ലാ സ്ഥലത്തും ഒരേ സമയം ശഗതമായ മഴ പെയ്തതാണ് കനത്ത നാശനഷ്ടത്തിനു കാരണം. ജില്ലയില്‍ നെല്‍കൃഷിക്കാണ് കനത്ത നാശമുണ്ടായത്. വെള്ളം കുത്തിയൊലിച്ച് വരമ്പുകള്‍ തകര്‍ന്നതോടെ മണ്ണും കല്ലും മണലും മൂടി ഏക്കര്‍ കണക്കിന് പാടങ്ങളിലെ നെല്‍കൃഷിക്ക് നാശമുണ്ടായിട്ടുണ്ട്.
വയനാട് ചുരത്തില്‍ ഒന്നാംവളവില്‍ മണ്ണിടിഞ്ഞാണ് ഒരു മണിക്കൂറിലേറെ ഗതാഗതതടസമുണ്ടായത്.
ഈങ്ങാപ്പുഴയില്‍ റോഡില്‍ വെള്ളം കയറിയും ദേശീയപാതയില്‍ ഗതാഗതതടസമുണ്ടായി.
ബത്തേരി ടൗണിലെ കടകളില്‍ വെള്ളം കയറി. ടൗണില്‍ ഗതാഗതം തടസപ്പെട്ടു.
ബത്തേരി ഗാന്ധി ജംഗ്ഷനില്‍ പത്തോളം കടകളില്‍ വെള്ളം കയറി. ഇതിലുടെയുള്ള ഗതാഗതം തടസപ്പെട്ടു. വടക്കനാട് റോഡിലും ചെതലയം ആറാംമൈലിലും വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. പഴുപ്പത്തൂര്‍ ഹെലത്ത് സെന്ററിലും വെള്ളം കയറി. ഫെയര്‍ലാന്റ് കോളനി, പഴേരി, പുതുച്ചോല, ബത്തേരി തിരുനെല്ലി ചെറുര്‍കുന്ന് വയല്‍ എന്നിവിടങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായി. ചെറൂര്‍കുന്നിലെ വലിയതറക്കല്‍ ബി ജെ കൃഷ്ണന്‍, ചിരട്ടോലിക്കല്‍ ജോമോന്‍, മാട്ടുമ്മേല്‍ ഹൈദരാലി, സാമുവല്‍ തുടങ്ങിയവരുടെ വീടുകളില്‍ വെള്ളം കയറി.വീട്ടുപകരണങ്ങള്‍ ഒഴുകിപ്പോയി.
പുല്‍പ്പള്ളി: പുല്‍പ്പളളി പാളക്കൊല്ലി മാടല്‍ പാടി കോളനിയിലെ ചന്ദ്രന്‍ (55) വീടിനുള്ളില്‍ കയറിയ വെള്ളം കോരിക്കളയുന്നതിനിടയില്‍ കുഴഞ്ഞുവീണു മരിച്ചു. പുല്‍പ്പള്ളി മേഖലയില്‍ ഇരുപതോളം വീടുകള്‍ തകര്‍ന്നു. എര്യപ്പിള്ളി ചോമന്‍ വയല്‍ വെള്ളത്തിനടിയിലായി. കന്നാരംപുഴ കരകവിഞ്ഞതോടെ നൂറോളം കുടുംബങ്ങള്‍ ഭീതിയിലായി. കൊളവള്ളി ഗവ. എല്‍.പി സ്‌കൂളിലും ചണ്ണോത്ത്‌കൊല്ലി ഗവ. എല്‍.പി സ്‌കൂളിലുമായി എട്ട് കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചതായി പാടിച്ചിറ വില്ലേജ് ഓഫീസര്‍ കെ.ജി.റെയനകുമാര്‍ അറിയിച്ചു.
പുല്‍പ്പള്ളി ആനപ്പാറ തൊണ്ടിപറമ്പില്‍ ജന്നന്റെ വീട് ശക്തമായ മഴയില്‍ തകര്‍ന്നു. പച്ചക്കട്ട കൊണ്ടു നിര്‍മിച്ച വീടിന്റെ ചുമരാണ് തകര്‍ന്നുവീണത്. വീട്ടുപകരണങ്ങള്‍ തകര്‍ന്നു.
മേപ്പാടി: മേപ്പാടി മേഖലയില്‍ ഇടിമിന്നലില്‍ രണ്ടു വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. നത്തംകുനി കൊച്ചുപുരയ്ക്കല്‍ ചാക്കോ, മത്തായി എന്നിവരുടെ വീടുകള്‍ക്കാണ് നാശമുണ്ടായത്. ടി.വി അടക്കമുള്ള ഉപകരണങ്ങള്‍ കത്തി നശിച്ചു. രണ്ടുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.