കൈത്തറി വ്യവസായത്തെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാന്‍ നൂതന പദ്ധതി

Posted on: August 23, 2014 12:41 am | Last updated: August 23, 2014 at 12:41 am

KAITHERIകൊല്ലം: ആധുനികവത്കരണത്തിന്റെ ഭാഗമായി തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുന്ന കൈത്തറി വ്യവസായത്തെ പുനരുദ്ധരിക്കാന്‍ നൂതന പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നു.
കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങളില്‍ മുഖ്യസ്ഥാനം അലങ്കരിക്കുന്ന തൊഴില്‍ മേഖലയാണ് കൈത്തറി വ്യവസായം. ഈ മേഖലയില്‍ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിച്ച് കൈത്തറിയുടെ പാരമ്പര്യം വരുംതലമുറക്ക് പകര്‍ന്നുനല്‍കുക എന്ന ലക്ഷ്യത്തോടെയാണ് നൂതന പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.
കേന്ദ്ര സര്‍ക്കാറിന്റെ ടെക്സ്റ്റയില്‍ മന്ത്രാലയത്തിന് കീഴിലുള്ള ടെക്സ്റ്റയില്‍ കമ്മിറ്റിയുമായി ചേര്‍ന്ന് ജോയിന്റ് ഇന്‍സ്‌പെക്ഷന്‍ നടത്തുകയും ഹാന്റ്‌ലൂം മാര്‍ക്കിന്റെ ഉപയോഗം നിര്‍ബന്ധമാക്കുകയും ചെയ്തിട്ടുണ്ട്. ഓരോ ഹാന്റ്‌ലൂം മാര്‍ക്കിലുമുള്ള കോഡ് നമ്പര്‍ ഉപയോഗിച്ച് ഉത്പന്നം നിര്‍മിച്ച നെയ്ത്തുകാരനെ കണ്ടെത്താന്‍ കഴിയും. കൈത്തറി മേഖലയെ പുനരുദ്ധരിക്കാന്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച മറ്റൊരു പദ്ധതിയാണ് ഇന്‍കം സപ്പോര്‍ട്ട് സ്‌കീം. കൊല്ലം ജില്ലയില്‍ കൈത്തറി മേഖലയിലെ നെയ്ത്ത് തൊഴിലാളികള്‍ക്ക് ഉത്പാദനക്ഷമതക്ക് ആനുപാതികമായി 75 രൂപ അധികം നല്‍കിക്കൊണ്ട് ദിവസം 150 രൂപ മിനിമം കൂലി ഉറപ്പാക്കുന്ന പദ്ധതിയാണ് ഇന്‍കം സപ്പോര്‍ട്ട് സ്‌കീം.
ഉത്പാദനക്ഷമത കൂടിയ നെയ്ത്തുകാര്‍ക്ക് ദിവസം 150 രൂപ അധികമായി കൂലിക്ക് പുറമെ സൗജന്യമായി ലഭിക്കുന്ന പദ്ധതിയാണ് പ്രൊഡക്ഷന്‍ ഇന്‍സെന്റീവ്. ഈ പദ്ധതി പ്രകാരം 500 രൂപ വരെ ഒരു തൊഴിലാളിക്ക് ദിവസ വേതനമായി ലഭിക്കും. മേഖലയില്‍ പണിയെടുക്കുന്ന എല്ലാ തൊഴിലാളികള്‍ക്കും ഇ എസ് ഐ, ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ്, ഇ പി എഫ്, പെന്‍ഷന്‍, അവധി ആനുകൂല്യങ്ങള്‍, ബോണസ് എന്നിവ ലഭ്യമാക്കാനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പരമ്പരാഗത കൈത്തൊഴില്‍ മേഖലയില്‍ മറ്റൊരിടത്തും നടപ്പിലാക്കിയിട്ടില്ലാത്ത തരം തൊഴില്‍ സൗഹൃദ പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതെന്ന് അധികൃതര്‍ വെളിപ്പെടുത്തി.
കൊല്ലം ജില്ലയിലെ 18 കൈത്തറി നെയ്ത്ത് സംഘങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാറിന്റെ കൈത്തറി പാക്കേജ് പദ്ധതി പ്രകാരം 5.25 കോടി രൂപ അനുവദിച്ചതായും അധികൃതര്‍ വെളിപ്പെടുത്തി. കൈത്തറിയുടെ തകര്‍ച്ചക്ക് കാരണമായി പ്രധാനമായും ചൂണ്ടിക്കാണിക്കുന്ന വ്യാജ കൈത്തറിയുടെ വില്‍പ്പന പൂര്‍ണമായും തടയാന്‍ വകുപ്പിന് സാധിച്ചതായി അധികൃതര്‍ പറയുന്നു. സംസ്ഥാനത്ത് നെയ്ത്ത് തൊഴിലാളികള്‍ കടുത്ത പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്. സൊസൈറ്റികളില്‍ നിന്ന് ലഭിക്കുന്ന നാമമാത്രമായ സഹായം കൊണ്ടാണ് ഇപ്പോഴുള്ള നെയ്ത്ത് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. തെരുവുകള്‍ കേന്ദ്രീകരിച്ച് 500ല്‍ അധികം തറികള്‍ ഉണ്ടായിരുന്ന സ്ഥലത്ത് ഇപ്പോള്‍ അമ്പതോളം മാത്രമാണ്. ചുരുങ്ങിയത് രണ്ട് പേരെങ്കിലും ഉണ്ടായാല്‍ മാത്രമേ നെയ്ത്ത് നടക്കുകയുള്ളൂ. ഒരാള്‍ നെയ്യുകയും മറ്റൊരാള്‍ സഹായിക്കുകയും വേണം. വൈകുന്നേരം വരെ ജോലി ചെയ്താല്‍ 150 രൂപയാണ് കൂലി ലഭിക്കുന്നത്. മറ്റു തൊഴില്‍ മേഖലയില്‍ 600 ഉം 700 ഉം രൂപ കൂലി ലഭിക്കുമ്പോഴാണ് നെയ്ത്ത് മേഖലയില്‍ തുച്ഛമായ കൂലിക്ക് തൊഴില്‍ ചെയ്യേണ്ടിവരുന്നത്.