തീരദേശ പരിപാലന നിയമം: ഇളവ് അനുവദിക്കണമെന്ന് കേരളം

Posted on: August 23, 2014 12:39 am | Last updated: August 23, 2014 at 12:39 am

തിരുവനന്തപുരം: തീരദേശ പരിപാലന നിയമത്തില്‍ സംസ്ഥാനത്തിന്റെ പ്രത്യേകതകള്‍ പരിഗണിച്ച് ചില മേഖലകളില്‍ ഇളവ് അനുവദിക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ അഭിപ്രായമറിയാന്‍ എത്തിയ കേന്ദ്ര സംഘത്തിന് മുന്നിലാണ് തീരദേശ ജനതയുടെ ആശങ്കകള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ അവതരിപ്പിച്ചത്. കേരളത്തിന്റെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് കേന്ദ്ര സംഘത്തിന് നേതൃത്വം നല്‍കിയ ഡോ. ശൈലേഷ് നായിക്ക് വ്യക്തമാക്കി. തീരദേശവാസികളുടെ സംരക്ഷണത്തിനായി കൊണ്ടുവന്ന വ്യവസ്ഥകള്‍ ഇവിടെ അവരുടെ ജീവിതത്തിന് വിഘാതമാവുകയാണെന്ന വാദമാണ് കേരളം പ്രധാനമായും ഉന്നയിച്ചത്. തീരദേശ പരിപാലന നിയമത്തിലെ ചില വ്യവസ്ഥകള്‍ മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള തീരദേശ ജനതയുടെ പരമ്പരാഗത അവകാശങ്ങള്‍ കവരുന്നതാണെന്ന പ്രതീതി ഉണ്ടാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു. ആഗോളതാപനം പോലുള്ള വിപത്തുകള്‍ നേരിടുന്നതിന് പരിസ്ഥിതി സംരക്ഷണത്തിനുള്ള നിയന്ത്രണങ്ങള്‍ ആവശ്യമാണ്. എന്നാല്‍ മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ളവരുടെ ജീവിത സുരക്ഷിതത്വം ഉറപ്പുവരുത്തിയാല്‍ മാത്രമേ തീരദേശത്തിന്റെ സ്വാഭാവിക സംരക്ഷണം സാധ്യമാവൂ. കേന്ദ്രത്തില്‍ നിന്നുള്ള സാമ്പത്തികവും സാങ്കേതികവുമായ സഹായം ഇതിനാവശ്യമാണെന്ന് കേരളം വാദിച്ചു. നിയമത്തിനുള്ളില്‍ നിന്ന് തന്നെ കേരളത്തിന് ആവശ്യമായ ഇളവുകള്‍ അനുവദിക്കണമെന്ന് വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും സംഘത്തോട് ആവശ്യപ്പെട്ടു.

തീരദേശപരിപാലന പദ്ധതികള്‍ തയാറാക്കുന്നതില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സജീവ പങ്കാളിത്തം വേണമെന്ന നിര്‍ദേശവും കേരളം മുന്നോട്ടുവെച്ചു. പ്രാദേശികമായ സവിശേഷതകളും ജീവിതശൈലിയും വ്യക്തമായി മനസ്സിലാക്കാനാവുക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ് എന്നതാണ് ഈ നിര്‍ദേശത്തിനാധാരം. സംസ്ഥാനത്ത് വന്‍ തൊഴില്‍ സാധ്യതയുള്ള കടലോര വിനോദസഞ്ചാരത്തെയും തീരദേശപരിപാലന നിയമം ദോഷകരമായി ബാധിക്കും. പരിസ്ഥിതിക്ക് നാശം സംഭവിക്കാതെ തന്നെ വിനോദസഞ്ചാരമേഖലയിലെ ആശങ്കകള്‍ പരിഹരിക്കപ്പെടണം. തന്ത്രപ്രധാന തീരദേശ മേഖലയുടെ പട്ടികയില്‍ വേമ്പനാട് ഉള്‍പ്പെട്ടതും കേരളം ചൂണ്ടിക്കാട്ടി. ഇവയുടെ സമഗ്ര പരിപാലന പദ്ധതി ഇപ്പോഴും പരിഹരിക്കപ്പെടാത്ത പ്രശ്‌നമാണ്. കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ വ്യക്തമായ മാര്‍ഗരേഖയില്ലാത്തതാണ് ആശയക്കുഴപ്പത്തിന് കാരണം. ഒരു പ്രദേശത്തിന്റെ സംരക്ഷണത്തിന് രണ്ട് നിയമം പ്രയോഗിക്കുന്നത് നിമിത്തമുണ്ടാവുന്ന ബുദ്ധിമുട്ടുകളുടെ ഉത്തമ ഉദാഹരണമാണിത്. ഇത്തരം ആശയക്കുഴപ്പങ്ങള്‍ പരിഹരിക്കണമെന്നും കേരളം ആവശ്യപ്പെട്ടു.
കായല്‍, കടലോരപ്രദേശങ്ങളിലെ പരമ്പരാഗതവാസികള്‍ക്ക് ഷെഡും ടോയ്‌ലറ്റും നിര്‍മിക്കാന്‍ അനുമതി നല്‍കുക, വീട് നവീകരിക്കാന്‍ അനുമതി നല്‍കുക, കുടുംബസ്വത്തില്‍ വീടുനിര്‍മിക്കാന്‍ അനുമതി, പൊക്കാളി കൃഷിപാടങ്ങളിലെ കരഭാഗം വാസയോഗ്യമാക്കാന്‍ തീരദേശനിയമത്തില്‍ നിന്നും ഒഴിവാക്കുക, 10 മീറ്ററിന് താഴെയുള്ള തോടുകളുടെ തീരങ്ങളെ തീരദേശപരിധിയില്‍നിന്നും ഒഴിവാക്കുക, ഉള്‍നാടന്‍ ജലഗതാഗത മേഖലകളിലെ തീരദേശം 100ല്‍ നിന്ന് 50 ചതുരശ്രമീറ്റര്‍ ആക്കുക, തദ്ദേശവാസികളുടെ വീട് പുനര്‍നിര്‍മിക്കാന്‍ അനുമതി നല്‍കുമ്പോള്‍ നിലവിലുള്ള തറ വിസ്തീര്‍ണത്തിന് മാത്രം നല്‍കുന്നത് 100 ചതുരശ്ര മീറ്ററാക്കുക, കായല്‍തീരങ്ങളില്‍ തദ്ദേശവാസികള്‍ക്ക് വീടുനിര്‍മിക്കാന്‍ അനുമതി നല്‍കുക എന്നിവയാണ് കേരളത്തിന്റെ മറ്റാവശ്യങ്ങള്‍. കേന്ദ്ര ഭൗമശാസ്ത്ര സെക്രട്ടറി ഡോ. ശൈലേഷ് നായിക്കിന്റെ നേതൃത്വത്തില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിലെ ഏഴംഗ സംഘമാണ് ചര്‍ച്ചക്കെത്തിയത്. പ്രശ്‌നങ്ങള്‍ വ്യക്തമായി മനസ്സിലാക്കി സംസ്ഥാനത്തിന് ഗുണകരമാകുന്ന തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ കഴിയുമെന്ന് പ്രത്യാശിക്കുന്നതായി ഡോ. ശൈലേഷ് നായിക് അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിക്കും വ്യവസായമന്ത്രിക്കും പുറമെ മന്ത്രി കെ ബാബു, ചീഫ് സെക്രട്ടറി ഇ കെ ഭരത്ഭൂഷണ്‍, ആഭ്യന്തര സെക്രട്ടറി നിവേദിത പി ഹരന്‍, ഫിഷറീസ് ഡയരക്ടര്‍ മിനി ആന്റണി, വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിവയരും ചര്‍ച്ചയില്‍ പങ്കെടുത്തു.