എബോള: സുഡാന്‍ അതിര്‍ത്തി അടച്ചു

Posted on: August 23, 2014 5:23 am | Last updated: August 23, 2014 at 12:24 am

ebolaദാകര്‍: പശ്ചിമാഫ്രിക്കയില്‍ ആയിരത്തിലധികം പേരുടെ ജീവനെടുത്ത എബോള രോഗഭീതിയുടെ പശ്ചാത്തലത്തില്‍ പ്രതിരോധ നടപടികളുടെ ഭാഗമായി സെനഗല്‍ തങ്ങളുടെ ഗിനിയന്‍ അതിര്‍ത്തി അടച്ചു. രോഗം ഏറെ ബാധിച്ച ഗിനിയ, ലൈബീരിയ, സിയാറ ലിയോണ്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ള വിമാന, കപ്പല്‍ സര്‍വീസുകളും സെനഗല്‍ നിരോധിച്ചിട്ടുണ്ട്. പ്രതിസന്ധിയില്‍ സഹായത്തിനായി പോകുന്ന പ്രത്യേകിച്ച് ഡോക്ടര്‍മാര്‍ക്ക് യാത്രാനിരോധം ബാധകമാകില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം ലൈബീരിയയില്‍ രോഗവ്യാപനത്തിനെതിരെ എടുത്ത പ്രതിരോധ നടപടികള്‍ക്കെതിരെ പ്രതിഷേധിച്ച ആണ്‍കുട്ടി വെടിയേറ്റ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ലൈബീരിയയിലെ ചേരിയില്‍ ഉപരോധം ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിക്കുന്നതിനിടെയാണ് ഷാക്കി കമാറ എന്ന പതിനാറുകാന് സുരക്ഷാ സേനയുടെ വെടിയേറ്റത്. മറ്റ് രണ്ട് പേര്‍ ഗുരുതരാവസ്ഥയിലാണ്. ഭക്ഷണം വാങ്ങാനും ജോലിക്ക് പോകാനും അനുവദിക്കാതെ സൈന്യം ചേരികളില്‍ തടഞ്ഞുവെച്ചതിനെ തുടര്‍ന്നാണ് ഇവിടെയുള്ളവര്‍ രോഷാകുലരായി പ്രതിഷേധിച്ചത്. കഴിഞ്ഞ ആഴ്ച ഇവിടെയുള്ള രോഗനിവാരണ കേന്ദ്രത്തില്‍ അതിക്രമിച്ചു കയറിയ പ്രദേശവാസികള്‍ എബോള രോഗികളെന്ന് സംശയിക്കുന്ന 17 പേരെ പോകാന്‍ അനുവദിച്ചത് പ്രദേശത്ത് ഏറെ രോഗഭീതി വിതക്കുന്നുണ്ട്. എബോള രോഗം മൂലം ഇതുവരെ 1,350 പേര്‍ മരിച്ചിട്ടുണ്ട്.