വിമാന ടിക്കറ്റ് നിരക്ക് വര്‍ധന: കേന്ദ്രം ഇടപെടണമെന്ന് കേരളം

Posted on: August 23, 2014 12:17 am | Last updated: August 23, 2014 at 12:17 am

തിരുവനന്തപുരം: അവധിക്കാലത്തും ഉത്സവക്കാലത്തും വിമാനടിക്കറ്റ് നിരക്കുകള്‍ അനധികൃതമായി വര്‍ധിപ്പിക്കുന്ന വിഷയത്തില്‍ കേന്ദ്രം ഇടപെടണമെന്ന് മന്ത്രി കെ സി ജോസഫ്. ഇക്കാര്യം മുഖ്യമന്ത്രി പലതവണ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുള്ളതാണ്. സീസണാകുമ്പോള്‍ ടിക്കറ്റ് നിരക്കില്‍ പത്ത് മടങ്ങുവരെ വര്‍ധന വരുത്തുകയാണ്. താഴ്ന്ന വരുമാനക്കാര്‍ക്ക് ഇത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു. സാധാരണക്കാരെ ചൂഷണം ചെയ്യുന്ന ടിക്കറ്റ് നയത്തില്‍ മാറ്റം വരണം. പലപ്പോഴും കൃത്രിമമായ വര്‍ധനവാണു വിമാനക്കമ്പനികള്‍ നടപ്പില്‍വരുത്തുന്നത്. ഇക്കാര്യത്തില്‍ കേന്ദ്രം ഇടപെടണം. ഓരോ സെക്ടറിലും ടിക്കറ്റ് നിരക്കുകള്‍ക്ക് പരിധി നിശ്ചയിക്കണം. എയര്‍ ഇന്ത്യയില്‍ ഇതു നടപ്പാക്കുകയും വേണം. ടിക്കറ്റ് ബുക്ക് ചെയ്യുന്ന തീയതിക്കനുസരിച്ചു ചാര്‍ജ്ജ് നിശ്ചിയക്കുന്ന രീതിയാണ് ഇന്ന് പലരും പിന്തുടരുന്നത്. ഈ രീതി അവസാനിപ്പിക്കുന്ന രീതിയില്‍ ടിക്കറ്റിംഗ് നയത്തില്‍ മാറ്റം വേണമെന്നും കെ സി ജോസഫ് ആവശ്യപ്പെട്ടു.