സ്മാര്‍ട്ട് പദ്ധതികള്‍ ആരംഭിച്ചു

Posted on: August 22, 2014 7:52 pm | Last updated: August 22, 2014 at 7:52 pm

ദുബൈ: ദുബൈ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി (ദിവ) സ്മാര്‍ട്ട് പദ്ധതികള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. എക്‌സ്‌പോ 2020ന് ആതിഥ്യമേകുന്ന ദുബൈ നഗരത്തില്‍ അതിഥികള്‍ക്കു സ്മാര്‍ട് സംവിധാനങ്ങള്‍ ലഭ്യമാക്കാനും താമസക്കാരുടെ ജീവിതനിലവാരം ഉയര്‍ത്താനുമാണു പുതിയ പദ്ധതികളെന്നും അധികൃതര്‍ പറഞ്ഞു.
ദുബൈയെ സ്മാര്‍ട് സിറ്റിയാക്കണമെന്ന യു എ ഇ വൈസ് പ്രസിഡന്റും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ നിര്‍ദേശം അനുസരിച്ചാണു നടപടി. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ നൂറ് പദ്ധതികളും ആയിരം സ്മാര്‍ട് സര്‍വീസുകളും വഴി ദുബൈയിലെ ജീവിതം സുഗമമാക്കുകയാണു ലക്ഷ്യം.
ആറ് മുഖ്യ വിഭാഗങ്ങളിലായാണു സ്മാര്‍ട് ദുബൈ പദ്ധതി കേന്ദ്രീകരിച്ചിരിക്കുന്നത്. ധനം, ജീവിതനിലവാരം, ഗതാഗത സംവിധാനം, ഭരണനിര്‍വഹണം, പരിസ്ഥിതി, മികച്ച തലമുറ എന്നിവയാണു പ്രധാനം. ആശയവിനിമയം, സംയോജനം, സഹകരണം എന്നിവയാണു മുഖ്യ വിഷയങ്ങള്‍. പുതിയ സംവിധാനങ്ങള്‍ വഴി ഉപഭോക്താക്കള്‍ക്കും വ്യവസായ പങ്കാളികള്‍ക്കും മികച്ച സേവനം നല്‍കാനും സ്മാര്‍ട് ദുബൈ ലക്ഷ്യമിടുന്നു.
താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഉയര്‍ന്ന ജീവിത നിലവാരം വാഗ്ദാനം ചെയ്തു നഗരത്തിലെ സേവനങ്ങള്‍ പരസ്പരബന്ധിതമായ സ്മാര്‍ട് സംവിധാനങ്ങള്‍ വഴി മുന്നോട്ടുകൊണ്ടുപോകുകയാണു ലക്ഷ്യം. പത്തുവര്‍ഷത്തിനുള്ളില്‍ വൈദ്യുതി ഉല്‍പാദനവും ശേഷിയും ദീവ വര്‍ധിപ്പിക്കും. അടിസ്ഥാന സൗകര്യത്തിലും വ്യത്യാസം വരുത്തും. വൈദ്യുതി, ജല വിതരണം തുടങ്ങിയ സൗകര്യങ്ങളും വര്‍ധിപ്പിക്കും.