Connect with us

Thrissur

പൊതുവികസനത്തിന് ജനപ്രതിനിധികള്‍ മുന്‍ഗണന നല്‍കണം: എം ചന്ദ്രന്‍ എം എല്‍ എ

Published

|

Last Updated

മുളംകുന്നത്തുകാവ്: പൊതുവികസനത്തിനുവേണ്ടിയുള്ള കൂട്ടായ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാന്‍ ത്രിതല പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍ തയാറാകണമെന്ന് എം ചന്ദ്രന്‍ എം എല്‍ എ.ആലത്തൂര്‍ നിയോജകമണ്ഡലത്തിലെ സമഗ്രവികസന ശില്‍പ്പശാല കിലയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫണ്ട് വിഭജിച്ച് വിവിധ വാര്‍ഡുകളിലേക്കു നല്‍കുന്ന പ്രവണത അവസാനിപ്പിക്കണം. അസംബ്ലി മണ്ഡലത്തെ ഒരു യൂനിറ്റായി കണക്കാക്കി എവിടെയെല്ലാം ഏതൊക്കെ മേഖലകളിലാണ് വികസനം വേണ്ടതെന്ന് കണ്ടെത്തണം. കാര്‍ഷികമേഖലയില്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാനും തരിശുഭൂമി കൃഷിയോഗ്യമാക്കാനും നമ്മുടെ കുട്ടികളുടെ ഭാവി രൂപപ്പെടുത്തുന്ന തരത്തില്‍ വിദ്യാഭ്യാസമേഖലയില്‍ മാറ്റങ്ങള്‍ കൊണ്ടുവരാനും നാം പ്രയത്‌നിക്കണം. കുടിവെള്ളം, ഗതാഗത മേഖലകളിലെ പോരായ്മകള്‍ പരിഹരിക്കണം. സമ്പൂര്‍ണ ശുചിത്വമുള്ള മണ്ഡലമാക്കി ആലത്തൂരിനെ മാറ്റിയെടുക്കാനും ശ്രമിക്കണമെന്ന് എം എല്‍ എ നിര്‍ദ്ദേശിച്ചു.കില ഡെപ്യൂട്ടി ഡയറക്ടര്‍ ജോസ്‌നമോള്‍ അധ്യക്ഷത വഹിച്ചു. കോഴ്‌സ് ഡയറക്ടര്‍ ഡോ. പീറ്റര്‍ എം രാജ് ശില്‍പ്പശാലയുടെ പ്രാധാന്യം വിവരിച്ചു. അസി.ഡയറക്ടര്‍ കെ എം സലിം പ്രസംഗിച്ചു. ഉദ്ഘാടനത്തിനുശേഷം ആറു ഗ്രൂപ്പുകളായി തിരിഞ്ഞ് ഗ്രൂപ്പ് ചര്‍ച്ചയും തുടര്‍ന്ന് പൊതു ചര്‍ച്ചയുമുണ്ടായി. ചര്‍ച്ചകള്‍ ക്രോഡീകരിച്ച് എം എല്‍ എ സംസാരിച്ചു.ആലത്തൂര്‍, നെന്മാറ, കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തുകളിലേയും ആലത്തൂര്‍, എരിമയൂര്‍, കിഴക്കഞ്ചേരി, കുഴല്‍മന്ദം, മേലാര്‍കോട്, തേങ്കുറിശ്ശി, വണ്ടാഴി ഗ്രാമപഞ്ചായത്തുകളിലേയും അധ്യക്ഷന്മാര്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍മാര്‍, മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന ജില്ലാ പഞ്ചായത്ത് മെമ്പര്‍മാര്‍, വിവിധ വകുപ്പുകളിലെ നിര്‍വഹണ ഉദ്യോഗസ്ഥര്‍ എന്നിവരാണ് ശില്‍പ്പശാലയില്‍ പങ്കെടുത്തത്.