ഇംറാന്‍ ഖാന്‍ ചര്‍ച്ച റദ്ദാക്കി; പാക് പാര്‍ലിമെന്റ് ഉപരോധം തുടരുന്നു

Posted on: August 22, 2014 7:27 am | Last updated: August 22, 2014 at 7:27 am
SHARE

imran khanഇസ്‌ലാമാബാദ്: പാക്കിസ്ഥാന്‍ സര്‍ക്കാറുമായുള്ള ചര്‍ച്ച പാക്കിസ്ഥാന്‍ തഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി നേതാവ് ഇംറാന്‍ ഖാന്‍ റദ്ദാക്കി. സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭകരെ അമര്‍ച്ച ചെയ്യാന്‍ പുതിയ പോലീസ് മേധാവിയെ ഇസ്‌ലാമാബാദില്‍ നിയമിച്ചതിനെ തുടര്‍ന്നാണ് ഖാന്‍ നിലപാട് മാറ്റിയത്. നവാസ് ശരീഫ് പ്രധാനമന്ത്രിപദം രാജിവെക്കാന്‍ സമ്മര്‍ദം ചെലുത്തി രണ്ടാം ദിവസവും പ്രക്ഷോഭകര്‍ പാര്‍ലിമെന്റ് ഉപരോധിച്ചു. ഖാന്റെ അനുയായികള്‍ക്ക് പുറമെ പാക്കിസ്ഥാന്‍ അവാമി തഹ്‌രീക് നേതാവ് ത്വാഹിറുല്‍ ഖാദിരിയുടെ അനുയായികളും തലസ്ഥാനത്തുണ്ട്. കഴിഞ്ഞ ദിവസം രാത്രി പ്രക്ഷോഭകര്‍, പോലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ തകര്‍ത്ത് റെഡ് സോണ്‍ പ്രഖ്യാപിച്ച മേഖലയിലേക്ക് കടന്നിരുന്നു.
സൈനിക മേധാവി ജനറല്‍ റശീല്‍ ശരീഫ് അഭ്യര്‍ഥിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ പ്രതിനിധികള്‍ പ്രക്ഷോഭകരുമായി ചര്‍ച്ച നടത്തിയിരുന്നു. പ്രക്ഷോഭകരുടെ ആവശ്യങ്ങള്‍ ദേശീയ അസംബ്ലി നിരാകരിച്ചതോടെയാണ് കൂടുതല്‍ ചര്‍ച്ചകളില്‍ നിന്ന് ഖാന്‍ പിന്‍വാങ്ങിയത്. പാക്കിസ്ഥാന്റെ ആഭ്യന്തര കാര്യങ്ങളില്‍ യു എസ് ഇടപെടുന്നതായി ഖാന്‍ കുറ്റപ്പെടുത്തി. അതേസമയം, ഇസ്‌ലാമാബാദല്ലാത്ത മറ്റ് പ്രധാന നഗരങ്ങളില്‍ ശരീഫിന്റെ അനുയായികള്‍ തെരുവിലിറങ്ങിയിട്ടുണ്ട്. പ്രതിസന്ധി ഇസ്‌ലാമാബാദില്‍ ഒതുങ്ങുകയില്ലെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രക്ഷോഭകരെ നീക്കം ചെയ്യാന്‍ ശ്രമിച്ചാല്‍ എന്തും സംഭവിക്കാം. ഇനിയുള്ള മണിക്കൂറുകള്‍ അതിനാല്‍ നിര്‍ണായകമാണ്.
കഴിഞ്ഞ വര്‍ഷത്തെ തിരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേട് നടന്നുവെന്നും അഴിമതിയില്‍ മുങ്ങിക്കുളിച്ച ശരീഫ് സര്‍ക്കാര്‍ രാജിവെക്കണമെന്നുമാണ് ഇരുവരുടെയും ആവശ്യം. പ്രക്ഷോഭക സംഘം ആറ് ദിവസമായി ഇസ്‌ലാമാബാദില്‍ തമ്പടിച്ചിരിക്കുകയാണ്. ലാഹോറില്‍ നിന്ന് മാര്‍ച്ച് നടത്തിയാണ് ഇവര്‍ ഇസ്‌ലാമാബാദിലെത്തിയത്. ഖാദിരിക്കും ഖാനും സുപ്രീം കോടതി കഴിഞ്ഞ ദിവസം സമന്‍സ് അയച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here