അര്‍ബുദ രോഗികള്‍ക്ക് ജീനറ്റിന്റെ സമ്മാനം

Posted on: August 21, 2014 9:03 pm | Last updated: August 21, 2014 at 9:03 pm

10497377_524895050945182_333251804789238440_o

ദുബൈ: അര്‍ബുദ രോഗികള്‍ക്ക് കുഞ്ഞു ജീനറ്റിന്റെ സമ്മാനം, ഓമനിച്ച് വളര്‍ത്തിയ തന്റെ കാര്‍കൂന്തല്‍.
ദുബൈ ജെംസ് മോഡേണ്‍ അക്കാദമിയില്‍ പഠിക്കുന്ന ആറ് വയസുകാരി മൂന്ന് വര്‍ഷമായി മുറിക്കാതെ വളര്‍ത്തിവരുകയായിരുന്നു. തന്റെ തലമുടി പ്രൊട്ടക്ട് യുവര്‍ മം പരിപാടിയുടെ ഭാഗമായുള്ള ഹെയര്‍ ഫോര്‍ ഹോപ് ഇന്ത്യയ്ക്ക് കഴിഞ്ഞ ദിവസം മുറിച്ചു നല്‍കി.
ജോയ്‌സ് തോമസ്-സിബി ദമ്പതികളുടെ മകളാണ് ജീനറ്റ്. തലമുടി നഷ്ടപ്പെടുന്ന അര്‍ബുദ രോഗികളുടെ വിഷമാവസ്ഥ മനസിലാക്കിയതു മുതല്‍ ജീനറ്റ് മാതാപിതാക്കളെ തന്റെ സന്നദ്ധ അറിയിച്ചുകൊണ്ടിരുന്നു.
തലമുടി സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ തങ്ങളുടെ ചിത്രങ്ങള്‍ ഹെയര്‍ ഫോര്‍ ഹോപ് ഇന്ത്യ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത് ക്യാംപെയിനില്‍ പങ്കാളികളാകണമെന്ന്, ഹെയര്‍ ഫോര്‍ ഹോപ് ഇന്ത്യയുടെ സ്ഥാപകയായ മലയാളി പ്രേമി മാത്യു പറഞ്ഞു.
അര്‍ബുദ രോഗം ബാധിച്ച് തലമുടി നഷ്ടപ്പെട്ടവര്‍ക്ക് വിഗ്ഗ് നിര്‍മിക്കാനാണ് ഇത്തരം തലമുടി ഉപയോഗിക്കുന്നത്. ഇതിനകം തെക്കേ ഇന്ത്യയില്‍ മാത്രം 33 വിഗ്ഗുകള്‍ സംഭാവന ചെയ്തു. വിഗ്ഗ് ആവശ്യമുള്ള നിര്‍ധനരായ അര്‍ബുദ രോഗികള്‍ 00918281822901എന്ന നമ്പരില്‍ ബന്ധപ്പെടണം.
തലമുടി സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ദുബൈ അബു ഹൈല്‍ മെട്രോ സ്‌റ്റേഷന് മുന്‍വശത്തെ ന്യൂ അല്‍ സഫിയ ബില്‍ഡിങ്, സെന്റര്‍ കോര്‍ട്ടിലെ അര്‍ച്ചന സലൂണിനെ സമീപിച്ചാല്‍ സൗജന്യമായി മുറിച്ചു നല്‍കും. വിവരങ്ങള്‍ക്ക്: www.protectyourmom.asia.