മലബാറില്‍ ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് പ്ലസ് വണ്‍ പ്രവേശനം ഉറപ്പാക്കണം: ന്യൂനപക്ഷ ക്ഷേമ കമ്മീഷന്‍

Posted on: August 21, 2014 12:48 am | Last updated: August 21, 2014 at 12:48 am

കോട്ടയം: മലബാര്‍ മേഖലയിലെ അര്‍ഹമായ ന്യൂനപക്ഷ സമുദായ വിദ്യാര്‍ഥികള്‍ക്ക് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അവസരം സൃഷ്ടിക്കണമെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പത്താം ക്ലാസ്സില്‍ ഉയര്‍ന്ന മാര്‍ക്കോടെ വിജയിച്ച ന്യൂനപക്ഷ സമുദായത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ്‌വണ്ണിന് അഡ്മിഷന്‍ കിട്ടിയിട്ടില്ലെന്നും കമ്മിഷന്‍ പറഞ്ഞു. കോട്ടയം ജില്ലയില്‍ നടന്ന ന്യൂനപക്ഷ ക്ഷേമ കമ്മീഷന്‍ സിറ്റിംഗിന് ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ന്യൂനപക്ഷ ക്ഷേമ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എം വീരാന്‍കുട്ടി. എന്തൊക്കെ തടസ്സങ്ങളുണ്ടായാലും ദ്രുതഗതിയില്‍ ഇതിന് പരിഹാരം കണ്ടെത്തണം. സര്‍ക്കാര്‍ ന്യൂനപക്ഷ പ്രേമം നടിച്ചാല്‍ മാത്രം പോരാ, അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും മുന്‍കൈയെടുക്കണം. സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചിട്ടുള്ള ന്യൂനപക്ഷ പ്രൊമോട്ടര്‍മാര്‍ക്ക് നിലവില്‍ ജോലിയുമില്ല, ജോലി ചെയ്ത കാലയളവിലെ ശമ്പളവും കിട്ടിയിട്ടില്ല. ആയിരത്തിലധികം പേരാണ് പ്രൊമോട്ടര്‍മാരായി ജോലി ചെയ്തത്. 4000 രൂപ വേതനം നല്‍കുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്. നാളിതുവരെയായി ഇവര്‍ക്ക് വേതനവും കിട്ടിയില്ല ജോലിയും നഷ്ടമായി. ഗൗരവമായ ഈ വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും ഓണത്തിന് മുന്‍പ് ഇവര്‍ക്കു വേതനം ലഭ്യമാക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു. ക്രൈസ്തവ സമുദായത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കമ്മീഷന്‍ അംഗം അഡ്വ. വി വി ജോഷിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയില്‍ ന്യൂനപക്ഷവിഭാഗത്തില്‍പ്പെട്ട 131 സ്റ്റാഫ് നഴ്‌സുമാരുടെ ഒഴിവുണ്ട്. ആരോഗ്യവിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ ഇടപെടലിനെത്തുടര്‍ന്ന് ഇവര്‍ക്ക് വേണ്ടി നീക്കിവെച്ച സീറ്റില്‍ മറ്റ് സമുദായക്കാര്‍ കടന്ന് കൂടാന്‍ തുടങ്ങിയപ്പോള്‍ കമ്മീഷന്‍ ഇടപെടുകയും ആ സീറ്റില്‍ ന്യൂനപക്ഷവിഭാഗത്തില്‍പ്പെട്ടവരെ മാത്രമേ പ്രവേശിപ്പിക്കാവൂ എന്ന് നിര്‍ദ്ദേശം നല്‍കുകയും ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.