കൂട്ടബലാത്സംഗം: വിരമിച്ച നാവിക ഉദ്യോഗസ്ഥനടക്കം രണ്ട് പേര്‍ക്ക് 20 വര്‍ഷം കഠിന തടവ്‌

Posted on: August 21, 2014 12:30 am | Last updated: August 21, 2014 at 12:38 am

ന്യുഡല്‍ഹി: ഒരു യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിന് 72കാരനായ വിരമിച്ച നാവിക സേനാ ഉദ്യോഗസ്ഥനടക്കം രണ്ട് പേരെ ഡല്‍ഹി അഡീഷണല്‍ സെഷന്‍സ് കോടതി 20 വര്‍ഷത്തെ കഠിനതടവിന് ശിക്ഷിച്ചു. മുന്‍ ഉദ്യോഗസ്ഥനായ ഈശ്വര്‍ സിംഗിനേയും 45കാരനായ റൊഹ്താസ് മാനിനേയുമാണ് ഡല്‍ഹി അഡീഷണല്‍ സെഷന്‍സ് ജഡ്ജി വിരേന്ദര്‍ ഭട്ട് ശിക്ഷിച്ചത്.
തടവു ശിക്ഷക്ക് പുറമെ മാനും, അദ്ദേഹത്തിന്റെ അമ്മാവനായ സിംഗും 25,000 രൂപ വീതം പിഴയടക്കുകയും വേണം. പിഴയടച്ചാല്‍ തുക പീഡനത്തിനിരയായ യുവതിക്ക് നല്‍കണമെന്നും ജഡ്ജി ഉത്തരവിട്ടിട്ടുണ്ട്.
മാനിന്റെ വസതിയില്‍ വാടകക്ക് താമസിച്ചിരുന്ന സ്ത്രീ അവിടെ വേലക്കാരിയായി പ്രവര്‍ത്തിക്കുകയുമായിരുന്നു. 2013 ജൂലൈ 26നും 27നുമാണ് യുവതി കൂട്ടബലാത്സംഗം ചെയ്യപ്പെട്ടത്.
ജോലി തേടി 2012ലാണ് യുവതി ഡല്‍ഹിയിലെത്തിയത്. രൊഹ്താസ്് മാനിനെ ഓഫീസില്‍ ചെന്നുകണ്ട യുവതിക്ക് നല്ലൊരു ജോലി വാഗ്ദാനം ചെയ്ത് അവരില്‍ നിന്ന് 20,000 രൂപ കൈക്കലാക്കുകയും ചെയ്തു. തുടര്‍ന്ന് യുവതിക്ക് താമസിക്കാന്‍ തന്റെ വീട്ടില്‍ മാന്‍ ഇടംനല്‍കി. തന്റെ രണ്ട് കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാനും ഓഫീസ് ജോലിയില്‍ തന്നെ സഹായിക്കാനും യുവതിയെ ചട്ടം കെട്ടി. അതിനിടയിലാണ് മാനിന്റെ അമ്മാവന്‍ ഈശ്വര്‍ സിംഗ് അവര്‍ക്കൊപ്പം താമസിക്കാന്‍ എത്തിയത്. മാന്‍ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ തുടങ്ങി. 2013 ജൂലൈ 26ന് മാനും അയാളുടെ അമ്മാവന്‍ സിംഗും യുവതിയുടെ മുറിയില്‍ ബലം പ്രയോഗിച്ച് കടന്നു. നന്നായി മദ്യപിച്ചിരുന്ന ഇരുവരും തന്നെ വിവസ്ത്രയാക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന് യുവതി പരാതിപ്പെട്ടു. അടുത്ത ദിവസം തന്നെ വീട്ടില്‍ നിന്നും രക്ഷപ്പെട്ട യുവതി പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.
കേസിന്റെ വിചാരണാവേളയില്‍ മാനും സിംഗും ആരോപണങ്ങള്‍ നിഷേധിച്ചു. എന്നാല്‍ യുവതിയുടെ പരാതിയില്‍ അവിശ്വസിക്കേണ്ട കാര്യമില്ലെന്ന് കണ്ടെത്തിയ കോടതി ഇരുവരേയും ശിക്ഷിക്കുകയായിരുന്നു.