Connect with us

Kozhikode

സാമൂതിരി സ്‌കൂളിനെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും

Published

|

Last Updated

കോഴിക്കോട്: സാമൂതിരി ഹയര്‍സെക്കന്‍ഡറി സ്‌കൂളിനെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ചിത്രകലാ അധ്യാപകന്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചെന്ന രീതിയില്‍ പുറത്തുവന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണ്. തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ച മുന്‍ പി ടി എ പ്രസിഡന്റ് സദാനന്ദന്‍, ഭാര്യ അഡ്വ. ഷീല, സ്‌കൂളിലെ ഹിന്ദി അധ്യാപകന്‍ ഗിരിജന്‍ എന്നിവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും. ഇവര്‍ ആസൂത്രണം ചെയ്താണ് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചത്. ഇവര്‍ക്കെതിരെ സിറ്റി പോലീസ് കമ്മീഷനര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. തുടര്‍ച്ചയായി വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് എടുക്കാതിരിക്കുകയും സഹപ്രവര്‍ത്തകരെ മര്‍ദിക്കുകയും പ്രാധാനാധ്യാപകനെ ധിക്കരിക്കുകയും ചെയ്തതിന്റെ പേരില്‍ നടപടി നേരിടുന്നയാളാണ് ഹിന്ദി അധ്യാപകനായ ഗിരിജന്‍. ഗുരുതരമായ അച്ചടക്കലംഘനം നടത്തിയ ഇയാളെ സ്‌കൂളില്‍ നിന്ന് പുറത്താക്കുന്നതുള്‍പ്പെടെയുള്ള നടപടിയെടുക്കും. സ്‌കൂള്‍ വിദ്യാര്‍ഥികളുടേതെന്ന പേരില്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ച ഓഡിയോ മൊഴി സാമൂതിരി സ്‌കൂളിലെ കുട്ടികളുടേതല്ല. ഇത് സംബന്ധിച്ച് അന്വേഷണം നടത്തണം.
കഴിഞ്ഞ ഡിസംബര്‍ രണ്ടിനാണ് ജാഗ്രതാ സമിതിയുടെ പരാതിപ്പെട്ടിയില്‍ യു പി വിദ്യാര്‍ഥികളെ ചിത്രകലാ അധ്യാപകന്‍ പീഡിപ്പിക്കുന്നുവെന്ന് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളുടെ പേരില്‍ ഊമക്കത്ത് ലഭിച്ചത്. സ്‌കൂള്‍ പി ടി എയും ജാഗ്രതാസമിതിയും നടത്തിയ അന്വേഷണത്തില്‍ വിദ്യാര്‍ഥിനികള്‍ ആരും അധ്യാപകനെതിരെ പരാതി ഉന്നയിക്കാത്തിനാല്‍ ആരോപണം വ്യാജമാണെന്ന നിഗമനത്തില്‍ വിഷയം അവസാനിപ്പിക്കുകയായിരുന്നു. ആരോപണവിധേയനായ അധ്യാപകന്‍ മാനസിക പ്രയാസം കാരണം അവധിയില്‍ പ്രവേശിക്കുകയായിരുന്നു. ചാനലുകള്‍ക്ക് വിദ്യാര്‍ഥിനി സംസാരിക്കുന്നതിന്റെ വീഡിയോ നല്‍കിയവര്‍ എന്തുകൊണ്ട് ഇത്രയും കാലം പി ടി എ കമ്മിറ്റിയില്‍ നിന്ന് ഇതു മറച്ചുവച്ചു. ഒരു വര്‍ഷത്തോളം മുമ്പുള്ള പ്രശ്‌നം ഇപ്പോള്‍ മാധ്യമങ്ങള്‍ക്ക് കൊടുത്തതും ദുരുദ്ദേശപരമാണ്.
ഹിന്ദി അധ്യാപകനായ ഗിരിജനോട് ക്ലാസില്‍ പോകാന്‍ ആവശ്യപ്പെടുമ്പോള്‍ “തനിക്കെതിരെ പരാതിപ്പെട്ടാല്‍ നിങ്ങളേയും കൊണ്ടേ ഞാന്‍ പോകൂ” എന്ന് ഭീഷണിപ്പെടുത്താറുണ്ടായിരുന്നുവെന്ന് പ്രാധാനാധ്യാപകന്‍ വി ഗോവിന്ദന്‍ പറഞ്ഞു. സ്‌കൂള്‍ പ്രവര്‍ത്തനങ്ങളില്‍ വേണ്ടത്ര ശ്രദ്ധ പുലര്‍ത്താതിരിക്കുകയും ചെയ്തതിനാലാണ് സദാനന്ദനെ പി ടി എ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയത്. വാര്‍ത്താസമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ മുരളീ മോഹന്‍, പി ടി എ പ്രസിഡന്റ് ഗോവിന്ദ് ചന്ദ്രശേഖര്‍, മൊയ്തീന്‍ കോയ, ഗീത, മുരളീധരന്‍ പങ്കെടുത്തു.

Latest