Connect with us

Kasargod

ദിവാകരന്റെ കാര്‍ഷിക പരീക്ഷണശാല വിദ്യാര്‍ഥികള്‍ക്ക് കൗതുകമായി

Published

|

Last Updated

നീലേശ്വരം: ദിവാകരന്റെ കാര്‍ഷിക പരീക്ഷണശാല കാര്‍ഷിക കുതുകികളായ വിദ്യാര്‍ഥികള്‍ക്ക് അറിവിന്റെ കൂടാരമായി. കടിഞ്ഞിമൂലയിലെ പ്രാദേശിക കാര്‍ഷിക ശാസ്ത്രജ്ഞന്‍ പി വി ദിവാകരന്‍ തന്റെ വീടും പരിസരവും കാര്‍ഷിക പരീക്ഷണത്തിനുള്ള വേദിയാക്കി മാറ്റിയിരിക്കുകയാണ്. ഈ വൈവിധ്യ കാഴ്ച കാണാനാണ് നീലേശ്വരം രാജാസ് ഹൈസ്‌കൂളിലെ ഏഴ്, എട്ട് ക്ലാസുകളില്‍ പഠിക്കുന്ന പരിസ്ഥിതി ക്ലബ് പ്രവര്‍ത്തകരായ അമ്പതോളം് വിദ്യാര്‍ഥികള്‍ എത്തിയത്.
ദിവാകരന്റെ കണ്ടല്‍ നഴ്‌സറിയില്‍നിന്ന് പുഴയോരത്ത് അമ്പതോളം കണ്ടല്‍തൈകള്‍ വെച്ചുപിടിപ്പിച്ചുകൊണ്ട് കാര്‍ഷികപരമായ പുത്തന്‍ അറിവിലേക്ക് പ്രവേശിച്ച കുട്ടികള്‍, നാളിതുവരെ കണ്ടിട്ടില്ലാത്തതും കേട്ടിട്ടില്ലാത്തതുമായ ഒട്ടനവധി അറിവുകളുമായാണ് മടങ്ങിയത്. പ്രാന്തന്‍ കണ്ടല്‍, വള്ളിക്കണ്ടന്‍, കുറ്റിക്കണ്ടല്‍ എന്നിങ്ങനെയുള്ള കണ്ടല്‍ ചെടികളാണ് കുട്ടികള്‍ പുഴയോരത്ത് വെച്ചുപിടിപ്പിച്ചത്. തുടര്‍ന്ന് ദിവാകരന്റെ നേതൃത്വത്തില്‍ ഗ്രാഫ്റ്റിംഗ് പരിശീലനവും ജന്മ നക്ഷത്രവൃക്ഷങ്ങളെ കുറിച്ചുള്ള അറിവും മണ്ണിര കമ്പോസ്റ്റില്‍നിന്നും ലഭിക്കുന്ന ജൈവ കീടനാശിനിയെക്കുറിച്ചും മത്സ്യം വളര്‍ത്തല്‍, ഔഷധ സസ്യകൃഷി, ലായനിയില്‍ സൂക്ഷിച്ച പട്ടിക്കുട്ടിയുടെ ശൈശവാവസ്ഥ തുടങ്ങി വൈവിധ്യങ്ങളായ വിഷയങ്ങളെക്കുറിച്ച് പഠിക്കാന്‍ കുട്ടികള്‍ക്കായി.
രാജാസ് ഹൈസ്‌കൂള്‍ പരിസ്ഥിതി പ്രവര്‍ത്തകരായ അധ്യാപകര്‍ പി വി സുജാത, അവിനാഷ്, സരസ്വതി, പ്രസീത, വിഷ്ണുപ്രിയ എന്നിവര്‍ നേതൃത്വം നല്‍കി.