മലപ്പുറം സ്വദേശി ശകുന്തളയെ കൊലപ്പെടുത്തിയത് നിധി മോഹിപ്പിച്ച്

Posted on: August 19, 2014 11:29 am | Last updated: August 20, 2014 at 12:56 am

murderകോഴിക്കോട്: പേരാമ്പ്രയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ശകുന്തളയെ പ്രതികള്‍ കൊലപ്പെടുത്തിയത് നിധി മോഹിപ്പിച്ചെന്ന് പോലീസ്. നിധികണ്ടെത്താനുള്ള മന്ത്രവാദത്തിനായി വിളിച്ചുവരുത്തിയ ശേഷമായിരുന്നു കൊല നടത്തിയത്. വീട്ടുവളപ്പിലെ തേക്കിന്റെ ചുവട്ടില്‍ നിധിയുണ്ടെന്നാണ് ശകുന്തളയെ പറഞ്ഞുവിശ്വസിപ്പിച്ചത്. ശകുന്തളയുടെ പക്കലുണ്ടായിരുന്ന 40000 രൂപയും ആറു പവന്‍ സ്വര്‍ണവും കവര്‍ന്ന ശേഷം ശകുന്തളയെ കൊലപ്പെടുത്തുകയായിരുന്നു.

കേസില്‍ ആന്തിയൂര്‍കുന്ന് ക്ഷേത്രപൂജാരി ദുര്‍ഗാപ്രസാദും ഭാര്യ അശ്വതിയും കുറ്റം സമ്മതിച്ചു. മൃതദേഹം മറവുചെയ്യാന്‍ പൂജാരിയെ ഭാര്യ സഹായിച്ചുവെന്നും പൊലീസ് പറഞ്ഞു.

കുറ്റിയാടിപുഴയില്‍ ഒറ്റങ്കണ്ടം പറമ്പല്‍ ഭാഗത്ത് ചാക്കില്‍ കെട്ടിയ നിലയിലാണ് കഴിഞ്ഞ ദിവസം ശകുന്തളയുടെ മൃതദേഹം കണ്ടെത്തിയത്. മലപ്പുറം കൊണ്ടോട്ടി ഐക്കരപ്പടി സ്വദേശിനിയാണ് ശകുന്തള. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ശകുന്തളയെ കാണാതായത്. ഐക്കരപ്പടി എല്‍ പി സ്‌കൂളിലെ പാചകതൊഴിലാളിയായിരുന്നു. ഭര്‍ത്താവ് ഉപേക്ഷിച്ച ശേഷം രണ്ടു മക്കള്‍ക്കൊപ്പമായിരുന്നു താമസം.