പോലീസ് സേനയിലേക്ക് വാര്‍ഷിക റിക്രൂട്ട്‌മെന്റ് നടത്തും: ആഭ്യന്തര മന്ത്രി

Posted on: August 19, 2014 10:46 am | Last updated: August 19, 2014 at 10:46 am

ramesh chennnithalaമാനന്തവാടി: പോലീസ് സേനയിലേക്ക് എല്ലാ വര്‍ഷവും പി എസ് സി വഴി റിക്രൂട്ട്‌മെന്റ് നടത്തുന്നതിന് സ്ഥിരം സംവിധാനം ഒരുക്കുമെന്നും 21 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയ മുഴുവന്‍ വനിതാ പോലീസ് സേനാംഗങ്ങള്‍ക്കും സ്ഥാനക്കയറ്റം നല്‍കുമെന്നും അഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. 80 ലക്ഷം രൂപ ചെലവില്‍ വയനാട് ജില്ലയിലെ മാനന്തവാടിയില്‍ പുതുതായി പണിത ഡി വൈ എസ് പി ഓഫീസ് കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന പട്ടികവര്‍ഗ-യുവജനക്ഷേമ വകുപ്പ് മന്ത്രി പി കെ ജയലക്ഷ്മി അധ്യക്ഷയായിരുന്നു.
കുട്ടികള്‍, സ്ത്രീകള്‍, ആദിവാസികളുള്‍പ്പെടെയുള്ള മറ്റ് ദുര്‍ബല വിഭാഗങ്ങള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ പൂര്‍ണ്ണമായും നിയന്ത്രിച്ച് ‘ക്രൈം ഫ്രീ കേരള’ എന്ന ലക്ഷ്യം കൈവരിക്കുകയാണ് പോലീസിന്റെ ലക്ഷ്യം. വാഹനാപകടങ്ങള്‍ നിയന്ത്രിക്കാനായി ‘സ്‌മൈല്‍’ എന്ന പദ്ധതിയും നടപ്പാക്കും. പോലീസ് സേനാംഗങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് എല്ലാ ആശുപത്രികകളിലും ‘ഷെയ്പ്’ എന്ന പേരില്‍ ആഴ്ചയില്‍ രണ്ട് ദിവസം ഉച്ച വരെ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും.അമ്പതിനായിരത്തോളം വരുന്ന പോലീസ്‌സേനാംഗങ്ങള്‍ക്ക് 20 കോടി രൂപ ചെലവില്‍ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കും.
ഓണം കഴിയുന്നതോടെ പദ്ധതി നിലവില്‍ വരും. 10 കോടി രൂപ ചെലവില്‍ രണ്ടാമത് യൂണിഫോം അനുവദിക്കാന്‍ നടപടി സ്വീകരിക്കും. പോലിസ് സേനക്കായി ആയിരം പുതിയ വാഹനങ്ങള്‍ വാങ്ങും. പോലീസ് അനുബന്ധ വകുപ്പുകളായ അഗ്നിശമന രക്ഷാ സേനയിലേക്ക് രണ്ടായിരം പേരെയും ജയില്‍ വകുപ്പിലേക്ക് 800 പേരേയും റിക്രൂട്ട് ചെയ്യുമെന്നും അഭ്യന്തമന്ത്രി പറഞ്ഞു.
രാജ്യത്തെ ഏറ്റവും മികച്ച പോലീസ് സേനയെന്ന നിലക്ക് കേരളാ പോലീസിന്റെ ആധുനീകരണത്തിനായി 60 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഇതുപയോഗിച്ച് പോലീസ് സേന്ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും. 80 ശതമാനം കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെയാണ് പോലീസ് സന്നാഹങ്ങള്‍ മെച്ചപ്പെടുത്തുക. ഇതിന്റെ ഭാഗമായി എല്ലാ പോലീസ് സ്റ്റേഷനുകള്‍ക്കും സ്വീകരണ മുറിയോട് കൂടിയ കെട്ടിടങ്ങള്‍ പണിയും. പോലീസിന്റെ പൊതുജനങ്ങളോടുള്ള സമിപനം തികച്ചും മാന്യമാക്കുന്നതിന് നടപടി സ്വീകരിക്കും. ക്രമസമാധാനപാലനത്തിനും കുറ്റാന്വേഷണത്തിനുമായി പോലീസ് സേനയില്‍ രണ്ട് വിഭാഗങ്ങള്‍ രൂപവത്ക്കരിക്കുമെന്നും മന്ത്രി പറഞ്ഞു. കണ്ണൂര്‍ റെയ്ഞ്ച് ഡി ഐജി ദിനേന്ദ്ര കശ്യാപ് സ്വാഗതം പറഞ്ഞു. എം ഐ ഷാനവാസ് എം പി മുഖ്യപ്രഭാഷണം നടത്തി. ഉത്തരമേഖലാ എ ഡി ജി പി എന്‍ ശങ്കര്‍റെഡ്ഡി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍ കെ റഷീദ്, ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ജി ബിജു, മാനന്തവാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സില്‍വി തോമസ്, ജില്ലാ പഞ്ചായത്തംഗം ഉഷാ വിജയന്‍, ബ്ലോക്ക് പഞ്ചായത്തംഗം മാര്‍ഗരറ്റ് തോമസ്,. ജില്ലാ പോലീസ് മേധാവി പുട്ട വിമലാദിത്യ തുടങ്ങിയവര്‍ സംസാരിച്ചു.