Connect with us

Palakkad

ശിരുവാണി പ്രൊജക്ട് പാലക്കാട് സര്‍ക്കിള്‍ ഓഫീസ് കാടുപിടിച്ച് നശിക്കുന്നു

Published

|

Last Updated

പാലക്കാട്: ശിരുവാണി പ്രൊജക്ട് പാലക്കാട് സര്‍ക്കിള്‍ ഓഫീസ് കാടുപിടിച്ച് നശിക്കുമ്പോള്‍ ജോലിയൊന്നും ചെയ്യാതെ ശമ്പളവും കിമ്പളവും പറ്റി ജീവനക്കാര്‍ സുഖവാസത്തില്‍.
പാലക്കാട് ചുണ്ണാമ്പുതറയിലെ ഒന്നര ഏക്കറോളം സ്ഥലത്ത് സര്‍ക്കാര്‍ ഏകദേശം 35 വര്‍ഷങ്ങള്‍ക്ക് മുമ്പ് കെട്ടിപ്പൊക്കിയ ശിരുവാണി പ്രൊജക്ട് പാലക്കാട് സര്‍ക്കിള്‍ ഓഫിസാണ് കാലങ്ങളായി കാടുപിടിച്ച് നശിക്കുന്നത്.
ഫീല്‍ഡില്‍പോകുന്നതുള്‍പ്പടെ 49 ജീവനക്കാര്‍ ഉണ്ടെങ്കിലും മിക്ക ജീവനക്കാരും ജോലിയൊന്നും ചെയ്യാതെ ഡ്രൈവിംഗ് പഠിക്കുന്നതുള്‍പ്പടെയുള്ള വിനോദങ്ങളില്‍ ഏര്‍പ്പെടുകയാണ്. ശിരുവാണി പ്രൊജക്ട് പാലക്കാട് സര്‍ക്കിള്‍ ഓഫീസിന് കീഴില്‍ നാല് ഡിവിഷന്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അവയുടെ പ്രവര്‍ത്തനവും തഥൈവയാണ്.
മലമ്പുഴ ഇറിഗേഷന്‍ ഡിവിഷന്‍, ചിറ്റൂര്‍ ഇറിഗേഷന്‍ ഡിവിഷന്‍, കെ.പി.ഐ.പി ഡിവിഷന്‍ നമ്പര്‍ 1, കാഞ്ഞിരപ്പുഴ, “വാനി ബേസിന്‍, അഗളി ഇറിഗേഷന്‍ എന്നിവയാണ് പാലക്കാട് സര്‍ക്കിള്‍ ഓഫീസിനു കീഴില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. മലമ്പുഴ ജലസേചന പദ്ധതി, ചിറ്റൂര്‍ പുഴ ജലസേചന പദ്ധതി, കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി, വാളയാര്‍ ജലസേചന പദ്ധതി, മംഗലം ജലസേചന പദ്ധതി, ശിരുവാണി കുടിവെള്ള പദ്ധതി എന്നിവക്കുള്ള ജലസേചന പദ്ധതികളും ഈ ഡിവിഷന്‍ ഓഫീസിനു കീഴിലാണുള്ളത്.
ഡിവിഷന്‍ ഓഫീസിന്റെ പ്രവര്‍ത്തനം പൂര്‍ണമായും വിശ്രമ മോഡലില്‍ ആയതോടെ പദ്ധതികളെല്ലാം പാതിവഴിയിലുമാണ്. ഡിവിഷന്‍ ഓഫീസിന്റെ ഇഴഞ്ഞുള്ള സമീപനം മൂലം ഇതിനു കീഴിലുള്ള നാല് ഓഫീസുകളും പ്രവര്‍ത്തനവും നിലച്ച മട്ടാണ്. ഡിവിഷന്‍ ഓഫീസിലെ ജീവനക്കാര്‍ വിനോദങ്ങളുമായി ജോലിയൊന്നും ചെയ്യാതെ ശമ്പളം കൈപ്പറ്റുമ്പോള്‍ ഓഫീസ് പരിസരം കാടുകയറി നശിക്കുകയാണ്. കഴിഞ്ഞ ദിവസം തേജസ് പത്രത്തിന്റെ പ്രതിനിധി സ്ഥലത്തെത്തി ഓഫീസിന്റെ ഫോട്ടൊയെടുത്തതോടുകൂടി കുറച്ചു”ാഗം അധികൃതരുടെ നേതൃത്വത്തില്‍ വെട്ടിവെളുപ്പിച്ചു.
ഉപയോഗമൊന്നുമില്ലാതെ തുരുമ്പിച്ച് നശിച്ച ജീപ്പും കാടുകയറി നില്‍ക്കുന്ന ഡിവിഷന്‍ ഓഫീസിന്റെ പിന്‍ഭാഗവും ഉദ്യോഗസ്ഥരുടെ ജോലിയില്ലാതെയുള്ള ശമ്പളം വാങ്ങലുമാണ് ഓഫീസിലെത്തുന്നവരെ സ്വാഗതം ചെയ്യുന്നത്. ഓഫീസിന്റെ ദുരവസ്ഥ പരിഹരിക്കുകയോ ജോലിയൊന്നും ചെയ്യാതെ സര്‍വീസില്‍ തുടരുന്ന ജീവനക്കാരെ പിരിച്ചുവിടുകയോ മറ്റേതെങ്കിലും ഓഫീസിലേക്ക് മാറ്റുകയോ അല്ലെങ്കില്‍ അവരെക്കൊണ്ട് യഥാവിധി ജോലി ചെയ്യിക്കുവാന്‍ നടപടി സ്വീകരിക്കുകയോ ചെയ്യണമെന്നാണ് ജനകീയ ആവശ്യം.

Latest