ന്യൂനപക്ഷങ്ങള്‍ക്ക് ബോധവത്കരണം; എല്ലാ ജില്ലകളിലും സെമിനാര്‍ നടത്തുമെന്ന് ചെയര്‍മാന്‍

Posted on: August 19, 2014 10:34 am | Last updated: August 19, 2014 at 10:34 am

എടവണ്ണപ്പാറ: ന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ അവകാശങ്ങളെ കുറിച്ച് ബോധവത്കരണം നല്‍കുന്നതിന് എല്ലാ ജില്ലകളിലും സെമിനാറുകളും ക്യാമ്പുകളും നടത്തുമെന്ന് ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ എന്‍ വീരാന്‍ കുട്ടി. 

ന്യൂനപക്ഷ സമുദായ നേതാക്കളെയും ന്യൂനപക്ഷ കാര്യങ്ങള്‍ ചെയ്യുന്ന എന്‍ ജി ഒ കളെയും യോഗത്തിലേക്ക് ക്ഷണിച്ചതായും അദ്ദേഹം സിറാജിനോട് പറഞ്ഞു. ന്യൂപക്ഷങ്ങള്‍ വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ ഊന്നല്‍ നല്‍കണം. എന്തു ത്യാഗം സഹിച്ചും വിദ്യ ആര്‍ജിക്കണം. എങ്കിലേ പദവികളില്‍ പങ്കാളിത്തം ലഭിക്കൂകയുള്ളു. നമ്മുടെ മുന്‍ തലമുറ ഭൗതിക വിദ്യാഭ്യാസത്തിന് അര്‍ഹമായ പ്രധാന്യം നല്‍കിയില്ല. എന്നാല്‍ ഇന്ന് വിദ്യാഭ്യാസ രംഗത്ത് കുറെ സ്ഥാപനങ്ങള്‍ ഉയര്‍ന്ന് വരുന്നുണ്ട്. ശത്രുതയും അനൈക്യവും മുസ്‌ലിം സമുദായത്തെ ബാധിക്കുന്ന പ്രധാന കാര്യമാണ്. തിരുവനന്തപുരം ജില്ലയില്‍ 131 നഴ്‌സുമാരുടെ ഒഴിവുകള്‍ ഉണ്ടായി.
എന്‍ എ സി കാറ്റഗറിയിലായിരുന്നു ഒഴിവുണ്ടായിരുന്നത്. മുസ്‌ലിം ഉദ്യോഗാര്‍ഥികളെ ലഭിക്കാത്തതിനാല്‍ റിസര്‍വേഷന്‍ ഒഴിഞ്ഞ് കിടക്കുകയായിരുന്നു. ഈ ഒഴിവുകളിലേക്ക് ഇപ്പോള്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ പരീക്ഷ നടത്തി ഉദ്യോഗാര്‍ഥികള്‍ക്ക് അഡൈ്വസ് മെമ്മോ അയച്ചുകൊടുത്തിരിക്കുകയാണ്. ആരോഗ്യ മേഖലയില്‍ ഈയടുത്ത് കാലത്ത് 86 പേരുടെ നിയമന കാര്യത്തില്‍ ഗവ. ജനറല്‍ കാറ്റഗറിയില്‍ നിന്ന് നിയമിക്കുകയുണ്ടായി. ഇതു ഗുരതരമായ ക്രമക്കേടും സ്വജനപക്ഷപാതവുമാണെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ച് തെളിവെടുപ്പ് നടത്തുകയുണ്ടായി.
ജനാധിപത്യ ഭരണക്രമം ഉള്ള രാജ്യത്ത് എല്ലാ കാര്യങ്ങളിലും ഭൂരിപക്ഷാടിസ്ഥാനത്തില്‍ തീരുമാനമെടുക്കുമ്പോള്‍ ന്യൂനപക്ഷങ്ങള്‍ പ്രത്യേക പരിഗണനയും സംരക്ഷണവും ലഭിക്കുന്നില്ലെങ്കില്‍ അവര്‍ പാര്‍ശ്വവത്കരിക്കപ്പെടുകയും ദുരിതം പേറുകയും ചെയ്യും. പാര്‍ലിമെന്റിലും നിയമസഭയിലും ഭൂരിപക്ഷം തിമിര്‍ത്താടുമ്പോള്‍ ന്യൂനപക്ഷങ്ങള്‍ ഗതിയില്ലാതാവുകയാണ്. ഇന്ത്യയിലെ മതന്യൂന പക്ഷങ്ങള്‍ ദളിതരേക്കാള്‍ പിറകിലാണെന്നും പ്രാഥമിക ജീവിതാവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയാതെ വിഷമിക്കുകയാണെന്നും വസ്തുതാപരമായി തന്നെ സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ട്.
സ്വന്തം കിടപ്പാടമില്ലാതെയും ഒരിഞ്ചു ഭൂമിയില്ലാതെയും പ്രയാസമനുഭവിക്കുന്ന സമൂഹത്തിന് പ്രത്യാശയും പരിഗണനയും സംരക്ഷണവും നല്‍കണമെന്നാവശ്യം വിവിധ തുറകളില്‍ നിന്നുയരുകയുണ്ടായി. ഈ അടിസ്ഥാനത്തിലാണ് ന്യൂനപക്ഷ കമ്മീഷന്‍ രൂപവത്കൃതമായത്. ഉദ്യോഗ നിയമനത്തില്‍ ഒരു ശതമാനം, രണ്ട് ശതമാനം പോലും നിയമിക്കാത്ത വകുപ്പുകള്‍ കേരളത്തില്‍ തന്നെ ഉണ്ടായി. ഉയര്‍ന്ന വിദ്യാഭ്യാസം മുസ്‌ലിം സമുദായം ആര്‍ജിക്കുന്നില്ല. പി ജി, പി എച്ച് ഡി, മറ്റ് ഗവേഷണ സൗകര്യങ്ങളോ അവര്‍ക്ക് ഉപയോഗപ്പെടുത്താന്‍ കഴിയുന്നില്ല.
ഇതു മനസ്സിലാക്കിയാണ് ഗവണ്‍മെന്റ് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയത്. മൗലാനാ ആസദ് എഡ്യുക്കേഷന്‍ ഫൗണ്ടേഷന്‍ പ്രതിഭകളുള്ള മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് കോടി കണക്കിന് രൂപ സ്‌കോളര്‍ഷിപ്പ് നല്‍കുന്നു.എന്നാല്‍ ഇത്തരം സ്‌കോളര്‍ഷിപ്പുകളെ കുറിച്ച് അവബോധമില്ലാത്തതിനാല്‍ ഈ രംഗത്ത് നീക്കി വെച്ച കോടിക്കണക്കിന് രൂപ ലാപ്‌സായി പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.