മുഖ്യമന്ത്രി ആനന്ദി പട്ടേലിന് ആദ്യ പരീക്ഷണം

Posted on: August 19, 2014 1:23 am | Last updated: August 19, 2014 at 1:23 am

ഗാന്ധിനഗര്‍: ഗുജറാത്തില്‍ അടുത്ത മാസം നടക്കുന്ന ഉപതിരഞ്ഞെടുപ്പ് മുഖ്യമന്ത്രി ആനന്ദി പട്ടേലിന് ആദ്യ പരീക്ഷണമാകും. നരേന്ദ്ര മോദിയില്‍ നിന്ന് മുഖ്യമന്ത്രി പദമേറ്റെടുത്ത ശേഷം അവര്‍ അഭിമുഖീകരിക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്. ഒരു ലോക്‌സഭാ മണ്ഡലത്തിലേക്കും ഒമ്പത് നിയമസഭാ മണ്ഡലങ്ങളിലേക്കും അടുത്ത മാസം 13 നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. നിലവിലുള്ള എം എല്‍ എമാര്‍ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് നിയമസഭാ മണ്ഡലങ്ങളില്‍ ഒഴിവ് വന്നത്.
ആനന്ദ്, ലിംഖേദ, ദീസ, മതര്‍, മനിനഗര്‍, തലാജ, തങ്കാറ, ഖംബാലിയ, മാന്‍ഗ്രോല്‍ തുടങ്ങിയ നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ട് മണ്ഡലങ്ങളില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ച മോദി ഉത്തര്‍പ്രദേശില്‍ നിന്നുള്ള വാരാണസി സീറ്റ് നിലനിര്‍ത്താന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് ഗുജറാത്തിലെ വഡോദര സീറ്റിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. മുഖ്യമന്ത്രി പദത്തില്‍ നിന്ന് മോദി മാറിയതോടെ ഉപതിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് നേട്ടമുണ്ടാക്കാനാകുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്. അഴിമതിയും പണപ്പരുപ്പവും ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസ് പ്രചാരണം തുടങ്ങിയിട്ട് രണ്ടാഴ്ചയിലധികമായി. മുഖ്യമന്ത്രി പട്ടേലിന്റെ സ്വീകാര്യത എത്രത്തോളമെന്ന് ഉപതിരഞ്ഞെടുപ്പിലറിയാമെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് ദോഷി പറഞ്ഞു.
നിരവധി പ്രമുഖരെ തഴഞ്ഞാണ് മോദി ഗുജറാത്ത് മുഖ്യമന്ത്രിപദത്തിലേക്ക് ആനന്ദി പട്ടേലിനെ തിരഞ്ഞെടുത്തത്. എന്നാല്‍ ടോയ്‌ലറ്റ് നിര്‍മാണവും സ്ത്രീ ശാക്തീകരണവുമുള്‍പ്പെടെയുള്ള വിഷയങ്ങളിലാണ് അവര്‍ കൂടുതല്‍ സംസാരിക്കുന്നതെന്നാണ് പ്രധാനമായുള്ള ആരോപണം. 2001ല്‍ അധികാരമേറിയത് മുതല്‍ മോദി ഗുജറാത്തില്‍ തുടര്‍ച്ചയായി അധികാരത്തിലേറിക്കൊണ്ടിരിക്കുകയായിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണം സംസ്ഥാനത്തെ ആദ്യ വനിതാ മുഖ്യമന്ത്രിക്കും മോദിയുടെ സ്വീകാര്യത ലഭിക്കുമെന്നാണ് ബി ജെ പി അവകാശപ്പെടുന്നത്. പ്രധാനമന്ത്രി പദത്തിലുള്ള മോദി സംസ്ഥാനത്ത് നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികളും അദ്ദേഹം തുടങ്ങിവെച്ച പദ്ധതികളും ഉയര്‍ത്തിക്കാട്ടിയാണ് പാര്‍ട്ടി പ്രചാരണ രംഗത്തിറങ്ങുന്നത്. മറ്റ് വിഷയങ്ങള്‍ക്കൊപ്പം പ്രാദേശിക പ്രശ്‌നങ്ങളും കോണ്‍ഗ്രസ് ഉയര്‍ത്തിപ്പിടിക്കുമെന്ന് പാര്‍ട്ടി വക്താവ് മനീഷ് ദോഷി പറഞ്ഞു. സി എ ജി ചൂണ്ടിക്കാട്ടിയ അഴിമതിയും വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടതും തിരഞ്ഞെടുപ്പില്‍ പ്രചാരണായുധമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.