Connect with us

Gulf

ഉച്ച വിശ്രമ നിയമം ലംഘിച്ചത് 0.12 ശതമാനം സ്ഥാപനങ്ങള്‍

Published

|

Last Updated

ദുബൈ: രാജ്യത്ത് ഉച്ച വിശ്രമ നിയമം ലംഘിച്ചത് 0.12 % കമ്പനികള്‍ മാത്രമാണെന്നു തൊഴില്‍ മന്ത്രാലയം. നിയമം പാലിക്കുന്നതില്‍ ഉമ്മുല്‍ ഖുവൈന്‍, ഫുജൈറ എന്നീ എമിറേറ്റുകള്‍ നൂറ് ശതമാനവും വിജയിച്ചെന്നാണു പരിശോധനകളില്‍ നിന്നു വ്യക്തമാകുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ജൂണ്‍ 15 മുതല്‍ ഈ മാസം ഒന്‍പതുവരെയുള്ള കാലയളവില്‍ 44,779 സ്ഥാപനങ്ങളില്‍ 56 എണ്ണം മാത്രമാണു നിയമം ലംഘിച്ചത്. അടുത്ത മാസം 15 വരെയാണു നിയമം നിലവിലുള്ളത്. കഠിന ചൂടില്‍ തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഉച്ചയ്ക്കു 12.30 മുതല്‍ മൂന്നു വരെ ജോലി ചെയ്യുന്നതില്‍ നിന്ന് ഇളവ് നല്‍കുന്നതു നിര്‍ബന്ധമാക്കുന്നതാണ് ഉച്ചവിശ്രമ നിയമം. 10 വര്‍ഷം മുന്‍പ് പ്രാബല്യത്തിലാക്കിയ നിയമം പാലിക്കപ്പെടുന്നതില്‍ ഓരോ വര്‍ഷവും വന്‍ വര്‍ധനയുണ്ടായിട്ടുണ്ടെന്ന് തൊഴില്‍ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി മുബാറക് സയീദ് അല്‍ ദാഹിരി അറിയിച്ചു.
വ്യവസായപരമായ കാര്യങ്ങളും മറ്റും കണക്കിലെടുക്കുന്നതിനൊപ്പം വേനലില്‍ കഠിനമായ ചൂടില്‍ ജോലിചെയ്യുന്ന തൊഴിലാളികളുടെ ആരോഗ്യവും പരിഗണിച്ചാണു നിയമം നടപ്പാക്കിയത്. നിയമം കര്‍ശനമായി നടപ്പാക്കാനായി അധികൃതര്‍ പരിശോധനയും നടത്തിയിരുന്നു. ആകെ 44,835 പരിശോധനകളാണു നടത്തിയത്. ഇതില്‍ അബുദാബിയില്‍ 10,120 പരിശോധനകളും ദുബൈ-13,040, ഷാര്‍ജ 5,117, അജ്മാന്‍-6,191, റാസല്‍ ഖൈമ 1,748, ഉമുല്‍ ഖൈന്‍-4,038, ഫുജൈറ 4,581 പരിശോധനകളും നടത്തി.
അബുദാബി 99.97%, ദുബായ് 99.83%, ഷാര്‍ജ 99.97%, അജ്മാന്‍ 99.92%, റാസല്‍ഖൈമ 98.63%, ഉമ്മുല്‍ ഖുവൈന്‍, ഫുജൈറ എന്നിവ 100% എന്നിങ്ങനെയാണു നിയമം നടപ്പിലാക്കിയതു സംബന്ധിച്ച കണക്കുകള്‍. സാങ്കേതിക കാരണങ്ങളാല്‍ ചില മേഖലകളില്‍ നിയന്ത്രണ സമയത്തും ജോലികള്‍ തുടരേണ്ട ആവശ്യമുണ്ടായിരുന്നു. എന്നാല്‍ ഈ സമയം തൊഴിലാളികള്‍ക്കു ശുദ്ധജലം, സുരക്ഷാ ഉപകരണങ്ങള്‍, പ്രാഥമിക ശുശ്രൂഷയ്ക്കുള്ള മരുന്നുകള്‍, ഉപ്പ്, നാരങ്ങ, സാലഡുകള്‍, ആരോഗ്യ വിഭാഗം വരെ അധികൃതര്‍ അംഗീകരിച്ചിരിക്കുന്ന മറ്റു വസ്തുക്കള്‍ നല്‍കി. ഉച്ചവിശ്രമ നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്ക് 15,000 ദിര്‍ഹമാണു പിഴ ചുമത്തിയിരുന്നതെന്നും മുബാറക് സയീദ് അല്‍ ധാഹേരി അറിയിച്ചു.