വയനാട് റെയില്‍വേ: വിദേശനിക്ഷേപ സാധ്യത പരിശോധിക്കുമെന്ന് മന്ത്രി കുഞ്ഞാലിക്കുട്ടി

Posted on: August 18, 2014 10:33 am | Last updated: August 18, 2014 at 10:33 am

kunchalikkuttiകല്‍പ്പറ്റ: വയനാട് റയില്‍വേ കമ്പനി രൂപീകരിച്ച് സ്വകാര്യ- വിദേശ നിക്ഷേപത്തോടെ നടപ്പാക്കാനുള്ള സാധ്യത പരിശോധിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി. നീലഗിരി- വയനാട് നാഷണല്‍ ഹൈവേ ആന്റ് റയില്‍വേ ആക്ഷന്‍ കമ്മറ്റിയുമായി നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്. വ്യവസായ മന്ത്രി മുന്‍കൈയെടുത്ത് മുഖ്യമന്ത്രിയും വയനാട്ടിലെ ജനപ്രിതിനിധികളുമായി ഈ കാര്യം ചര്‍ച്ച ചെയ്യാനായി തിരുവനന്തപുരത്ത് യോഗം വിളിക്കും. സാധ്യത പഠനം നടത്താനായി കെ.എസ്.ഐ.ഡി.സി യെ ചുമതലപ്പെടുത്തുന്നതും പരിഗണിക്കും.
642 കോടി രൂപ ചെലവു വരുന്ന നഞ്ചന്‍ഗോഡ് – വയനാട് റയില്‍പാതയുടെ കേരള സംസ്ഥാനത്തിന്റെ വിഹിതം നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. 121 കോടി രൂപയാണ് ഈ പാതക്കായി സംസ്ഥാന സര്‍ക്കാര്‍ നല്‍കുക. എന്നാല്‍ കര്‍ണ്ണാടകയുടെ വിഹിതം ലഭിക്കാന്‍ കാലതാമസം വരുന്നതിനാലാണ് കമ്പനി രൂപീകരിച്ച് റയില്‍പാതക്കാവശ്യമായ മൂലധനം സ്വരൂപിക്കുക എന്ന ആശയം ആക്ഷന്‍ കമ്മിറ്റി മുമ്പോട്ടു വെച്ചത്. റയില്‍വേയില്‍ നൂറു ശതമാനം വിദേശനിക്ഷേപവും സ്വകാര്യ പങ്കാളിത്തവും കഴിഞ്ഞ റയില്‍വേ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചതോടെ കമ്പനി രൂപീകരിച്ച് വയനാട് റയില്‍പാത പ്രാവര്‍ത്തികമാക്കാനുള്ള സാധ്യതകള്‍ കൂടിയിരിക്കുകയാണ്. കമ്പനി രൂപീകരിച്ച് നഞ്ചന്‍ഗോഡ് – വയനാട് റയില്‍ പാത നടപ്പാക്കുന്നതിനുള്ള വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് ആക്ഷന്‍ കമ്മറ്റി മന്ത്രിക്ക് സമര്‍പ്പിച്ചു.
വ്യവസായവകുപ്പ് മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ അഡ്വ.ടി.എം.റഷീദ്, വിനയകുമാര്‍ അഴിപ്പുറത്ത്, അഡ്വ.പി.വേണുഗോപാല്‍, ടി.മുഹമ്മദ്, എം.എ.അസൈനാര്‍, പി.വൈ.മത്തായി, ഫാ.ടോണി കോഴിമണ്ണില്‍, പി.പി.അബ്ദുള്‍ ഖാദര്‍, ജോയിച്ചന്‍ വര്‍ഗ്ഗീസ്, ഡോ.ഗഫൂര്‍ കക്കോടന്‍, റാംമോഹന്‍, ഒ.കെ.മുഹമ്മദ്, ജോസ് കപ്യാര്‍മല, നാസര്‍കാസിം, സംഷാദ് എന്നിവര്‍ പങ്കെടുത്തു.