Connect with us

Kozhikode

എല്‍ എസ് എസ് പരീക്ഷയിലെ ക്രമക്കേട് അന്വേഷിക്കാന്‍ ഉത്തരവ്

Published

|

Last Updated

sslc plustwoവണ്ടൂര്‍: കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നേടികൊടുക്കാന്‍ എല്‍ എസ് എസ് പരീക്ഷയില്‍ അധ്യാപകര്‍ കൃത്രിമം കാണിച്ചത് അന്വേഷിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിട്ടു. ഇന്നലെ പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്.

വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലയിലെ കാളികാവ് ബസാര്‍ യു പി സ്‌കൂളില്‍ നടത്തിയ പരീക്ഷയിലാണ് വിദ്യാര്‍ഥികളുടെ ഉത്തരത്തിന് പകരം അധ്യാപകര്‍ ഉത്തരമെഴുതി ക്രമക്കേട് നടത്തിയതായി കണ്ടെത്തിയത്. വണ്ടൂരിലെ ഒരു സ്‌കൂള്‍ അധ്യാപകന്‍ വിവരാവകാശ അപേക്ഷയിലൂടെയാണ് തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. എല്‍ എസ് എസ് സ്‌കോളര്‍ഷിപ്പ് പരീക്ഷ എഴുതിയ കുട്ടികളുടെ ഉത്തര കടലാസുകളിലെല്ലാം അധ്യാപകരുടെ വ്യാപക തിരുത്തലുകളാണ് കണ്ടെത്തിയത്. കുട്ടികള്‍ പെന്‍സില്‍ കൊണ്ട് എഴുതിയ മാര്‍ക്കുകള്‍ മായ്ച്ചുകളഞ്ഞ ശേഷം തിരുത്തി എഴുതിയ നിലയിലാണ് ഉത്തരപേപ്പറില്‍ കണ്ടത്. കുട്ടികളുടെ കയ്യക്ഷരത്തേക്കാള്‍ മികച്ച കയ്യക്ഷരവും ഈ ഉത്തരപേപ്പറില്‍ കാണാന്‍ സാധിക്കും. ഇത് സംബന്ധിച്ച് ഇന്നലെ സിറാജ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.
പത്രവാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ട പൊതുവിദ്യാഭ്യാസ ഡയറകടര്‍ സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിടുകയായിരുന്നു. ഇത് സംബന്ധിച്ച അറിയിപ്പ് ഇന്നലെ വണ്ടൂര്‍ ഉപജില്ലാ ഓഫീസര്‍ക്ക് ലഭിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ തിരുവനന്തപുരത്ത് നിന്നുള്ള ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം സംഘം നാളെ വണ്ടൂരിലെത്തും. സ്‌കൂളുകളുടെ അക്കാദമിക് മികവ് തെളിയിക്കാനായി എല്‍ എസ് എസ്, യു എസ് എസ് പരീക്ഷകളുടെ വിജയത്തെയാണ് പല സ്‌കൂളുകളും ഉയര്‍ത്തി കാണിക്കാറുള്ളത്. ഇതില്‍ പല സ്‌കൂളുകളും കള്ളത്തരം കാണിക്കുകയാണെന്ന ആരോപണവും ഇതോടെ ശക്തമായി.