Connect with us

Articles

ചെങ്കോട്ടയിലെ''ഞാന്‍'

Published

|

Last Updated

രാജ്യത്തിന്റെ പ്രധാനമന്ത്രി, സ്വാതന്ത്ര്യ ദിനത്തില്‍ നടത്തുന്ന പ്രഭാഷണം ആത്മാര്‍ഥതയില്ലാത്ത വാഗ്‌ധോരണിയോ ആവര്‍ത്തിക്കപ്പെടുന്ന പ്രഖ്യാപനങ്ങളുടെ ഘോഷയാത്രയോ ആകാറാണ് പതിവ്. സ്വാതന്ത്ര്യത്തിനായി ത്യാഗങ്ങള്‍ ചെയ്തവരെക്കുറിച്ചുള്ള ഓര്‍മ പുതുക്കല്‍, സ്വാതന്ത്ര്യവും പരമാധികാരവും സംരക്ഷിക്കുന്നതിനും ഐക്യവും അഖണ്ഡതയും ഊട്ടിയുറപ്പിക്കുന്നതിനും വേണ്ടി ഏക മനസ്സോടെ നില്‍ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ആഹ്വാനം എന്നിവ ഇത്തരം പ്രസംഗങ്ങളുടെ ഒഴിച്ചുകൂടാനാകാത്ത ഘടകങ്ങളാണ്. ഓര്‍മ പുതുക്കലും ആഹ്വാനവുമുണര്‍ത്തുന്ന വികാരങ്ങള്‍ക്കപ്പുറത്ത്, പ്രസംഗത്തിന്റെ അന്തഃസത്ത ഉള്‍ക്കൊള്ളപ്പെടാറുണ്ടോ എന്നത് തര്‍ക്കവിഷയമാണ്. അന്തഃസത്ത ഉള്‍ക്കൊള്ളപ്പെടണമെന്ന നിര്‍ബന്ധം, പ്രസംഗം തയ്യാറാക്കുന്നവര്‍ക്കോ അത് അവതരിപ്പിക്കുന്നവര്‍ക്കോ ഉണ്ടോ എന്നതും. വാക്കുകള്‍ പ്രയോഗത്തിലേക്ക് എത്താറുണ്ടോ എന്ന് ചിന്തിക്കാനൊന്നും മിനക്കെടാതെ 100 കോടി ജനം (ബാക്കി കോടികള്‍ക്ക് അങ്ങനെ ചിന്തിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല) ജീവിതദുരിതം ലഘൂകരിക്കാനുള്ള യത്‌നത്തില്‍ മുഴുകുകയാണ് പതിവ്.
രാജാധികാരത്തിന്റെ അവശിഷ്ടമായ ചെങ്കോട്ടയില്‍, സ്വാതന്ത്ര്യ ദിന പ്രഭാഷണം നടത്തിയവരൊക്കെ, എഴുതിത്തയ്യാറാക്കിയ പ്രസംഗം വായിച്ചു തീര്‍ക്കുകയാണ് പതിവ്. പ്രധാനമന്ത്രി എന്ന നിലക്കുള്ള അവകാശാധികാരങ്ങളുടെ പ്രകടനമായി ഈ പ്രഭാഷണം പൂര്‍ത്തിയാക്കുമ്പോള്‍ പോലും, പരമാധികാരിയാണെന്ന തോന്നല്‍ ജനമനസ്സില്‍ സ്ഥാപിച്ചെടുക്കാന്‍ ബോധപൂര്‍വം അവരൊന്നും ശ്രമിച്ചിരുന്നില്ല. അത്തരം ശ്രമങ്ങള്‍ക്ക് പാകത്തിലായിരുന്നുമില്ല, (533ല്‍ 414 സീറ്റ് നേടി രാജീവ് ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയ കാലത്തു പോലും) ഇക്കാലമത്രയും രാജ്യത്തെ രാഷ്ട്രീയ സാഹചര്യം. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഏകാധിപതിയെന്ന ദുഷ്‌പേര് സമ്പാദിച്ച ഇന്ദിരാ ഗാന്ധി പോലും അതിന് ശ്രമിച്ചതായി തോന്നുന്നില്ല. നേടിയെടുത്ത സ്വാതന്ത്ര്യം യഥാര്‍ഥ സ്വാതന്ത്ര്യമാകണമെങ്കില്‍ ജനങ്ങളുടെ ജീവിത നിലവാരത്തില്‍ “നാം” വരുത്തേണ്ട മാറ്റത്തെക്കുറിച്ചാണ് 1976ലെ സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ ഇന്ദിര പറഞ്ഞത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന സ്വാതന്ത്ര്യ ദിന പ്രഭാഷണത്തെക്കുറിച്ച് വളരെ നേരത്തെ തന്നെ ഊഹങ്ങളും അഭ്യൂഹങ്ങളും വാര്‍ത്തകളായി എത്തിയിരുന്നു. സ്വാതന്ത്ര്യ ദിന പ്രഭാഷണത്തില്‍ ഉള്‍പ്പെടുത്താന്‍ പാകത്തില്‍, സര്‍ക്കാറിന്റെ പ്രഖ്യാപനങ്ങള്‍ പ്രവൃത്തിപഥത്തിലെത്തിക്കാന്‍ വിവിധ മന്ത്രാലയങ്ങള്‍ക്ക് പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയെന്നുവരെയായിരുന്നു വാര്‍ത്തകള്‍. മോദി ഏത് വേഷത്തിലെത്തും? എന്തൊക്കെ പ്രഖ്യാപനങ്ങള്‍ നടത്തും? സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് വേഗം കൂട്ടാന്‍ പാകത്തിലുള്ള പ്രഖ്യാപനങ്ങളുണ്ടാകുമോ? എന്നിങ്ങനെ പല ചോദ്യങ്ങള്‍ക്കും മറുപടികളായി വാര്‍ത്തകള്‍ പാറി നടന്നു. പതിവു രീതികളെയാകെ മാറ്റിമറിച്ചുള്ളതായിരുന്നു പ്രഭാഷണമെന്നതാണ് ചെങ്കോട്ടയിലെ “ഇവന്റി”ന് ശേഷം കാറ്റ് പിടിക്കുന്ന വിശകലനം. എഴുതി വായിക്കുന്ന രീതി ഒഴിവാക്കി, സ്വതസിദ്ധമായ ശൈലിയില്‍ തട്ടും തടവുമില്ലാതെ പ്രസംഗിച്ചുവെന്നതാണ് മാറ്റങ്ങളിലൊന്ന്. ജാതീയതയുടെയും വര്‍ഗീയതയുടെയും പ്രാദേശികതയുടെയും വിഷം ഇല്ലാതാക്കണമെന്നതില്‍ തുടങ്ങി, ഇന്ത്യ നിര്‍മാണ കേന്ദ്രമാകണമെന്നും അതിനുള്ള മനുഷ്യവിഭവശേഷി വര്‍ധിപ്പിക്കണമെന്നതുമടക്കം രാഷ്ട്ര പുരോഗതി ലാക്കാക്കിയുള്ള ഉദ്‌ബോധനങ്ങള്‍ ഏറെ സവിശേഷമായിരുന്നുവെന്നതാണ് രണ്ടാമത്തേത്. “നീ എവിടെപ്പോകുന്നു? നിന്റെ കൂട്ടുകാരാരൊക്കെ?” എന്ന് പെണ്‍മക്കളോട് ചോദിക്കുന്ന മാതാപിതാക്കള്‍ ആണ്‍കുട്ടികളോട് ഇങ്ങനെ ചോദിക്കുന്നുണ്ടോ എന്ന ചോദ്യവും അങ്ങനെയുള്ള ചോദ്യങ്ങളുണ്ടായാല്‍ ബലാത്സംഗങ്ങള്‍ നിയന്ത്രിക്കാനാകുമെന്ന ഉപദേശവും പ്രകീര്‍ത്തിക്കപ്പെടുന്നു.
ഇത്തരം പരാമര്‍ശങ്ങള്‍ നടത്താന്‍ മോദിയെത്തിയ വേഷം ആദ്യം പരിശോധിക്കണം. പ്രത്യേകം രൂപകല്‍പ്പന ചെയ്ത ബന്ധിനി കൊണ്ടൊരു തലപ്പാവ്. മേല്‍ക്കുപ്പായമായി ബന്ധ്ഗല. കീഴ്ക്കുപ്പായമായി ചുരിദാര്‍. ഇതിനോട് ചേര്‍ന്നു നില്‍ക്കുന്ന തുകല്‍ച്ചെരുപ്പ്. സമുദായ മഹിമ വെളിപ്പെടുത്താന്‍ കൂടി ലക്ഷ്യമിട്ടാണ് രാജസ്ഥാനിലും ഗുജറാത്തിലും ബന്ധിനി കൊണ്ടുള്ള തലപ്പാവ് ഉപയോഗിച്ചിരു(രിക്കു)ന്നത്. സമുദായ മഹിമ അധികാരം നിര്‍ണയിച്ചിരുന്ന കാലത്ത് രാജസ്ഥാനിലെ രാജ കുടുംബാംഗങ്ങള്‍ വിശേഷാവസരങ്ങളില്‍ ഉപയോഗിച്ചിരുന്നതും ബന്ധിനി തലപ്പാവുകളാണ്. പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള പ്രചാരണ യാത്രയിലാകെ മോദി, പ്രസരിപ്പിച്ചിരുന്ന സര്‍വാധികാര വാഞ്ഛയുടെ പ്രകടനം ഈ തലപ്പാവടക്കമുള്ള വേഷവിധാനത്തിലുണ്ടായിരുന്നു. പ്രചാരണ യോഗങ്ങളിലെ അംഗവിക്ഷേപങ്ങള്‍, ഈ വേഷത്തില്‍ ആവര്‍ത്തിക്കപ്പെട്ടപ്പോള്‍ അത് അധികാര സ്ഥാപനത്തിന്റെ ലക്ഷണം കൂടിയായി. എല്ലാ ജില്ലകളിലും മാതൃകാ ഗ്രാമങ്ങള്‍ സ്ഥാപിക്കാനുള്ള ആഹ്വാനത്തിനിടെ, പ്രധാനമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു – “”2019ല്‍ ഞാന്‍ തിരഞ്ഞെടുപ്പിനെ നേരിടും. അതിനടുത്ത അഞ്ച് വര്‍ഷങ്ങളില്‍ കൂടുതല്‍ മാതൃകാ ഗ്രാമങ്ങളുണ്ടാകണം…””(സംശയമുള്ളവര്‍ക്ക് പ്രസംഗത്തിന്റെ റെക്കോര്‍ഡ് പരിശോധിക്കാവുന്നതാണ്) ഇതേ “ഞാന്‍” തന്നെയാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളമുണ്ടായിരുന്നത്. കിരീടധാരണം കഴിഞ്ഞ “ഞാനാ”ണെന്ന് വേഷവിധാനത്തിലൂടെ രാജ്യത്തെ ബോധ്യപ്പെടുത്തുകയായിരുന്നു ചെങ്കോട്ടയില്‍. പാര്‍ട്ടിയെയും അതിന്റെ പ്രതിനിധികളായി ലോക്‌സഭയിലെത്തിയവരെയും ഇക്കാര്യം നേരത്തെ തന്നെ ബോധ്യപ്പെടുത്തിക്കഴിഞ്ഞതാണ്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ബി ജെ പി. എം പിമാരുടെ യോഗങ്ങള്‍ വിളിച്ച, പ്രധാനമന്ത്രി തീര്‍ത്തും ഏകപക്ഷീയമായാണ് പെരുമാറിയതെന്ന് പേര് വെളിപ്പെടുത്താതെ മാധ്യമങ്ങളോട് പറഞ്ഞത് എം പിമാര്‍ തന്നെയാണ്.
ഇന്ത്യ നിര്‍മാണ കേന്ദ്രമാകണം, അതിന് പാകത്തില്‍ മനുഷ്യ വിഭവ ശേഷി വികസിപ്പിക്കണമെന്ന പ്രഖ്യാപനം യഥാര്‍ഥത്തില്‍ പുതുമയില്ലാത്തതാണ്. രണ്ടാം യു പി എ സര്‍ക്കാറില്‍ ധനമന്ത്രി പി ചിദംബരം അവതരിപ്പിച്ച അവസാന രണ്ട് ബജറ്റുകളെടുത്താല്‍ മനുഷ്യ വിഭവ ശേഷിയുടെ വികസനത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കുന്നതിനായി പരിശീലന കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനെക്കുറിച്ചും അതിന് നീക്കിവെക്കുന്ന തുകയെക്കുറിച്ചും പ്രഖ്യാപനങ്ങളുണ്ട്. പ്രകൃതി വിഭവങ്ങളുടെ പരമാവധി ചൂഷണം ഉറപ്പാക്കി, വ്യാവസായിക വളര്‍ച്ചയും മൊത്ത ആഭ്യന്തര ഉത്പാദനത്തിലുള്ള മുന്നോട്ടുപോക്കും സാധ്യമാക്കുക എന്നത് കാലങ്ങളായി സര്‍ക്കാറുകള്‍ പിന്തുടരുന്ന നയമാണ്. അതിന് വേണ്ടിയാണ് വിദേശ മൂലധനത്തെ ആകര്‍ഷിക്കാന്‍ പാകത്തില്‍ തൊഴില്‍, പരിസ്ഥിതി, നിര്‍മാണ നിയമങ്ങളിലൊക്കെ മാറ്റങ്ങള്‍ വരുത്തിയത്, ഇപ്പോഴും വരുത്തിക്കൊണ്ടേയിരിക്കുന്നത്. യു പി എ സര്‍ക്കാറിന്റെ കാലത്തെ വലിയ അഴിമതിയായി വിശേഷിപ്പിക്കപ്പെടുന്ന കല്‍ക്കരി ഖനികളുടെ പാട്ടം, ഈ കാഴ്ചപ്പാടിന്റെ നടപ്പാക്കലിന്റെ ഉപോത്പന്നം മാത്രം. രണ്ടാം തലമുറ മൊബൈല്‍ സേവനങ്ങള്‍ക്കുള്ള സ്‌പെക്ട്രം അനുവദിച്ചതിലെ അഴിമതിയും ഇതേ കാഴ്ചപ്പാടിന്റെ ഉപോത്പന്നമാണ്. അദാനിക്കും അംബാനിക്കുമൊക്കെ അനര്‍ഹമായ ലാഭമുണ്ടാക്കാന്‍ പാകത്തില്‍ ഭൂമിയും വിഭവങ്ങളും കൈമാറ്റം ചെയ്തു, മോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്ത് സര്‍ക്കാര്‍ എന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടിയതിന്റെ കാരണവും മറ്റൊരു നയമല്ല.
പ്രധാനമന്ത്രിയായി ചുമതലയേറ്റ “ഞാന്‍” ഡല്‍ഹിയില്‍ പല സര്‍ക്കാറുകളെ കണ്ടുവെന്നും ആ രീതി ഒഴിവാക്കാന്‍ ശ്രമിച്ചുവരികയാണെന്നും പ്രഭാഷണത്തില്‍ മോദി പറയുന്നുണ്ട്. വികേന്ദ്രീകരണത്തിന്റെ ഭാഗമായി അധികാരങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുകയും തീരുമാനങ്ങള്‍ വിവിധ തലങ്ങളില്‍ ഉണ്ടാകുകയും ചെയ്യുക എന്നത് ജനായത്ത സമ്പ്രദായത്തിന്റെ ആരോഗ്യകരമായ വളര്‍ച്ചയുടെ ഭാഗമായി കാണാന്‍ സാധിക്കുന്നില്ല പുതിയ ഭരണാധികാരിക്ക് എന്നതിന് ഈ പ്രസ്താവനക്കപ്പുറം തെളിവ് ആവശ്യമില്ല. അത്തരമൊരു സംവിധാനത്തെ അംഗീകരിക്കാന്‍ തനിക്ക് സാധിക്കുന്നില്ല എന്ന് തുറന്നു പറയുമ്പോള്‍, മന്ത്രിസഭയില്‍ ആലോചിക്കാതെ തീരുമാനങ്ങളെടുത്ത് നടപ്പാക്കിയ, നിയമസഭ പേരിന് മാത്രം വിളിച്ചു കൂട്ടി പ്രഹസനമാക്കിയ, ഗുജറാത്തിലെ മാതൃകയാണ് തനിക്ക് സ്വീകാര്യം എന്ന് കൂടി വ്യക്തമാക്കുകയാണ് മോദി.
ജനങ്ങള്‍ ജീവിതത്തിലെടുക്കുന്ന ഓരോ ചുവടും രാജ്യത്തിന്റെ താത്പര്യത്തിന് വേണ്ടിയാകണമെന്ന ആഹ്വാനവും സ്വാതന്ത്ര്യ ദിന പ്രഭാഷണത്തിലുണ്ട്. രാജ്യത്തിന്റെ താത്പര്യമെന്നാല്‍ രാജ്യം ഭരിക്കുന്നവരുടെ താത്പര്യമെന്ന് മാത്രമാണ് അര്‍ഥം. ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് നരേന്ദ്ര മോദിയുടെ താത്പര്യമോ മോദിയുടെ കാഴ്ചപ്പാടിനനുസരിച്ച് രൂപം കൊള്ളുന്ന ബി ജെ പി താത്പര്യമോ മാത്രമാണ്. അതുള്‍ക്കൊണ്ടുകൊണ്ടാണ് ബി ജെ പിയുടെ പ്രത്യയശാസ്ത്രത്തിന് രാജ്യത്ത് മേല്‍ക്കൈ ലഭിക്കുന്ന സാഹചര്യം സൃഷ്ടിക്കണമെന്ന് അമിത് ഷാ കഴിഞ്ഞ ദിവസം പറഞ്ഞത്. രാജ്യ താത്പര്യമെന്ന പേരില്‍ ഭരിക്കുന്നവര്‍ മുന്നോട്ടുവെക്കുന്ന ഓരോ ചുവടും ജനങ്ങളുടെ താത്പര്യത്തെ ഏത് വിധത്തിലാണ് ബാധിക്കുന്നത് എന്ന് ആലോചിക്കേണ്ട ആവശ്യമുണ്ടോ? അതേക്കുറിച്ചൊന്നും പ്രധാനമന്ത്രിയുടെ പ്രസംഗത്തിലില്ല. രാജാവെടുക്കുന്ന തീരുമാനങ്ങള്‍ പ്രജകള്‍ സ്വീകരിക്കുക, അതിനനുസരിച്ചുള്ള ജീവിതം രാജാവിന്റെ താത്പര്യങ്ങളെ ഹനിക്കുന്നതാകുന്നില്ല എന്ന് ഉറപ്പാക്കുകയും ചെയ്യുക. “ഞാന്‍” വിഭാവനം ചെയ്യുന്ന രാജ്യം ഈ വിധത്തിലാകണമെന്നാണ് വാക്കുകളിലൂടെയും വേഷത്തിലുടെയും മോദി ജനങ്ങളെ അറിയിക്കുന്നത്.
വിഭവങ്ങളുടെ പരമാവധി ചൂഷണത്തിന് നടപടിയെടുക്കുമ്പോള്‍ എതിര്‍പ്പുകളുണ്ടാകരുത്. അടിസ്ഥാന സൗകര്യ വികസനം ലാക്കാക്കി വന്‍കിട പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ നഷ്ടപ്പെടുന്ന ഭൂമിയെച്ചൊല്ലി പരാതികളുന്നയിക്കുകയോ പ്രക്ഷോഭത്തിനൊരുങ്ങുകയോ ചെയ്യരുത്. ഇവിടെയൊക്കെ രാജ്യ താത്പര്യമാണ് മുന്നില്‍ നില്‍ക്കേണ്ടത്. കല്‍ക്കരിപ്പാടങ്ങള്‍ക്കായി ഇതിനകം കുടിയൊഴിപ്പിക്കപ്പെട്ട ആദിവാസികളുടെയോ ഇനി കുടിയൊഴിപ്പിക്കപ്പെടാന്‍ പോകുന്ന ആദിവാസികളുടെയോ അവസ്ഥയേക്കാള്‍ പ്രധാനമാണ് രാജ്യ താത്പര്യം. അവരുടെ അവസ്ഥയില്‍ പ്രതികരിക്കാന്‍ ഉദ്ദേശിക്കുന്നവര്‍, അത് രാജ്യ താത്പര്യവുമായി ഉതകുന്നതാണോ എന്ന് ആലോചിക്കണം. ഈ മുന്നറിയിപ്പ്, വരികള്‍ക്കിടയിലുണ്ട് എന്നതു കൊണ്ടു തന്നെ ഈ സ്വാതന്ത്ര്യ ദിന പ്രഭാഷണങ്ങളിലെ വാക്കുകള്‍ പ്രയോഗത്തിലാക്കാനുള്ളതാണ്. ആ തിരിച്ചറിവുള്ളതിനാല്‍ മോദിയുടെ സ്വാതന്ത്ര്യ ദിന പ്രഭാഷണം പതിവ് രീതിയില്‍ നിന്ന് മാറിയുള്ളതാണെന്ന് സമ്മതിക്കേണ്ടി വരും.
ജാതീയതയുടെയും വര്‍ഗീയതയുടെയും പ്രാദേശികതയുടെയും വിഷം വമിപ്പിച്ചതുകൊണ്ട് ആരെന്ത് നേടി എന്ന പ്രഭാഷണത്തിലെ ചോദ്യത്തിനുള്ള ആദ്യ ഉത്തരം ചെങ്കോട്ടക്കു മേല്‍ തലപ്പാവണിഞ്ഞു നിന്ന പ്രധാനമന്ത്രി തന്നെയാണ്. ഭൂരിപക്ഷ വികാരം ഒഴുകിപ്പോകാന്‍ വഴിയൊരുക്കണമെന്നും മുസ്‌ലിംകളെ പാഠം പഠിപ്പിക്കണമെന്നും ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ പറഞ്ഞപ്പോള്‍ മോദി ഉപയോഗിച്ച വിഷം തന്നെയാണ് ന്യൂനപക്ഷങ്ങളുടെ പിന്തുണയില്ലാതെ സര്‍ക്കാറുണ്ടായതിനാല്‍, ഭൂരിപക്ഷങ്ങളുടെ ഇംഗിതം മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ ന്യൂനപക്ഷങ്ങള്‍ തയ്യാറാകണമെന്ന് പറയുമ്പോള്‍ അശോക് സിംഘാളിനെപ്പോലുള്ളവര്‍ ഇപ്പോള്‍ പ്രയോഗിക്കുന്നത്. ആ വിഷം തുടര്‍ന്നും ഉപയോഗിക്കാന്‍ തീരുമാനിച്ചതിന്റെ ലക്ഷണങ്ങള്‍ ഉത്തര്‍ പ്രദേശിലുള്‍പ്പെടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലുമുണ്ടാകുമ്പോള്‍, സ്വാതന്ത്ര്യ ദിന പ്രഭാഷണത്തിലെ വിഷ പരാമര്‍ശം സംഘ് പരിവാരം നിര്‍വചിക്കുന്ന ഭൂരിപക്ഷത്തിന് പുറത്തുള്ളവരെ ലാക്കാക്കിയുള്ളതാണ്. രാജ്യ താത്പര്യത്തെ “ഹനിക്കുന്ന” വിഷത്തെ തിരിച്ചറിയാനുള്ള ആഹ്വാനമാണ്.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest