Connect with us

International

ഇറാഖില്‍ മൂന്ന് നഗരങ്ങള്‍ കുര്‍ദുകള്‍ തിരിച്ചുപിടിച്ചു

Published

|

Last Updated

ബഗ്ദാദ്: ഇറാഖില്‍ ഐക്യ സര്‍ക്കാറിനായി രാഷ്ട്രീയ ചര്‍ച്ചകള്‍ ഊര്‍ജിതമാക്കുന്നതിനിടെ സംഘര്‍ഷം രൂക്ഷമാകുന്നു. കുര്‍ദ് പ്രദേശങ്ങളില്‍ ആധിപത്യമുറപ്പിക്കാനന്‍ ശ്രമിക്കുന്ന ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് ലെവന്ത് (ഇസില്‍) സായുധ സംഘത്തെ കുര്‍ദ് സൈനികര്‍ ശക്തമായി പ്രതിരോധിക്കുകയാണ്. ഇസില്‍ സംഘം പിടിച്ചെടുത്ത മൂന്ന് നഗരങ്ങള്‍ കുര്‍ദ് സേനയായ പെഷ്‌മെര്‍ഗ തിരിച്ചു പിടിച്ചു. ഇസിലിന്റെ നിയന്ത്രണത്തിലുള്ള മൂസ്വില്‍ ഡാം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കിയതിനിടെയാണ് നഗരങ്ങള്‍ തിരിച്ചുപിടിച്ചത്. ഇസില്‍ ശക്തികേന്ദ്രങ്ങളില്‍ യു എസും കുര്‍ദ് സൈന്യവും സംയുക്തമായാണ് ആക്രമണം നടത്തുന്നത്. മൂസ്വില്‍ ഡാമിന് പതിനഞ്ച് കിലോമീറ്റര്‍ അകലെയുള്ള തെല്‍സ്ഖഫ് നഗരമാണ് കുര്‍ദ് സേന അവസാനം പിടിച്ചെടുത്തത്.
ശരഫിയ, ബത്‌നയ എന്നിവയാണ് കുര്‍ദ് സൈന്യം തിരിച്ചെടുത്ത മറ്റ് നഗരങ്ങള്‍. മൂസ്വില്‍ ഡാം പിടിച്ചെടുക്കുന്നതിനായി കുര്‍ദ് സൈന്യം വന്‍ മുന്നേറ്റമാണ് നടത്തുന്നത്. യു എസ് നടത്തുന്ന വ്യോമാക്രമണം ശക്തമാക്കിയതോടെ ഇസില്‍ പിന്മാറിത്തുടങ്ങിയിട്ടുണ്ട്. അതിനിടെ, മൂസ്വിലിന് പുറമെ കുര്‍ദ് സ്വയംഭരണ പ്രദേശത്തിന്റെ തലസ്ഥാനമായ ഇര്‍ബിലിലും യു എസ് വ്യോമാക്രമണം നടത്തുന്നുണ്ട്. ടൈഗ്രിസ് നദിയില്‍ നിര്‍മിച്ച മൂസ്വില്‍ ഡാമില്‍ നിന്നാണ് വടക്കന്‍ ഇറാഖിലേക്ക് വേണ്ട വൈദ്യുതിയുടെ ഭൂരിഭാഗവും ഉത്പാദിപ്പിക്കുന്നത്. ഈ മാസം ആദ്യമാണ് ഇത് ഇസില്‍ നിയന്ത്രണത്തിലായത്. പ്രദേശത്തുള്ള നഗരങ്ങളില്‍ വെള്ളപ്പൊക്കം ഉണ്ടാക്കുന്നതിനും വൈദ്യുതി ഇല്ലാതാക്കാനും ഡാമിന്റെ നിയന്ത്രണം കൈവശപ്പെടുത്തിയ ഇസില്‍ സംഘത്തിന് സാധിക്കും.
അതിനിടെ, ഇസില്‍ സംഘത്തെ തകര്‍ക്കാന്‍ നയതന്ത്ര, സൈനിക ശക്തി ഉപയോഗിക്കണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ അഭിപ്രായപ്പെട്ടു. നൂരി മാലിക്കിയെ മാറ്റി യു എസിന്റെ ആശിര്‍വാദത്തോടെ അവരോധിച്ച പുതിയ പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി സര്‍ക്കാറുണ്ടാക്കാനുള്ള ചര്‍ച്ചകള്‍ ഊര്‍ജിതമാക്കി. തങ്ങളോടുള്ള വിവേചനം അവസാനിപ്പിച്ചാല്‍ പിന്തുണക്കാമെന്ന് സുന്നി ബ്ലോക്കുകള്‍ അറിയിച്ചിട്ടുണ്ട്.