Connect with us

Malappuram

ചരിത്രത്തെ വളച്ചൊടിക്കുന്നത് അപരാധം: മഞ്ഞളാംകുഴി അലി

Published

|

Last Updated

മലപ്പുറം: ചരിത്രത്തെ വളച്ചൊടിക്കുന്നത് വന്‍ അപരാധമാണെന്നും ദേശീയതലത്തില്‍ ഇതിനുള്ള ശ്രമം നടക്കുന്നതായും മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു. കെ എം സി സി യാമ്പു കമ്മിറ്റി പുറത്തിറക്കുന്ന “1921 മലബാര്‍ സമരം” പുസ്തകപ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതനിരോധനത്തെക്കാളും കലാപങ്ങളേക്കാളും കൊടുംപാതകമായിത്തീരുന്നത് ചരിത്രത്തെ വളച്ചൊടിക്കലാണ്. ചരിത്രത്തിന്റെ പേരില്‍ പാഠപുസ്തകങ്ങളില്‍പോലും അബദ്ധങ്ങള്‍ തിരുകിക്കയറ്റുന്നു. സ്വാതന്ത്ര്യസമരകാലത്ത് നടന്ന മലബാറിലെ സമരങ്ങളെ മതഭ്രാന്തന്മാരുടെ സമരങ്ങളായാണ് വളച്ചൊടിച്ചത്. നൂറുകണക്കിന് പേര്‍ രക്തസാക്ഷികളായ പൂക്കോട്ടൂര്‍ യുദ്ധവും മറ്റും ഇന്നും വേണ്ടവിധം ചര്‍ച്ചചെയ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് നടന്ന പരിപാടിയില്‍ 1921 എന്ന സിനിമയുടെ നിര്‍മാതാവ് മണ്ണില്‍ മുഹമ്മദിന് പുസ്തകം കൈമാറി നടന്‍ മധു പ്രകാശനം നിര്‍വഹിച്ചു. കെ.പി.എ കരീം അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ എം.പി അബ്ദുസ്സമദ് സമദാനി , പി ഉബൈദുല്ല, ജില്ലാ പഞ്ചായത്തംഗം ഉമ്മര്‍ അറക്കല്‍, അബ്ദുല്‍കരീം, മാലിക് മഖ്ബൂല്‍, പി അബ്ദുല്‍ഹമീദ്, കെ പി മുഹമ്മദ്കുട്ടി, ആബിദ് ഹുസൈന്‍, നൗഷാദ് മണ്ണിശ്ശേരി, ഇ സാദിഖലി, നാസര്‍ നടുവില്‍ പ്രസംഗിച്ചു.